Monday 20 September 2021 11:33 AM IST : By സ്വന്തം ലേഖകൻ

‘50 രൂപയുടെ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നതിലും ലാഭം 30 രൂപയുടെ യാത്രാ ടിക്കറ്റ് എടുക്കുന്നത്’; യാത്രക്കാർ പറയുന്നു

kozhhiiplattt

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! അൽപസമയം മുൻപ് 4 പ്ലാറ്റ്ഫോം ടിക്കറ്റുകൾ എടുത്ത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചയാൾ ഉടൻ തിരിച്ചെത്തി, കൗണ്ടറിൽ 160 രൂപ കൂടി അടയ്ക്കണം–’’ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം മുഴങ്ങിയ അനൗൺസ്മെന്റ് ആണിത്. പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് 10 രൂപയിൽ നിന്ന് 50 ആക്കിയപ്പോഴാണ് ടിക്കറ്റ് കൊടുത്തയാൾ പ്രതിസന്ധിയിലായത്.

വൈകിട്ട് ആറിന് നിരക്ക് വർധിപ്പിച്ചത് അറിയാതെയാണ് 4 പ്ലാറ്റ് ഫോം ടിക്കറ്റിന് 40 രൂപ ഈടാക്കിയത്. 200 രൂപയായിരുന്നു ഈടാക്കേണ്ടിയിരുന്നത്. 160 രൂപ ജീവനക്കാരന്റെ പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും എന്ന നില വന്നപ്പോഴാണ് അനൗൺസ് ചെയ്ത് ടിക്കറ്റ് എടുത്തയാളെ തിരികെ വരുത്തിയത്. ടിക്കറ്റ് എടുത്തയാൾ മാന്യത കാട്ടിയതിനാൽ കൗണ്ടറിൽ വന്ന് ബാക്കി പണം നൽകി. ഇങ്ങനെ ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ മുഴുവൻ വെട്ടിലാക്കുകയാണ് പാലക്കാട് ഡിവിഷൻ റെയിൽവേ.

കഴിഞ്ഞ മേയ് ഒന്നിന് പ്ലാറ്റ്ഫോം ടിക്കറ്റ് 50 രൂപയാക്കി വർധിപ്പിച്ചിരുന്നു. ജൂലൈ 31 വരെ വർധന പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും ജൂലൈ ഒന്നിന് പത്തു രൂപയാക്കി കുറച്ചു. വൈകിട്ട് ആറിന് കംപ്യൂട്ടറിലെ മാറ്റം കണ്ടാണ് ജീവനക്കാർ കാര്യം അറിഞ്ഞത്. ജൂലൈ അഞ്ചിന് ഇതു വീണ്ടും 50 രൂപയാക്കി. അപ്പോഴും ജീവനക്കാർ കാര്യം അറിഞ്ഞത് സിസ്റ്റത്തിലെ മാറ്റം കണ്ടാണ്. ഓഗസ്റ്റ് ഒന്നിന് ഇതു വീണ്ടും പത്തു രൂപയാക്കി കുറച്ചു. ഓഗസ്റ്റ് 5 ആയപ്പോൾ കൂട്ടി 50 ആക്കി.

നിലവിൽ ഒക്ടോബർ 31 വരെ വർധന പ്രാബല്യത്തിൽ ഉണ്ടെങ്കിലും സിസ്റ്റത്തിൽ കണ്ണ് നട്ടിരിക്കേണ്ട ഗതികേടിലാണ് കൗണ്ടറിലെ ജീവനക്കാർ. എപ്പോഴാണ് ഈ നിരക്ക് വീണ്ടും പത്തു രൂപയാക്കി കുറയ്ക്കുന്നത് എന്ന് പിടിയില്ല. 50 രൂപയുടെ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുന്നതിലും ലാഭം യാത്രാ ടിക്കറ്റ് എടുക്കുകയാണ് എന്ന് യാത്രക്കാർ പറയുന്നു. 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ 30 രൂപയുടെ ടിക്കറ്റ് എടുത്താൽ മതി. കോഴിക്കോട് നിന്ന് ഫറോക്കിലേക്കോ കൊയിലാണ്ടിയിലേക്കോ മെമു ടിക്കറ്റ് എടുക്കുകയാണ് ലാഭമെന്ന് ജീവനക്കാരും സമ്മതിക്കുന്നുണ്ട്.

Tags:
  • Spotlight