Thursday 20 January 2022 02:38 PM IST : By സ്വന്തം ലേഖകൻ

കരൾ ദ്രവിക്കുന്നു, കുഞ്ഞേട്ടൻമാരെ കൊണ്ടുപോയ മരണം എന്റെ മുത്തിനെ കൊണ്ടു പോകല്ലേ എന്ന പ്രാർഥന മാത്രം

liver-decease-87

ആദിദേവ്, അശ്വിൻ ദേവ്  എന്നീ കുഞ്ഞേട്ടന്മാരുടെ പട്ടികയിലേക്ക് ഏഴുമാസം പ്രായമായ ദേവപ്രിയയുടെ പേരുകൂടി ചേർക്കപ്പെടരുതേ എന്ന ഒറ്റ പ്രാർഥനയിലാണ് അച്ഛനും അമ്മയും മുത്തച്ഛനുമൊക്കെ. ആദിദേവും അശ്വിൻ ദേവും ആറു വർഷം മുൻപ് മരിച്ച അതേ അസുഖമാണ് ഏഴാം മാസത്തിൽ ദേവപ്രിയയ്ക്ക്. കരൾ ദ്രവിക്കുന്നു.    പെയിന്റിങ് തൊഴിലാളിയായ അ‍ഞ്ചപ്പാലം ചെന്നറ ശ്രീനിവാസന്റെ പേരക്കുട്ടി ദേവപ്രിയയാണ്  കരൾ രോഗത്തിനു ചികിത്സ തേടുന്നത്. ജനിച്ചു 19 ദിവസം പിന്നിട്ടപ്പോൾ ചെറിയ പനി. പരിശോധനയിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. 

പിന്നീട് ആശുപത്രികളിൽ നിന്നു ആശുപത്രികളിലേക്ക്. ഒടുവിൽ ആസ്റ്റർ മെഡിസിറ്റിയിൽ പരിശോധനയിൽ രോഗം വ്യക്തമായി. കരൾ ദ്രവിക്കുന്നു. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം. തൃശൂർ കേച്ചേരി തൈക്കാട്ടിൽ പ്രദീപിന്റെയും ശ്രീക്കുട്ടിയുടെയും മകളാണ് ദേവപ്രിയ.ദേവപ്രിയയുടെ സഹോദരങ്ങൾക്ക്  ജനിച്ച് അധികം വൈകാതെ തന്നെ   രോഗലക്ഷണം പ്രകടമായിരുന്നു. ചെറു ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴാം മാസത്തിൽ ആ കു ഞ്ഞുങ്ങൾ  മരിച്ചു. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോൾ സന്തോഷവും അതേസമയം, ആശങ്കയുമുണ്ടായിരുന്നു. ഭയന്നതു പോലെ തന്നെ ആ കുഞ്ഞും കടന്നുപോകുന്നത് വലിയ പരീക്ഷണങ്ങളിലൂടെ. 

പിതാവ് പ്രദീപ് പാചക തൊഴിലാളിയാണ്. 

ആ ചെറിയ വരുമാനം കൊണ്ടു സാധിക്കുന്നതിലും  അപ്പുറമാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക.മകൾക്കു തന്റെ കരൾ പകുത്തു നൽകാൻ പരിശോധന നടത്തിയപ്പോഴാണു പ്രദീപിനും സമാന രോഗ ലക്ഷണങ്ങളുണ്ടെന്നു വ്യാക്തമാകുന്നത്.  കരൾ നൽകാൻ ബന്ധു തയാറാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും  30 ലക്ഷം രൂപ വേണം. ദേവപ്രിയ ചികിത്സ സഹായനിധി രൂപീകരിച്ചു തുക സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.  നഗരസഭാ കൗൺസിലർമാരായ ലത ഉണ്ണിക്കൃഷ്ണൻ, ടി.എസ്. സജീവൻ, മുൻ കൗൺസിലർ എം.കെ. സഹീർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

More