Tuesday 28 July 2020 12:34 PM IST : By സ്വന്തം ലേഖകൻ

പ്ലസ്ടു പരീക്ഷയിലെ മാർക്കു പോലും തുല്യം; ഇവരാണ് ശരിക്കും ‘അപൂർവ സഹോദരങ്ങൾ’; ഇരട്ടകളെ പരിചയപ്പെടുത്തി കുറിപ്പ്

twins33455ftftff

രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഒരുമ പുലർത്തുന്ന ഇരട്ടക്കുഞ്ഞുങ്ങളെ കാണാൻ തന്നെ ഭംഗിയാണ്. എന്നാൽ ഇരട്ടകൾ പലവിധമുണ്ട്. ചിലർ തമ്മിൽ നല്ല സാമ്യം ഉണ്ടെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ചെറിയ ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. എന്നാൽ പ്ലസ്ടു പരീക്ഷയിലെ മാർക്കു പോലും തുല്യമായി വാങ്ങിയ ‘അപൂർവ സഹോദരങ്ങളായ’ ഇരട്ടകളെ പരിചയപ്പെടുത്തുകയാണ് നജീബ് മൂടാടി ഫെയ്സ്ബുക് കുറിപ്പിലൂടെ.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇതാണ് ശരിക്കും 'അപൂർവ സഹോദരങ്ങൾ'

കാഴ്ചയിൽ ഒരുപോലെ തോന്നിക്കുന്ന ഇരട്ടകൾ സാധാരണയാണ്. എന്നാൽ പഠനത്തിലും കളിയിലും കലാതാത്പര്യങ്ങളിലും ഒക്കെ ഒരേ പോലെയുള്ള പ്ലസ് ടു പരീക്ഷയിലെ മാർക്ക് പോലും തുല്യമായ ഇരട്ടകൾ അപൂർവമായിരിക്കും.

തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ പറമ്പിൽ സക്കീറിന്റെയും ചലമ്പാട്ട് ആയിഷയുടെയും മക്കളായ റെനയും റിനുവും ആണ് ഈ മിടുക്കികൾ. ഈ കഴിഞ്ഞ പ്ലസ് ടു ഫലം വന്നപ്പോൾ രണ്ടുപേർക്കും മാർക്ക് പോലും ഒരുപോലെ 1200 ൽ1185!. ഇംഗ്ലീഷിലും കെമിസ്ട്രിയിലും ഓരോ മാർക്കിന്റെ വ്യത്യാസം ഉണ്ടായത് ഒഴിച്ചാൽ മറ്റെല്ലാ വിഷയങ്ങളിലും മാർക്ക് തുല്യം. ഇഷ്ടവിഷയമായ കണക്കിനാണെങ്കിൽ 200 ൽ 200 ഉം കിട്ടി രണ്ടുപേർക്കും.

പഠനത്തോടൊപ്പം പാട്ടിലും ചിത്രകലയിലും ഒരുപോലെ കഴിവ് തെളിയിച്ചവർ കൂടെയാണ് ഈ മിടുക്കികൾ. ഇങ്ങനെ എല്ലാറ്റിലും സാമ്യം പുലർത്തുന്ന ഇരട്ടകളെ 'മോണോ സൈക്കോടിക് ട്വിൻസ് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അപൂർവ സാമ്യതയുള്ള ഇവരുടെ വിവരങ്ങൾ ഇവർ പഠിച്ച കോട്ടക്കൽ സെയ്തൂൻ ഇന്റർ നാഷണൽ സ്‌കൂൾ അധികൃതർ ഹൈദരാബാദ് സെന്റർ ഫോർ മോളിക്യുലാർ ബയോളജി, അമേരിക്കൻ സൈക്യാട്രി അസോസിയേഷൻ എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. 

Tags:
  • Spotlight
  • Social Media Viral