Saturday 15 December 2018 04:29 PM IST : By സ്വന്തം ലേഖകൻ

130 രൂപയ്ക്ക് 100 ചാനലുകൾ! ചാനലുകളുടെയും പരിപാടികളുടെയും തെരഞ്ഞെടുപ്പില്‍ പ്രേക്ഷകന് അവകാശം നല്‍കി ട്രായ്

tv

ചാനലുകളുടെയും ഇഷ്ടപ്പെട്ട പരിപാടികളുടെയും തെരഞ്ഞെടുപ്പില്‍ പ്രേക്ഷകന് അവകാശം നല്‍കി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ട്രായിയുടെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഇതോടെ മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ 90 ശതമാനം വരെ നിരക്കുകള്‍ വെട്ടിക്കുറച്ചു.

13 ചാനലുകളുള്ള ഡിസ്കവറി കമ്മ്യൂണിക്കേഷന്‍ 90% ഇളവാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ കേബിള്‍ ശൃംഖലയില്‍ 450 മുതൽ 500 വരെ ചാനലുകള്‍ ലഭിക്കുന്നവര്‍ ഇതു മുഴുവന്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഉയര്‍ന്ന നിരക്കു നല്‍കേണ്ടി വരും. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നല്‍കുന്ന സംവിധാനമാണ് നടപ്പാക്കുക. ഡിടിഎച്ചുകാരും കേബിള്‍ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള 100 ചാനലുകള്‍ തിരഞ്ഞെടുക്കാവുന്നതാണു പുതിയ നിര്‍ദേശം. അധിക പണം നല്‍കി കൂടുതല്‍ ചാനലുകള്‍ കാണാം. അധികമായി തിരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകള്‍ക്ക് 20 രൂപ നല്‍കണം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകളും തയാറാക്കണം.

ഉപയോക്താവിന് അനുകൂലമായ പുതിയ ചട്ടം 2016ല്‍ തന്നെ ട്രായ് പുറത്തിറക്കിയിരുന്നെങ്കിലും ഡിടിഎച്ച് കമ്പനികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവു തടയുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ അനുകൂല വിധി വന്നതോടെയാണ് ഉത്തരവു നടപ്പാക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചത്. ഓപ്പറേറ്റര്‍മാര്‍ ഒരുമിച്ചു നല്‍കുന്ന ചാനല്‍ പാക്കേജുകള്‍ വാങ്ങേണ്ടതില്ല. 60 ദിവസത്തിനുള്ളില്‍ ചാനലുകള്‍ സൗജന്യമാണോ, അല്ലെങ്കില്‍ നിരക്കെത്ര എന്നു വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചുകഴിഞ്ഞാല്‍ അതനുസരിച്ചു പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും നിശ്ചയിക്കാന്‍ വിതരണക്കാര്‍ക്കു 180 ദിവസവും അനുവദിച്ചു.

കൂടുതല്‍ പേ ചാനലുകളുണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേകം നിരക്കു വേണം. ഇവ കൂട്ടമായി നല്‍കുന്നുണ്ടെങ്കില്‍ മൊത്തം ചാനലുകളുടെ ആകെ തുകയില്‍ നിന്നും 15 ശതമാനത്തിലധികം കുറയാന്‍ പാടില്ല. അടിസ്ഥാന പാക്കേജിനു പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നല്‍കിയിരിക്കണം. ഇതില്‍ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തില്‍ അഞ്ചു ചാനലുകള്‍ ഇല്ലെങ്കില്‍ മറ്റു ചാനലുകള്‍ ഉള്‍പ്പെടുത്താം.

പരമാവധി നിരക്ക്

*പൊതു വിനോദ ചാനലുകള്‍ക്കു(പേ ചാനല്‍) മാസം 12 രൂപ.
*സിനിമ ചാനലുകള്‍ക്കു 10 രൂപ
*കുട്ടികളുടെ വിനോദ ചാനലുകള്‍ക്ക് ഏഴു രൂപ
*വാര്‍ത്താ ചാനലുകള്‍ക്ക് അഞ്ചു രൂപ
*കായിക ചാനലുകള്‍ക്ക് 10 രൂപ
*ആധ്യാത്മിക ചാനലുകള്‍ക്ക് മൂന്നു രൂപ

പുതിയ ചാനല്‍ നിരക്കുകള്‍ :

75 രൂപ നിരക്കില്‍ ഡിടിഎച്ചില്‍ ലഭ്യമായിരുന്ന ഡി-സ്പോര്‍ട്സിനു 4 രൂപയാണു പുതിയ നിരക്ക്. പുതിയ ചട്ടം അനുസരിച്ചു സ്റ്റാര്‍, സോണി, സീ, കളേഴ്സ് തുടങ്ങിയ ചാനല്‍ ശ്യംഖലകളുടെ മുഴുവന്‍ ചാനലും തിരഞ്ഞെടുക്കുന്നവര്‍ക്കു നിരക്കു വര്‍ധിക്കുമെന്നാണു വിലയിരുത്തല്‍. കൂടുതല്‍ പേ ചാനലുകള്‍ ഉള്ള കമ്പനികള്‍ക്ക് ഇവ കൂട്ടമായി നല്‍കുന്നതിനു പരിമിതിയുണ്ട്. 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പേ ചാനലുകള്‍ എല്ലാം ലഭിക്കണമെങ്കില്‍ കൂടുതല്‍ നിരക്കു നല്‍കേണ്ടി വരും. കൂടാതെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ വ്യത്യസ്തമാകുമെന്നതിനാല്‍ ഓരോരുത്തരുടെയും മാസ വരിസംഖ്യയിലും വ്യത്യാസമുണ്ടാകും.