Monday 10 September 2018 10:48 AM IST : By സ്വന്തം ലേഖകൻ

കുട്ടികള്‍ ഒത്തുപിടിച്ചു; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് ’സ്നേഹം’ നിറച്ചൊരു സ്കൂള്‍ ബസ്

kachani-school-new

തിരുവനന്തപുരം ജില്ലയിലെ കാച്ചാണി ഗവണ്‍മെന്റ് ഹൈസ്കൂളിലെ അഞ്ഞൂറോളം കുട്ടികള്‍ മുന്നിട്ടിറങ്ങിയപ്പോൾ കിട്ടിയത് രണ്ടായിരത്തിലേറെ നോട്ട്ബുക്കുകള്‍, ബാഗുകള്‍, പേനകള്‍, പെന്‍സില്‍ ബോക്സുകള്‍ തുടങ്ങിയവ. പ്രളയബാധിതരായ കൂട്ടുകാര്‍ക്കു നല്‍കാനായി പഠനോപകരണങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇവർ. ഒടുവിൽ ശേഖരിച്ചതെല്ലാം അർഹരായവർക്ക് എത്തിക്കാൻ അവരത് അധ്യാപകരെ ഏല്‍പ്പിച്ചു.

പിന്നീട് സ്കൂള്‍ പി.ടി.എ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് മാവേലിക്കര അങ്ങാടിക്കല്‍ സൗത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് ദുരിതത്തിൽ കഴിയുന്നതെന്നാണ്. ഇതോടെ കാച്ചാണി സ്കൂളില്‍നിന്ന് ഒരു സ്‌കൂൾ ബസ് നിറയെ പഠനോപകരണങ്ങളുമായി അധ്യാപകരും വിദ്യാര്‍ഥികളും ഇന്നലെ അങ്ങാടിക്കല്‍ സ്കൂളിലെത്തി. നൂറു കിലോമീറ്ററിലേറെ ആ സ്കൂള്‍ ബസിന്‍റെ ചക്രമുരുണ്ടത് കുട്ടികളുടെ ആവശ്യപ്രകാരമായിരുന്നു.

അങ്ങാടിക്കല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. സുനില്‍കുമാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടിലും സ്കൂളിലെത്തിയിരുന്നു. കാച്ചാണി സ്കൂള്‍ ഹെഡ്മിസ്ട്രസ് സതീ ദേവി, സ്റ്റാഫ് സെക്രട്ടറി സന്തോഷ്കുമാര്‍, അധ്യാപകരായ പ്രമോദ് കുമാര്‍, അജിത്, അച്ചാമ്മ തരകന്‍, പി.ടി.എ ഭാരവാഹി ശ്രീകുമാര്‍, വിദ്യാര്‍ഥികളായ അലി അക്ബര്‍, മിഥുന്‍, എബിന്‍, ഷിജോ, ജിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പഠനോപകരണങ്ങളുമായി എത്തിയത്.