Tuesday 25 September 2018 11:25 AM IST : By സ്വന്തം ലേഖകൻ

‘ഒരു നാൾ ആ രഹസ്യം ഞാനവന്റെ അച്ഛനോട് പറയും, അദ്ദേഹം കരയുമായിരിക്കും’; സ്വവർഗാനുരാഗിയായ മകന്റെ അമ്മ പറയുന്നു

hmb

ട്രാൻസ്ജെൻഡറോ സ്വവർഗാനുരാഗിയോ ഒക്കെ ആയതിന്റെ പേരിൽ വീട്ടുകാരും നാട്ടുകാരും പടിയടച്ച് പിണ്ഡം വച്ച കുറേ ജന്മങ്ങളുണ്ട്. സമത്വമെന്തെന്നറിയാതെ, തുല്യ നീതിയും സ്വാതന്ത്ര്യവും എന്തെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്ന ചിലർ. സ്വന്തം മകനോ മകളെ സ്വവർഗാനുരാഗിയാണെന്നറിയുന്ന മാത്രയിൽ ശാപവാക്കുകൾ ചൊരിഞ്ഞ് അവരെ പുറന്തള്ളുന്ന എത്രയോ പേർ നമുക്ക് ചുറ്റും മറഞ്ഞിരിപ്പുണ്ട്. എന്നാൽ‌ അത്തരം സങ്കുചിത മനസുകൾക്ക് ജീവിതം കൊണ്ട് മറുപടി പറയുകയാണ് ഒരമ്മ.

ആറ്റുനോറ്റിരുന്ന് കിട്ടിയ ഇരട്ടക്കുട്ടികൾ. ഒരാണും, ഒരു പെണ്ണും. മക്കളുടെ വളര്‍ച്ചയുടെ ഘട്ടത്തിലാണ് അമ്മ ആ സത്യമറിയുന്നത്. മകൻ സ്വവർഗാനുരാഗിയാണ്. എന്നാൽ ആ വലിയ സത്യത്തേയും അവന്റെ സ്വത്വത്തേയും താൻ അംഗീകരിക്കുകയായിരുന്നുവെന്ന് ആ അമ്മ സാക്ഷ്യപ്പെടുത്തുന്നു. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജാണ് ഈ അമ്മയുടെ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

വിവാഹം കഴിഞ്ഞയുടനെ തന്നെ എല്ലാവരും എന്നോട് ചോദിച്ചു തുടങ്ങി. അവര്‍ക്കെപ്പോഴാണ് ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാവുക എന്ന്. ഞാന്‍ പറഞ്ഞു, എനിക്ക് ഇരട്ടക്കുട്ടികളെ വേണം അതിന് കാത്തുനില്‍ക്കുകയാണെന്ന്. അങ്ങനെ, ഗര്‍ഭിണിയാണോ എന്ന് സംശയം തോന്നി ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇരട്ടക്കുട്ടികളാണെന്ന്. പെട്ടെന്ന് എനിക്ക് വാക്കുകള്‍ കിട്ടാതായി. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഡോക്ടര്‍ ചോദിച്ചു. ഇല്ല, അതെന്‍റെ സ്വപ്നമായിരുന്നുവെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. 

അങ്ങനെ അവര്‍ ജനിച്ചു. വളര്‍ന്നു തുടങ്ങിയപ്പോള്‍ അവര്‍ വ്യത്യസ്ത സ്വഭാവമുള്ളവരായിരുന്നു. എന്‍റെ മകള്‍ ഒരു ടോംബോയ് ടൈപ്പ് ആയിരുന്നു. അവള്‍ക്ക് സ്പോര്‍ട്സായിരുന്നു ഇഷ്ടം. പക്ഷെ, എന്‍റെ മകന് ആര്‍ട്സും ഡാന്‍സുമായിരുന്നു ഇഷ്ടം. വീട്ടില്‍ അവര്‍ പരസ്പരം ഡ്രസ്സുകള്‍ മാറിയിടാന്‍ തുടങ്ങി. അവന്‍റെ പാന്‍റും ഷര്‍ട്ടും അവളും, അവളുടെ ഫ്രോക്ക് അവനും ഇട്ടു. ഞാനൊരു ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്നു. മകന്‍ എന്‍റെ കൂടെ ജോലി സ്ഥലത്ത് വന്നു. അവനെന്നെ അനുകരിക്കാന്‍ തുടങ്ങി. പതിനഞ്ചാമത്തെ വയസായപ്പോഴേക്കും ഞാനവിടെ ചെയ്യുന്നതെല്ലാം അവനും ചെയ്യാന്‍ തുടങ്ങി. എല്ലാവരും അവന്‍റെ പെണ്‍കുട്ടികളെ പോലെയുള്ള പെരുമാറ്റം മാറ്റണമെന്ന് എന്നോട് പറഞ്ഞുതുടങ്ങി. പക്ഷെ, അവരുടെ പെരുമാറ്റത്തിന്‍റെയോ ജെന്‍ഡറിന്‍റെയോ പേരില്‍ അവരെ യാതൊരുവിധത്തിലും നിയന്ത്രിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. 

അതുകൊണ്ട് എന്‍റെ മകനെ അവനിഷ്ടപ്പെട്ടത് ചെയ്യാന്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചു. അവന്‍റെ സഹോദരി വിവിധ ഹെയര്‍ സ്റ്റൈലുകളൊക്കെ അവളുടെ തലയില്‍ പരീക്ഷിക്കാന്‍ അവനെ അനുവദിച്ചു. സ്കൂളില്‍ അവന്‍ ഡാന്‍സിലൊക്കെ പങ്കെടുത്തു. അവനെ ആരുമധികം ബുദ്ധിമുട്ടിക്കാനെത്തിയില്ല. അവന്‍റെ ഇരട്ടയായ ബോഡിഗാര്‍ഡ് അവനെ എല്ലാത്തില്‍ നിന്നും രക്ഷിച്ചു. ഞാനവളോട് അത് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും. 

ഞാനെന്‍റെ മക്കളുടെ മേല്‍ അധികാരം പ്രയോഗിക്കില്ല. ഒരു അമ്മയെന്ന നിലയില്‍ അവരെ സംരക്ഷിക്കുക മാത്രമാണ് എന്‍റെ കടമ. അവര്‍ കുഞ്ഞായിരിക്കുമ്പോള്‍ അടുത്തിരുന്ന് ഞാന്‍ പറയുമായിരുന്നു, എന്തുണ്ടായാലും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന്. അതുതന്നെയാണ് ഞാനിപ്പോഴും ചെയ്യുന്നത്. അവന്‍റെ കൂടെ നില്‍ക്കുന്നു.  അതു തന്നെ ഇപ്പോഴും ഞാനവനോട് പറയുന്നു. അവനൊരു സ്വവർഗാനുരാഗി ആണെന്നറിയുമ്പോള്‍ എനിക്ക് വേദനിക്കുമോ എന്നവന് ഭയമുണ്ടായിരുന്നു. അവന്‍ അവന്‍റെ സ്വതം വെളിപ്പെടുത്തുമ്പോള്‍ ഞാനെന്തിനാണ് വേദനിക്കുന്നത്. 

ഇതിനിടെ എന്‍റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു, മകന് 25 വയസായി അവന് പെണ്‍കുട്ടിയെ കണ്ടെത്തണം എന്ന്. സ്വര്‍ഗത്തില്‍ വെച്ചുതന്നെ അവന് ചേരുന്നൊരാളെ ഉറപ്പിച്ചിട്ടുണ്ടാകും. അയാളെ അവന്‍ തന്നെ കണ്ടെത്തും എന്ന്. ആര്‍ട്ടിക്കിള്‍ 377 നെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ഭര്‍ത്താവിനോട് ഞാന്‍ സ്വവര്‍ഗാനുരാഗത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം എന്താണ് പറയുന്നതെന്നറിയാന്‍. അദ്ദേഹം അതിനെ പാപം എന്നാണ് പറഞ്ഞത്. 

മകന്‍റെ കാര്യം ഞാനിതുവരെ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. ഞാനും മകനും കൂടി അദ്ദേഹത്തോട് അത് പറയും. അദ്ദേഹം കരയുമെന്നെനിക്കറിയാം. പക്ഷെ, പിന്നീടത് അംഗീകാരത്തിന്‍റെ കണ്ണീരാകുമെന്ന് എനിക്കുറപ്പുണ്ട്.