Thursday 12 August 2021 11:36 AM IST : By വിനീത ഗോപി

‘വാഹന രൂപകൽപന ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന സ്വപ്നം’; ടിവിഎസ് ബൈക്കുകളുടെ ഗ്ലാമറിനു പിന്നിൽ ഈ മലയാളി വനിത

saranya-vaisakh.jpg.image.845.440

നിങ്ങൾ ഇപ്പോൾ ഓടിക്കുന്ന പ്രിയപ്പെട്ട ബൈക്ക് ഒരുപക്ഷേ ആദ്യം ഓടിച്ചത് ഈ യുവതിയായിരിക്കും. ആ ബൈക്കിന്റെ നിങ്ങൾക്കു പ്രിയങ്കരമായ ആ നിറങ്ങൾ, അവയുടെ സങ്കലനം, തിളക്കം, പേര് എഴുതിയ രീതി, ആ വണ്ടിയെ സ്വപ്നതുല്യമാക്കാൻ കൂട്ടിച്ചേർ‍ത്ത ചമയങ്ങളും ഒരുക്കങ്ങളും അതെല്ലാം ആദ്യം കണ്ടതും ഈ യുവതിയായിരിക്കാം... എല്ലാം ഭാവനയിൽ ആണെന്നു മാത്രം. 

സ്വപ്നവണ്ടികളിൽ ചീറിപ്പായുന്നവർ ആലോചിപ്പിച്ചിട്ടുണ്ടോ നിങ്ങൾക്കു വേണ്ടി ആ സ്വപ്നം നെയ്തുകൂട്ടിയവരെക്കുറിച്ച്? ടിവിഎസ് മോട്ടോഴ്സിന്റെ സ്കൂട്ടി ഉൾപ്പെടെ വിവിധ സ്കൂട്ടറുകളും എൻടോർക് (NTORQ) ശ്രേണിയിലെ ബൈക്കുകളുമെല്ലാം ഉപയോഗിക്കുന്നവർ അറിയുക – അതിന്റെ സൗന്ദര്യം രൂപകൽപന ചെയ്തത് ഒരു മലയാളി യുവതിയാണ്. 

സ്ത്രീകൾ വിരലിലെണ്ണാൻ മാത്രമുള്ള ഇന്ത്യൻ ഇരുചക്ര വാഹന രൂപകൽപന സിഎംഎഫ് (കളർ, മെറ്റീരിയൽ, ഫിനിഷിങ്) വിഭാഗത്തിൽ ടിവിഎസിലെ ഏക മലയാളി വനിത. ഒരുപക്ഷേ ഇന്ത്യൻ മോട്ടർ കമ്പനികളിൽ ഇതേ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഏക മലയാളി യുവതിയും. തിരുവനന്തപുരം പേട്ട കണ്ണമ്മൂല സ്വദേശിനി ശരണ്യ നായർ. ഭർത്താവ് തിരുവനന്തപുരം തിരുമല സ്വദേശി എ.എൻ. വൈശാഖ് ടിവിഎസിൽതന്നെ അഡ്വാൻസ്ഡ് ഡിസൈൻ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോൾ, ബൈക്ക് രൂപകൽപനാ രംഗത്ത് ഇന്ത്യയിലുള്ള ഏക മലയാളി ദമ്പതികൾ കൂടിയാകുന്നു ശരണ്യയും വൈശാഖും. 

ബെംഗളൂരുവിൽ ടിവിഎസ് മോട്ടോഴ്സിലെ ലീഡ് സിഎംഎഫ് ആൻഡ് ഗ്രാഫിക് ഡിസൈനറും സീനിയർ മാനേജരുമാണു ശരണ്യ. സ്കൂട്ടി, ജൂപ്പിറ്ററിന്റെ വിവിധ വേർഷനുകൾ എന്നിവയാണു ശരണ്യയിലെ ഡിസൈനറെ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചത്. എൻടോർക്കിന്റെ റേസിങ് ബൈക്കുകൾ ഉൾപ്പെടെ ഡിസൈൻ ചെയ്തു. ‘ഇന്റർനാഷനൽ ബൈക്ക്’ വിഭാഗത്തിൽ ഒരുപിടി പുതിയ ഉൽപന്നങ്ങളുടെ പണിപ്പുരയിലാണ് ശരണ്യ ഇപ്പോൾ. 

മിടുക്കിക്കുട്ടി സ്കൂൾ ഗേൾ

വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ രാജേന്ദ്രൻ പിള്ളയുടെയും ഗീതാ ദേവിയുടെയും മകൾ. സഹോദരൻ എൻജിനീയർ. വരയ്ക്കാനായിരുന്നു ശരണ്യയ്ക്കു ചെറുപ്പം മുതലേ താൽപര്യം. എൻട്രൻസ് പരീക്ഷയിൽ കോഴിക്കോട് എൻഐടിയിൽ ബി.ആർക്ക് കോഴ്സിനു പ്രവേശനം കിട്ടി. പക്ഷേ, ഇത്രയും ദൂരെ ഏക മകളെ അയയ്ക്കാൻ മാതാപിതാക്കൾക്കൊരു പ്രയാസം. ഡിസൈൻ കോഴ്സിലേക്കു പോകണമെന്ന് ശരണ്യ. എൻജിനീയറിങ് ബിരുദമെടുത്ത ശേഷം ഇഷ്ടംപോലെ ആയിക്കൊള്ളാൻ മാതാപിതാക്കൾ സമ്മതിച്ചു. അങ്ങനെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദമെടുത്തു. 

കോഴ്സ് കഴിഞ്ഞ ഉടനെ ഒന്നു രണ്ടിടത്തു ജോലി ശരിയായി. അതൊന്നും പക്ഷേ, ശരണ്യയെ തൃപ്തയാക്കിയില്ല. കോളജിലെ സഹപാഠിയും ആത്മമിത്രവുമായ വൈശാഖ് ഓട്ടമൊബീൽ ഡിസൈനിങ് സ്വപ്നം തലയ്ക്കു പിടിച്ച് അതിനായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രൊഡക്ടീവ് ഡിസൈൻ കോഴ്സിൽ ഉന്നതപഠനം നടത്താൻ വൈശാഖ് ആണു നിർദേശിച്ചത്. അപേക്ഷിക്കാൻ ഒരാഴ്ച മാത്രം ബാക്കി. എങ്കിലും ശരണ്യ ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. എംഐടി (മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പുണെയിൽ അഡ്മിഷൻ കിട്ടി. അതായിരുന്നു വഴിത്തിരിവ്. 

creaon-saranya.jpg.image.845.440

ഉൽപന്ന രൂപകൽപനയുടെ ലോകം

പുതിയൊരു ലോകം. പുതിയ സിലബസ്. എഴുത്തു പരീക്ഷകളില്ല. വിവിധ ഉൽപന്നങ്ങളുടെ മോഡലുകൾ ഉണ്ടാക്കി സ്വയം തെളിയിക്കണം. ശരണ്യയുടെ ഭാവനയ്ക്കു പറ്റിയ ഇടം. രണ്ടര വർഷത്തെ കോഴ്സിനിടെ ശരണ്യ രൂപകൽപന ചെയ്ത വാക്വം ക്ലീനറും ഷൂസുമെല്ലാം കോളജ് നടത്തിയ മത്സരങ്ങളിലും ഇന്റർ കോളജ് മത്സരങ്ങളിലും ഒന്നാമതെത്തി. അടുക്കള ഉപകരണങ്ങളിലും ഫോണുകളിലുമെല്ലാം പല പരീക്ഷണങ്ങളും നടത്തി. പക്ഷേ വാഹന രൂപകൽപന ആ സിലബസിലെങ്ങും ഇല്ലായിരുന്നു. അക്കാലത്ത്, പ്രോഡക്ട് ഡിസൈനിങ്ങിനായിരുന്നു ഏറ്റവും ഡിമാൻഡ് എന്നു ശരണ്യ ഓർക്കുന്നു. വൈശാഖ് അപ്പോൾ സ്വന്തം സ്വപ്നം പിന്തുടർന്ന് ഓട്ടമോട്ടീവ് ഡിസൈനിങ് പഠിക്കുകയാണ്. 

അപ്രതീക്ഷിതമായി വാഹനങ്ങളുടെ ലോകത്തേക്ക്

കോഴ്സ് കഴിഞ്ഞപ്പോൾ ആദ്യം ഇന്റർവ്യൂവിനു വിളിച്ചതു ഹോണ്ട മോട്ടോർ കമ്പനിയിൽനിന്ന്. ഡൽഹിയിൽ പോകാൻ തയാറെടുക്കുമ്പോഴാണു നിർഭയ സംഭവം കത്തിപ്പടർന്നു നിൽക്കുന്നത്. ആ യാത്ര നടന്നില്ല. രണ്ടാമത്തെ വിളി വന്നത് ടിവിഎസിൽനിന്ന്. ഡിസൈൻ കൺസൽറ്റന്റ് ആയി 2013ൽ ശരണ്യ അവിടെ ജോലിയിൽ പ്രവേശിച്ചു. ‘ഞാൻ പുണെയിൽ പഠിച്ചിരുന്നപ്പോൾ ചെയ്യുന്ന കോഴ്സ് എന്താണെന്നു ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഒരു പിടിയുമില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും പോലും ശരിക്കു മനസ്സിലായില്ല. എന്നാലും എന്റെ ഇഷ്ടത്തിനു വിട്ടുതന്നു. പ്രോത്സാഹിപ്പിച്ചു. 

അപ്പോഴേക്കും അമേരിക്കയിൽ സോഫ്റ്റ്‍വെയർ കമ്പനിയിൽ ഉയർന്ന സ്ഥാനത്തെത്തിയ ചേട്ടൻ രഞ്ജു രാജായിരുന്നു ഏറ്റവുമധികം പിന്തുണച്ചത്. കുട്ടിയായിരുന്നപ്പോൾ ചേട്ടൻ ബൈക്കുകളുടെ പല മോഡൽ പടങ്ങൾ വരയ്ക്കുമായിരുന്നു. വാഹന രൂപകൽപന ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന സ്വപ്നമായിരുന്നു. ആ സ്വപ്നം എന്നോട് ഏറ്റെടുത്തുകൊള്ളാൻ ചേട്ടൻ പറഞ്ഞു. വാസ്തവത്തിൽ, ഇപ്പോഴും എന്റെ ജോലി എന്താണെന്ന് അടുത്ത ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും മനസ്സിലായിട്ടില്ല.

അഭിമുഖം പൂർണ്ണമായും വായിക്കാം 

Tags:
  • Spotlight
  • Inspirational Story