Thursday 22 August 2019 05:58 PM IST : By സ്വന്തം ലേഖകൻ

നിയമം തെറ്റിക്കുന്നവർക്ക് രോഗികളെ പരിചരിക്കാം! എല്‍ദോയുടെ മാതൃകാ ശിക്ഷ ഇനി മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലും

traffix

ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരെ നേർവഴിക്കാക്കാൻ എറണാകുളത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടപ്പാക്കിയ പുത്തൻ ആശയം ഹിറ്റ്. ഈ മാതൃകാശിക്ഷ ഇനി മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലും ഇടംനേടും.

റോഡില്‍ നിയമം പാലിക്കാത്തവരെ ആശുപത്രിയില്‍ രോഗീപരിചരണത്തിനായി നിയോഗിച്ചുകൊണ്ടുള്ള സേവനശിക്ഷകളാണ് സ്ക്വാഡിലെ എല്‍ദോ വര്‍ഗീസ് നടപ്പാക്കി വിജയിച്ചത്. ഈ ആശയമാണ് ഇനി നിയമപുസ്തകത്തിലും ഉള്‍പ്പെടുത്തുക. കേരളം മുന്നോട്ടുവെച്ച നിര്‍ദേശം കേന്ദ്ര മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ അതോറിറ്റിയും അംഗീകരിച്ചു.

അതിവേഗത്തിനും മറ്റും പിടിവീഴുമ്പോൾ, എത്രയാണ് പിഴ എന്ന ഭാവത്തിലാണ് പലരുടെയും പ്രതികരണം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ രീതി പരീക്ഷിക്കാന്‍ എല്‍ദോ തയാറായത്.

അവരെ അപകടത്തിലും മറ്റും പരിക്കേറ്റവരെ പരിചരിക്കാന്‍ വിട്ടുകൊണ്ടുള്ള പരീക്ഷണം ഫലം കാണുമോ എന്നായി ചിന്ത. എറണാകുളം ജനറല്‍ ആശുപത്രി അധികൃതരുമായി ആശയത്തെക്കുറിച്ചു സംസാരിച്ചു. പ്രതികരണം അനൂകൂലമായിരുന്നു. അപകടങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ കാണുന്നതും പരിചരിക്കുന്നതും നിയമലംഘകരുടെ മനസ്സ് മാറ്റുമെന്നാണ് നിഗമനം.

ലൈസന്‍സ് റദ്ദാക്കേണ്ട കുറ്റംചെയ്തവരെ ജില്ലാ ആശുപത്രിയില്‍ സേവനത്തിനായി വിട്ടു. ഒരുദിവസം മുതല്‍ ഒരാഴ്ചവരെയുള്ള സേവനമാണ് നിര്‍ദേശിച്ചതെങ്കിലും നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ആരേയും നിര്‍ബന്ധിച്ചില്ല.

പക്ഷെ, ഈ മാതൃകാശിക്ഷ വലിയ വിജയം നേടി. ഇതിനോടകം മുന്നൂറിലധികം പേരെ ജില്ലാ ആശുപത്രിയില്‍ സേവനപ്രവര്‍ത്തനത്തിനായി വിട്ടുവെന്ന് എല്‍ദോ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു പരീക്ഷണം.