Saturday 07 April 2018 03:20 PM IST

സൂര്യ നിക്കാഹിന് ഒരുങ്ങുന്നു, വരൻ ആണായി മാറിയ ഇഷാന്‍! പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പുയ്യാപ്ലയെക്കുറിച്ച് വധു പറയുന്നു

Rakhi Parvathy

Sub Editor

surya1

അവൻ അവളായി, അവള്‍ അവനായി, ജീവിത യാത്രയിൽ ഇരുവരും ഒന്നായി. ഇതൊരു അപൂർവ പ്രണയകഥ. സിനിമകളിൽ പോലും കാണില്ല ഇതുപോലൊരു തീവ്രാനുരാഗം. ടെലിവിഷനിലൂടെ ഏവർക്കും സുപരിചിതയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും റിയാലിറ്റി ഷോ ആർട്ടിസ്റ്റുമായ സൂര്യയും ട്രാൻസ്മെൻ ആക്ടിവിസ്റ്റ് ഇഷാൻ കെ. ഷാനുമാണ് ഈ കഥയിലെ നായികയും നായകനും. ആണെന്ന മൂടുപടം വലിച്ചെറിഞ്ഞ് പെണ്ണായി മാറിയതാണ് സൂര്യ. ഉള്ളിൽ ഉറങ്ങിക്കിടന്ന ആണിനെ കെട്ടഴിച്ചു വിട്ടതാണ് ഇഷാൻ. ഇരുവരും ഒന്നാകുന്നത് വിധിയുടെ നിയോഗം കൂടിയാണ്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെ അടുത്ത മാസമാണ് വിവാഹം. മുസ്ലിം കുടുംബത്തിലെ അംഗമായ ഇഷാന്‍ സ്ത്രീയുടെ ഉടലില്‍ നിന്ന് പുരുഷനിലേക്ക് ശസ്ത്രക്രിയയിലൂടെ മാറിയ വ്യക്തിയാണ്. ഒരേ വിശ്വാസങ്ങളും സ്വപ്നങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആയതു കൊണ്ട് തന്നെ ഇഷാനോടൊപ്പം ജീവിക്കാന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു.

ഒരു വര്‍ഷം മുമ്പ് വരെ സൂര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ‘മൂന്നു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചു. എന്നിട്ടും പൊരുത്തക്കേടുകൾ മറനീക്കി പുറത്തുവന്നു.  തന്നെ ഒരു സ്ത്രീയായി അംഗീകരിക്കാന്‍ അദ്ദേഹത്തിനും കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു.’– ബന്ധം പിരിയാനുള്ള കാരണം സൂര്യ തന്നെ വിശദീകരിക്കുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയെങ്കിലും താനുള്‍പ്പെടെയുള്ള വിഭാഗത്തിനെ അംഗീകരിക്കാന്‍ സമൂഹത്തിനു കഴിയുന്നില്ല എന്നും സൂര്യ പറയുന്നു.

surya2
ഇഷാന്‍ കെ ഷാനൊപ്പം സൂര്യ

മൂന്നു വര്‍ഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയതാണ് ഇഷാന്‍. അനുയോജ്യയായ ഒരു വധുവിനായുള്ള ഇഷാന്റെ തിരച്ചിൽ സൂര്യയിലാണ് അവസാനിച്ചത്. രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ട്രാന്‍സ്ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. ഇരു കൂട്ടരും തമ്മില്‍ സംസാരിച്ചതിനുശേഷം ഇരുവരുടെയും വീട്ടില്‍ പറഞ്ഞ് വിവാഹമുറപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ജ്യൂസ് ഷോപ്പാണ് ഇഷാന്. മാത്രമല്ല തിരുവനന്തപുരം ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പറുമാണ് ഇഷാൻ.  

surya3
രക്ഷിതാക്കള്‍ക്കൊപ്പം ഇഷാന്‍‘മുമ്പ് തനിക്കൊപ്പം ഭര്‍ത്താവായി കരുതിയിരുന്ന ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭാര്യയാണെന്ന് മറ്റുള്ളവരോട് പറയാനോ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനോ ഒന്നും അവസരം നല്‍കിയില്ല. ഇപ്പോൾ  സ്നേഹത്തോടെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷാന്റെ കുടുംബമുള്ളതാണ് ഏറ്റവുംവലിയ സന്തോഷം.’– നിറകണ്ണുകളോട് സൂര്യ പറയുന്നു. മുസ്ലിം കുടുംബത്തിലേക്ക് വിവാഹം ചെയ്ത് പോകുന്നതറിഞ്ഞ് പലരും ചോദിച്ചു, മതം മാറിയോ എന്ന്. അതിനുള്ള സൂര്യയുടെ ഉത്തരം ഇങ്ങനെ: ഇഷാന്റെ കുടുംബം യാഥാസ്ഥിതിക ഇസ്ലാംമത വിശ്വാസികളാണ്. ഇക്കയോടൊപ്പം പോകുമ്പോൾ അവര്‍ക്ക് ചേരുന്ന വസ്ത്രം ധരിക്കും. നിസ്കരിക്കാന്‍ പഠിച്ചാല്‍ അതും ചെയ്യും. അപ്പോഴും ക്ഷേത്രത്തിൽ പോകും, അല്ലാതെ ഇപ്പോൾ മതം മാറുന്നൊന്നുമില്ല. ഭാവിയിലെ കാര്യം ഇപ്പോൾ പറയാൻ കഴിയില്ലല്ലോ? അല്ലെങ്കിലും സ്നേഹത്തിനെന്തു മതം. ഭര്‍ത്താവിന്റെ കീഴില്‍ സാധാരണ കുടുംബിനി ആകാനാണ് എന്നും ആഗ്രഹിച്ചത്.

surya4

സംസ്ഥാന സാക്ഷരത മിഷന്റെ കീഴില്‍ പത്താംക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് സൂര്യ. അവിടെ തന്നെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ് 33 വയസ്സുകാരനായ ഇഷാനും. മുപ്പതുകളിലെത്തിയെങ്കിലും നഷ്ടമായി പോയ ടീനേജ് പ്രണയവും സ്കൂള്‍ കോളജ് കാലഘട്ടവുമൊക്കെ തിരിച്ചു പിടിക്കുകയാണ് തങ്ങളിപ്പോഴെന്ന് സൂര്യ പറയുന്നു. 2014 ജൂണിലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ട്രാന്‍സ്‌ജെന്‍ഡറും സൂര്യയാണ്. മികച്ച നര്‍ത്തകിയായും പേരെടുത്തിട്ടുണ്ട്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോൾ സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ആണ്.

ഇത് ഒരു പുതിയ തുടക്കമാണ് എന്നാണ് ഇരുവരും പറയുന്നത്. കാരണം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത നിരവധി പേരുടെ ജീവിത അവകാശങ്ങളുടെ സ്വാതന്ത്ര്യങ്ങളുടെ ഒക്കെ പ്രതീകമാകുകയാണ് കേരളത്തിലെ ഈ ആദ്യ ട്രാൻസ് സെക്ഷ്വൽ– ട്രാൻസ് മെൻ ദമ്പതികൾ. തങ്ങളുടെ വിവാഹത്തിന് പൂർണ പിന്തുണയുമായി എല്ലാ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും കൂടെയുണ്ടെന്നും തന്നെ അമ്മ’ എന്നു വിളിക്കുന്ന മക്കളെ പോലെ കരുതുന്ന പതിനഞ്ചോളം ട്രാൻസ്ജെൻഡർ കുട്ടികളുടെയുമെല്ലാം സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്നും സൂര്യ പറയുന്നു.  

വിനോദത്തിനും ഷോപ്പിങ്ങിനും കുടുംബങ്ങള്‍ ഗ്ലോബല്‍ വില്ലേജ് തിരഞ്ഞെടുക്കുന്നു..