Monday 23 May 2022 11:31 AM IST : By സ്വന്തം ലേഖകൻ

ഹൗസ് സർജന്റെ കോട്ടും സ്റ്റെതസ്കോപ്പും കയ്യിലുണ്ടെങ്കിൽ ആർക്കും ഇവിടെ ഡോക്ടറാകാം! മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാവീഴ്ച പതിവ്, നാണംകെട്ട് അധികൃതർ

medical-college44555

ഹൗസ് സർജന്റെ കോട്ടും ഒരു സ്റ്റെതസ്കോപ്പും കയ്യിലുണ്ടെങ്കിൽ ആർക്കും ഇവിടെ ഡോക്ടറാകാം. രോഗിയെ പരിശോധിച്ചു കുറിപ്പടി നൽകാം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ വീഴ്ച പതിവായിട്ടും കുലുക്കമില്ലാതെ ആശുപത്രി അധികൃതർ. യുവാവ് ഡോക്ടർ ചമഞ്ഞ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ് രോഗിയെ ചികിത്സിക്കുകയും രോഗിയുടെ രക്ത സാംപിളിൽ വെള്ളം ചേർത്ത് തിരിമറി നടത്തുകയും ചെയ്തത് ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിന് നാണക്കേടായി. വേഷം നോക്കിയാണ് ജീവനക്കാരെ ആശുപത്രിക്കുള്ളിൽ കടത്തി വിടുന്നത്. 

സ്റ്റെതസ്കോപ്പ് കയ്യിലുണ്ടെങ്കിൽ എവിടെയും കയറി പോകാം. കൂട്ടിരിപ്പുകാരുടെ പാസ് പരിശോധന മാത്രമാണ് സുരക്ഷാജീവനക്കാരുടെ ഡ്യൂട്ടി. ജീവനക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകി പരിശോധന നടത്തിയാൽ മാത്രമേ വ്യാജന്മാരുടെ വിഹാരം തടയാനാകൂ. ആശുപ ത്രി കേന്ദ്രീകരിച്ച് തട്ടിപ്പോ, കുറ്റകൃത്യങ്ങളോ ഉണ്ടായാൽ സുരക്ഷാവിഭാഗവും പൊലീസും പരസ്പരം പഴിചാരി തടിയൂരും. കഴിഞ്ഞ ദിവസം രണ്ടു യുവാക്കൾ ആശുപത്രിയിൽ കയറി മരുന്നുകൾ മോഷ്ടിച്ചു.

ലഹരി ഉപയോഗത്തിനു വേണ്ടിയായിരുന്നു മരുന്നുകൾ കൊണ്ടുപോയത്. പ്രതികളെ പിടികൂടി യെങ്കിലും മരുന്ന് മോഷണം പോയത് അധികൃതർ മൂടിവച്ചു. ഒരു വർഷത്തിനിടെ ഡസനോളം മോഷണങ്ങളാണ് ആശുപത്രിയിൽ നടന്നത്. മോർച്ചറിയിലേക്ക് കൊണ്ടു പോയ മൃതദേഹത്തിൽ നിന്നു മോതിരവും മാലയും കവർച്ച ചെയ്തതും തീവ്രപരിചരണവിഭാഗത്തിൽ നിന്നു രോഗിയുടെ ആഭരണങ്ങൾ കാണാതായതും വലിയ വിവാദമായി.

അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ക്യാംപസിലെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതും പുറത്ത് നിന്ന് എത്തിയ ആൾ വനിതാ പിജി ഡോക്ടർമാരുടെ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതും അടുത്തിടെയായിരുന്നു.

Tags:
  • Spotlight