യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം.
ഭർത്താവ് അഭിജിത്തിനെതിരെ ശശിധരൻ പൊലീസിൽ പരാതി നൽകി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. അഭിജിത് 4 മാസം മുൻപ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.
രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദികയെ കണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. രണ്ടുവർഷമായി പ്രണയത്തിലായിരുന്ന ഇന്ദികയും അഭിജിത്തും മൂന്നുമാസം മുൻപാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പുകാരണം ഇന്ദികയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്ഷേത്രത്തിൽവച്ച് താലിചാർത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ഇന്ദിക. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും. സംഭവം നടക്കുമ്പോൾ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ദികയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലെന്നാണ് സൂചന. എന്നാൽ ഇന്ദിക അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് ഭർതൃവീട്ടുകാർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)