Monday 23 May 2022 11:13 AM IST : By സ്വന്തം ലേഖകൻ

രോഗിയുടെ രക്ത സാംപിളിൽ വെള്ളം ചേർത്തു, കിഡ്നിക്ക് തകരാറെന്നു പറഞ്ഞു പണം തട്ടാൻ ശ്രമം! ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവാവ്

dr-fake445

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിച്ച യുവാവ് രോഗിയുടെ രക്ത സാംപിളിൽ വെള്ളം ചേർത്തെന്ന് പൊലീസ്. ഒന്നാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാംപിളിലാണ് വെള്ളം ചേർത്തത്. ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ നിഖിൽ ആയിരുന്നു റിനുവിന്റെ രക്തം പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നത്. ലാബിൽ കൈമാറുന്നതിനു മുൻപ് നിഖിൽ വെള്ളം ചേർത്തു. 

പരിശോധാ ഫലം വന്നപ്പോൾ രക്ത ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസങ്ങൾ കണ്ടു. വൃക്ക തകരാറിലാണെന്ന് റിനുവിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച നിഖിൽ ചികിത്സയ്ക്കും മരുന്നിനുമായി പണം ആവശ്യപ്പെടുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. സീനിയർ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാണ് നിഖിൽ വാർഡിൽ എത്തിയിരുന്നത്. റിനുവിന്റെ കിടക്കയിൽ വന്നിരുന്ന് ഡോക്ടർമാർ പറഞ്ഞതിനെ കുറിച്ചും പരിശോധനകളെ കുറിച്ചും ചോദിച്ചറിയും. പുറത്തു നിന്ന് വാങ്ങേണ്ട മരുന്നു വാങ്ങാനും രക്തസാംപിൾ ലാബിൽ കൊണ്ടുപോകാനും സഹായിക്കും.

പരിശോധനാഫലത്തിൽ കുഴപ്പങ്ങളുണ്ടെന്ന് പറഞ്ഞ് അടിക്കടി റിനുവിനെ ആശങ്കപ്പെടുത്തിയിരുന്നു. ദിവസവും വാർഡിലെ ഓരോരുത്തരോടും രോഗവിവരങ്ങൾ ചോദിച്ച ശേഷമേ നിഖിൽ മടങ്ങൂ. എന്തെങ്കിലും സഹായം വേണ്ടവർക്ക് അത് ചെയ്തു കൊടുക്കും. ആർക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇടപെടൽ. പ്രതി പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇന്ന് ആശുപത്രി ലാബിലെ ജീവനക്കാരെ വിളിപ്പിക്കും. രക്ത സാംപിളിൽ മറ്റ് കൃത്രിമത്വം നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നും മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു.

തിരിമറി സംശയിച്ചത് പരിശോധനാഫലം കണ്ടപ്പോൾ

മെഡിക്കൽകോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് വിലസിയ യുവാവിനെ കുടുക്കിയ യൂണിറ്റ് ചീഫ് ഡോ.എസ്.ശ്രീനാഥ് പറഞ്ഞത്: രക്തത്തിലെ കൗണ്ട് കുറഞ്ഞാണ് വിഴിഞ്ഞം സ്വദേശി റിനു അഡ്മിറ്റ് ആയത്. രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ കൗണ്ട് നോർമൽ സ്റ്റേജിലേക്ക് വന്നു. എന്നാൽ പിന്നീട് ലഭിച്ച പരിശോധനാഫലത്തിൽ ഹീമോഗ്ലോബിൻ ആറിലേക്ക് താഴ്ന്നതായി കണ്ടു. കൂടാതെ കിഡ്നിക്ക് തകരാറെന്നും റിപ്പോർട്ട് വന്നു. എന്നാൽ രോഗിയെ പരിശോധിച്ചപ്പോൾ അത്തരം പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്താനായില്ല. ഒടുവിൽ റിനുവിന്റെ രക്തം സ്റ്റേറ്റ് ലാബിൽ പരിശോധനയ്ക്ക് അയച്ചു.

ഹീമോഗ്ലോബിന്റെ അളവിലോ കിഡ്നിക്കോ കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഫലം. ഇതോടെ രക്തപരിശോധനയിൽ തിരിമറി നടന്നതായി സംശയം ഉയർന്നു. റിനുവിന്റെ രക്തം പരിശോധനയ്ക്ക് കൊണ്ടു പോകുന്നത് ആരെന്ന് അന്വേഷണം തുടങ്ങി. കൂട്ടിരിപ്പുകാർ ആരും ഇല്ലാത്തതിനാൽ ഡെർമറ്റോളജിയിലെ പിജി ഡോക്ടറാണ് സഹായിക്കുന്നതെന്ന് റിനു പറഞ്ഞു. വാർഡിൽ പരിശോധന കഴിഞ്ഞ് ഡോക്ടർമാർ പോയതിനു ശേഷമേ നിഖിൽ എത്താറുള്ളൂ. ഇതു മനസ്സിലാക്കി അയാൾ വരുന്നതുവരെ ഡോക്ടർമാർ കാത്തിരുന്ന് പിടികൂടുകയായിരുന്നു.

Tags:
  • Spotlight