Friday 16 September 2022 11:46 AM IST : By സ്വന്തം ലേഖകൻ

കൈ ഒടിയുമെന്ന് കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ പിടിവിട്ടില്ല; മോഷണശ്രമം പാളി, 15 കിലോമീറ്റര്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് കള്ളന്‍!

train-theftttt

പട്നയില്‍ ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും മോഷ്ടിക്കാന്‍ ശ്രമം. എന്നാല്‍ കള്ളന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് പിന്നീട് നടന്നത്. യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളനു സംഭവിച്ച കഷ്ടകാലത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കള്ളന്റെ കൈ നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമാണ് ഇയാള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ചെയ്ത തെറ്റിന് ഇയാള്‍ മാപ്പ് പറയുന്നുണ്ടായിരുന്നു. 

തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ പിടിവിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാളെ റെയില്‍വേ പൊലീസിനു കൈമാറി. പങ്കജ് കുമാന്‍ എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. 

ബിഹാറില്‍ നിന്നുള്ള ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അവിടെ ട്രെയിന്‍ ജനാലകള്‍ വഴി കവര്‍ച്ച പതിവാണ്. ഈ ട്രെയിന്‍ ബെഗുസാരായിയില്‍നിന്നു ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോള്‍ സാഹെബ്പൂര്‍ കമല്‍ സ്റ്റേഷനു സമീപമാണ് സംഭവം. 

Tags:
  • Spotlight