Wednesday 10 November 2021 11:15 AM IST : By സ്വന്തം ലേഖകൻ

ആ യാത്രയിൽ അവർ പോയതറിഞ്ഞില്ല, ഗൃഹനാഥനെ തിരഞ്ഞ് നായയുടെ ദയനീയ നോട്ടം: ചങ്കുപിടഞ്ഞ് പ്രിയപ്പെട്ടവർ

tvm-accident

ഭാര്യയെയും മകനെയും കിളിമാനൂരിലുള്ള കുടുംബ സുഹൃത്ത് മിഥുന്റെ വീട്ടിലാക്കിയശേഷം ജോലി സംബന്ധമായ ആവശ്യത്തിന് പോകാനുള്ള രാജേഷിന്റെ യാത്രയ്ക്കിടെയാണ് അപകടം.  മൂന്ന് വർഷത്തോളമായി ബാലരാമപുരം മുടവൂർപാറ താന്നിവിള തിട്ടവേലിക്കര തിരുവാതിരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷ് മാസത്തിൽ ഒന്നും രണ്ടും തവണ ഭാര്യയെയും മകനെയും ഇതുപോലെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുവിടാറുണ്ട്. മടങ്ങിവരുന്ന വഴിക്ക് ഇരുവരെയും തിരികെ കൊണ്ടുവരികയാണ് പതിവ്.

മരിച്ച രാജേഷിന്റെ ഭാര്യ സുജിതയും മിഥുന്റെ ഭാര്യ അനഘയും നേരത്തെ തൈക്കാടുള്ള ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നത് മുതലുള്ള പരിചയമാണ് ഇപ്പോഴും തുടരുന്നത്. രാവിലെ മൂവരും കൂടി സ്കൂട്ടറിൽ യാത്ര തിരിക്കുന്നത് അയൽവാസികൾ പലരും കണ്ടിരുന്നതാണ്. വൈകിട്ടോടെ പൊലീസെത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉച്ചയോടെ ചാനലുകളിൽ സംഭവം അറിഞ്ഞിരുന്നെങ്കിലും തങ്ങളുടെ അയൽവാസികളാണ് അപകടത്തിൽപ്പെട്ടതെന്ന് പലരും അറിഞ്ഞിരുന്നില്ല.

തുടർന്ന് അടച്ചിട്ടിരിക്കുന്ന വീട്ടുമുറ്റത്ത് പലരും എത്തി മടങ്ങി. ഇന്നലെ രാത്രി വീട്ടിൽ തിരികെ എത്താത്തതിനാൽ പുറത്തെ ലൈറ്റ് ഇട്ടശേഷമായിരുന്നു യാത്ര. നാട്ടുകാർ ഓരോരുത്തരായി എത്തുമ്പോൾ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരിക്കുന്ന വളർത്തുനായ ഗൃഹനാഥനെ തിരയുന്ന ദയനീയ നോട്ടം കണ്ട് പലരും വിങ്ങലടക്കാൻ പാടുപെടുകയാണ്. രാത്രി വൈകിയതോടെ ഇതിനുള്ള ഭക്ഷണവും നാട്ടുകാർ തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്.

കഴക്കൂട്ടം ദേശീയപാത ബൈപാസിൽ ഇൻഫോസിസിനു സമീപം ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറിയാണ് ഇരിങ്ങാലക്കുട പാഴായി സ്വദേശി ബാലരാമപുരം മുടവൂർപ്പാറ തിരുവാതിരയിൽ വാടകയ്ക്കു താമസിക്കുന്ന രാജേഷ് എസ്. മേനോൻ (36), മകൻ ഋത്വിക് രാജേഷ് എന്നിവർ മരിച്ചത്. ഭാര്യ സുജിത (28) യ്ക്കാണ് പരുക്കേറ്റത്. മുന്നിൽ പോയ കെഎസ്ആർടിസി ബസ് ആളെ ഇറക്കാനായി പൊടുന്നനെ നിർത്തിയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തെ സിറ്റി ബോണ്ട് എന്ന അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആയ രാജേഷ് ഭാര്യയെയും മകനെയും കൂട്ടി കിളിമാനൂരിലെ സുഹൃത്ത് ആദർശിന്റെ  വീട്ടിലേക്കു പോകവേയാണ് അപകടം.

More