Tuesday 09 November 2021 11:34 AM IST : By സ്വന്തം ലേഖകൻ

ലോക്ഡൗണിനു ശേഷം വ്യായാമത്തിനായി തുടങ്ങി; 200 കിലോമീറ്റർ സൈക്കിൾ റൈഡ് വിജയകരമായി പൂർത്തിയാക്കി രണ്ടു ദമ്പതികൾ

kottayam-200-kms-cycle-ride.jpg.image.845.440 ഡോ. ഫിയോണ എലിസബത്ത് ജോഷിയും രാകേഷ് ജയിംസും

കോട്ടയം ജില്ലയിൽനിന്നുള്ള രണ്ടു ദമ്പതികൾ കൊച്ചിൻ ബൈക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 200 കിലോമീറ്റർ സൈക്കിൾ റൈഡ് (200 ബിആർഎം– ബ്രവ റാൺഡൊണേഴ്സ് മോജ്യു) വിജയകരമായി പൂർത്തിയാക്കി. മലയാള മനോരമ കോടിമത വർക്സ് ഡിവിഷനിലെ പ്രൊഡക്‌ഷൻ ആൻഡ് ഡപ്യൂട്ടി മാനേജർ രാകേഷ് ജയിംസ്, ഭാര്യ ബിസിഎം കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ഫിയോണ എലിസബത്ത് ജോഷി, സോഫ്റ്റ് വെയർ എൻജിനീയർമാരായ കുറവിലങ്ങാട് കാട്ടാമ്പാക്ക് മണി മന്ദിരം വീട്ടിൽ കണ്ണൻ ശശി, ഭാര്യ ചന്ദൻ സാവേ എന്നിവരാണ് വിജയകരമായി റൈഡ് പൂർത്തിയാക്കിയത്.

ഫ്രാൻസിലെ ഓഡക്സ്‌ പാരിസ് സംഘടിപ്പിക്കുന്ന ദീർഘദൂര സൈക്കിൾ റൈഡുകളിലൊന്നാണ് 200 ബിആർഎം.13 മണിക്കൂർ 5 മിനിറ്റ് കൊണ്ട് പൂർത്തിയാക്കേണ്ട 200 കിലോമീറ്റർ റൈഡ് കണ്ണൻ ശശി– ചന്ദൻ സാവേ ദമ്പതികൾ 12 മണിക്കൂർ 30 മിനിറ്റു കൊണ്ടും രാകേഷ് ജയിംസ്– ഡോ. ഫിയോണ എലിസബത്ത് ജോഷി ദമ്പതികൾ 12 മണിക്കൂർ 45 മിനിറ്റു കൊണ്ടും പൂർത്തിയാക്കി. 169 പേരാണ് റൈഡിൽ പങ്കെടുത്തത്. കലൂർ സ്റ്റേഡിയത്തിൽ ആരംഭിച്ച റൈഡ് പറവൂർ,കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃശൂർ, കുന്നംകുളം, വടക്കാഞ്ചേരിയിൽ എത്തി അവിടെനിന്നു തിരിച്ച് തൃശൂർ, ചാലക്കുടി അങ്കമാലി വഴി കലൂരിൽ എത്തുന്ന രീതിയിലായിരുന്നു ക്രമീകരിച്ചത്.

kottayam-cycle-riders.jpg.image.845.440 കണ്ണൻ ശശിയും ഭാര്യ ചന്ദൻ സാവേയും

ആദ്യ ലോക്ഡൗണിനു ശേഷമാണ് സൈക്ലിങ് തുടങ്ങിയതെന്നു രാകേഷ് ജയിംസ് പറഞ്ഞു. വ്യായാമത്തിനായി തുടങ്ങിയതാണ്. അതോടെ ഭാര്യ ഫിയോണ എലിസബത്തും സൈക്ലിങ് പഠിച്ചു. ദിവസവും ഒരു മണിക്കൂറിനുള്ളിൽ 20 കിലോമീറ്റർ ഇരുവരും സൈക്കിൾ ചവിട്ടും. അവധി ദിവസങ്ങളിലും ഞായറാഴ്‌ചകളിലും ദീർഘദൂര റൈഡുകളും നടത്തി. യുഎസിൽനിന്നു കോവിഡ് കാലത്ത് നാട്ടിൽ എത്തിയതാണ് കണ്ണൻ ശശിയും ഭാര്യ ചന്ദൻ സാവേയും. വർക്ക് ഫ്രം ഹോമായതോടെ വ്യായാമത്തിനായി ഇരുവരും സൈക്കിൾ ചവിട്ടാൻ തുടങ്ങി. നാലു പേരും കോട്ടയം സൈക്ലിങ് ക്ലബ്ബിലെ (കെസിസി) അംഗങ്ങളാണ്.

Tags:
  • Spotlight