Wednesday 15 September 2021 04:44 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് പോരാട്ടവുമായി കാവലിരുന്നവൾ: ഒടുവിൽ ആശയും കോവിഡിന് കീഴടങ്ങി

asha-covid-death

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായിരുന്ന എസ്.ആർ.ആശ കോവിഡ് ബാധിച്ചു മരിച്ചു മരണത്തിന് കീഴടങ്ങിയ ബാലരാമപുരം വില്ലിക്കുളം തലയൽ മേലെതട്ട് വീട്ടിൽ സുരേന്ദ്രൻ–ഷൈലജ ദമ്പതികളുടെ മകളാണ്.

തിങ്കളാഴ്ച രാത്രിയോടെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന്‌ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യ നില വീണ്ടും വഷളായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

കോവിഡിന്റെ ആദ്യ തരംഗം പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്ഡ‍പന്തിയിലുണ്ടായിരുന്ന ആശ പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളിൽ എത്തിക്കുന്നതിനും സജീവമായിരുന്നു. സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്‌മിക വേർപാട്‌ നാടിനെയും ദുഃഖത്തിലാഴ്ത്തി.

സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയായ ആശ ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.  ആർഷ. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങൾ. . ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.