Friday 12 November 2021 12:09 PM IST : By സ്വന്തം ലേഖകൻ

വൈദ്യുതി നിലച്ചാൽ‌ പിടയുന്ന ജീവൻ, അന്ന് ഫ്യൂസ് ഊരിയിരുന്നുവെങ്കിൽ ഇന്ന് ലിജോ ഉണ്ടാകുമായിരുന്നില്ല

lijo-

ഏഴു മാസംമുൻപൊരു പകൽ. 14 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പാറശാല സ്വദേശി ലിജോയുടെ ജീവൻ അന്നു നഷ്ടപ്പെടേണ്ടതായിരുന്നു. വാടകവീട്ടിലെ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതിബന്ധം മുറിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന്റെ നിഴലനക്കം മനുഷ്യാവകാശ പ്രവർത്തകൻ ശ്രീജേഷ് കുന്നത്തുകാലിന്റെ കണ്ണിൽപെട്ടതിനാൽ ആ ദുരന്തം ഒഴിവായി. ഇല്ലെങ്കിൽ സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതു കാണാൻ ഒരുപക്ഷേ ലിജോയുണ്ടാകുമായിരുന്നില്ല. വൈദ്യുതി നിലച്ചാൽ, വെന്റിലേറ്ററിൽ ജീവൻ പിടിച്ചുനിർത്തുന്ന ലിജോയുടെ ജീവിതവും നിലയ്ക്കും.

ചെറിയ പ്രായത്തിൽ വിധി സമ്മാനിച്ച ദുരിതവും ആകസ്മികമായെത്തിയ അപകടവുമെല്ലാം മറികടന്നാണു ലിജോ സ്വന്തം വീട്ടിലേക്കു പ്രവേശിക്കുന്നത്. മലയാള മനോരമ വായനക്കാരുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്തു സോഫ്റ്റ്‌വെയർ കമ്പനിയായ ഐബിഎസ് 10 ലക്ഷം രൂപ മുടക്കി ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച വീട് ഇന്നലെ ലിജോയ്ക്കു കൈമാറി. വൈദ്യുതി കുടിശ്ശിക ആറായിരം രൂപ അടയ്ക്കാതിരുന്നതിനാലാണു കെഎസ്ഇബി ജീവനക്കാരൻ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയത്. 

വൈദ്യുതി നിലച്ചാൽ നിലയ്ക്കുന്ന ഒരു ജീവൻ അകത്തുണ്ടെന്ന കാര്യം അയാൾക്കറിയില്ലായിരുന്നു. വൈദ്യുതി നിലച്ചാൽ പകരം സംവിധാനമായുണ്ടായിരുന്ന ഇൻവേർട്ടറും അന്ന് കേടായിരുന്നു. വീടിനു പുറത്തെ മീറ്റർ ബോർഡിനു സമീപം ഒരു നിഴലനങ്ങുന്നതു കണ്ടാണ് മുറിക്കുള്ളിൽ ലിജോയ്ക്കൊപ്പമുണ്ടായിരുന്ന ശ്രീജേഷ് ശ്രദ്ധിക്കുന്നത്. പുറത്തുചെന്നു നോക്കിയപ്പോഴാണു വൈദ്യുതിബന്ധം മുറിക്കാനെത്തിയതാണെന്നു മനസിലായത്. ഉടൻ കെഎസ്ഇബി അസി.എൻജിനീയറെ വിളിച്ചു കാര്യം ധരിപ്പിച്ചു.  തുടർന്നു മലയാള മനോരമ അധികൃതരുടെയും ലിജോയെ ചികിത്സിച്ചിരുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ.സഞ്ജീവ് വി.തോമസിന്റെയും സഹായത്തോടെ കെഎസ്ഇബി ചെയർമാനെ ബന്ധപ്പെട്ടു. 

ലിജോയുടെ ദുരിതകഥയറിഞ്ഞ കെഎസ്ഇബി അധികാരികൾ കുടിശ്ശിക മാത്രമല്ല, ഇനിയങ്ങോട്ടുള്ള വൈദ്യുതി ചാർജും വേണ്ടെന്നു വച്ചു. ജീവിച്ചിരിക്കണമെന്ന ലിജോയുടെ ഇച്ഛാശക്തിക്ക് ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലയിൽനിന്നുമുള്ളവരുടെ പിന്തുണയുണ്ട്. മനോരമയിലൂടെ ലിജോയുടെ ദുരിത കഥയറിഞ്ഞു സഹായിക്കാനെത്തിയവർ ഒട്ടേറെയാണ്. വിദേശത്തുനിന്നുൾപ്പെടെ സംഭാവനയൊഴുകി. 

അങ്ങനെയാണ് 10 വർഷമായി വാടകവീട്ടിൽ കഴിയുന്ന ലിജോയ്ക്കു സ്വന്തം വീടൊരുങ്ങിയത്. നാട്ടുകാരുടെ നിർലോഭമായ സഹകരണമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ ശ്രീജേഷ്, പാറശാല അജിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം വിനയനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സുനിൽ, അലക്സ്... സഹായ ഹസ്തങ്ങൾ നീട്ടിയവരുടെ പേരുകൾ അവസാനിക്കുന്നില്ല. പുതിയ വീടിനു മുൻപിലൂടെയുള്ള പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണി കൂടി പൂർത്തിയായെങ്കിൽ മാത്രമേ ലിജോ ഇങ്ങോട്ടു താമസം മാറുകയുള്ളൂ. 

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നതിനാൽ ഇപ്പോൾ ഈ റോഡിലൂടെ യാത്ര ചെയ്യുന്നതു ഡോക്ടർമാർ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കൾ മരിച്ചശേഷം സഹോദരൻ വിപിന്റെ സംരക്ഷണയിലാണു ലിജോ. സഹോദരനും കുടുംബവും സഹോദരിയും പുതിയ വീട്ടിൽ ലിജോയ്ക്കൊപ്പമുണ്ടാകും. ലിജോയുടെ അസാന്നിധ്യത്തിൽ സഹോദരനും കുടുംബാംഗങ്ങളും അയൽക്കാരും ലിജോയുടെ സ്നേഹിതരും ചേർന്നാണു പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തിയത്.

More