Tuesday 08 September 2020 03:02 PM IST : By ശ്യാമ

പേര് ഈഥൻ അശ്വിൻ, വയസ്സ് രണ്ട്; നേട്ടം ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ സ്വന്തം പേര്! അപൂർവ ബഹുമതിയുമായി മലയാളി ബാലൻ

aswiinn3211

ഒന്ന് മുതൽ നൂറു വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും നേരെയും തിരിച്ചും വേഗത്തിൽ പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്ന് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് രേഖപ്പെടുത്തിയത് ഈഥൻ അശ്വിൻ എന്ന രണ്ട് വയസുകാരന്റെ പേരാണ്. ഈ അപൂർവ നേട്ടം സ്വന്തമാക്കിയ മലയാളിയായ ഈഥൻ മട്ടാഞ്ചേരി പരവന സ്വദേശിയാണ്. ഇപ്പോൾ കുടുംബത്തോടെ ഹൈദരാബാദാണ് താമസം. മൂക്കത്ത് വിരൽ വെക്കാൻ വരട്ടെ അത്ഭുതങ്ങളുടെ ലിസ്റ്റിനെ കുറിച്ച് പറയാനാണെങ്കിൽ... ഇതൊരു തുടക്കം മാത്രം! രണ്ട് വയസും അഞ്ച് മാസവും ഉള്ളപ്പോൾ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ നാലും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഒരു തവണയും  ഈ കൊച്ച് വലിയ അദ്‌ഭുതമായ ഈഥന്റെ പേരുണ്ട്.

"ഞങ്ങളുടെ ആദ്യത്തെ കുഞ്ഞാണ് ഈഥൻ. അത് കൊണ്ട് തന്നെ അവനുള്ള കഴിവുകൾ വളരെ സ്പെഷ്യൽ ആണെന്ന് ആദ്യമൊന്നും ഞങ്ങൾക്ക് തോന്നിയിരുന്നില്ല. എല്ലാ കുട്ടികളും ഇങ്ങനെ ആയിരിക്കും എന്നാണ് ഞങ്ങൾ ഓർത്തത്."- ഹൈദ്രബാദിൽ ഇലക്ട്രിക്കൽ ഡിസൈൻ എഞ്ചിനീയർ ആയ അശ്വിൻ രാജുവും ബാങ്ക് ഉദ്യോഗസ്ഥ ഹർഷ മാത്യൂസും പറയുന്നു.

ashh7654780

"സുഹൃത്തുക്കളും  ബന്ധുക്കളും ആണ് ഇവന്റെ വിഡിയോസ് കണ്ട് അദ്‌ഭുതപെട്ട് ഇത്‌ നിസ്സാര കഴിവുള്ള കുട്ടിയല്ല, നിങ്ങൾ ഇവനെ മത്സരിപ്പിക്കണം എന്നൊക്കെ പറയുന്നത്. അങ്ങനെയാണ് ഞങ്ങൾ മോന്റെ പേരും മത്സരത്തിന് അയക്കുന്നത്. ഒന്നര വയസിൽ മുൻപ് റെക്കോർഡിന് വേണ്ടി മത്സരിച്ചിരുന്നു. അന്ന് അവർ പറഞ്ഞ ഗൈഡ്ലൈൻസ് പോലെ ഒരേ സ്ഥലത്ത് തന്നെ അടങ്ങിയിരുന്നോ നിന്നോ തന്നെ അത് അവൻ പറഞ്ഞില്ല, മോൻ അങ്ങനെ അടങ്ങി ഇരിക്കാറേയില്ല. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം.

അതുകൊണ്ട് അന്നത്തേതിന് ശേഷം പിന്നെ രണ്ടു വയസിൽ ആണ് മത്സരിച്ചത്. അന്നും 2 മിനിറ്റിൽ താഴെ സമയം മാത്രമേ എടുത്തിരുന്നുള്ളൂ. ഇത്തവണ ഓൺലൈൻ ആയിട്ടായിരുന്നു ടെസ്റ്റ്‌. അവർക്ക് മുന്നിൽ പറഞ്ഞു കേൾപ്പിക്കണം. അവർ സമയം നോക്കും. അങ്ങനെയാണ് അവന് ഈ നേട്ടം കിട്ടുന്നത്. 

ഞാൻ ആദ്യമായി ഞെട്ടുന്നത് ഇവൻ ഒരു വയസുള്ളപ്പോൾ എന്റെ ഫോണിന്റെ നമ്പർ പാസ്സ്‌വേർഡ്‌ നോക്കി അത് അൺലോക്ക് ചെയ്തപ്പോഴാണ്. ഞാനത് അശ്വിനോട് പറയുകയും ചെയ്തു. നീന്തുന്ന സമയത്ത് പോലും കളിപ്പാട്ടങ്ങൾ ഒക്കെ കൊടുക്കുമ്പോൾ ഭയങ്കര സൂക്ഷിച്ച് അതൊക്കെ ശ്രദ്ധിച്ചിരിക്കും. അശ്വിന്റെ അനുജന്റെ കല്യാണത്തിന് ഇവർ പണ്ട് ചെയ്ത ഡാൻസ് വിഡിയോ ഇട്ടിരുന്നു. അന്ന് ഇവൻ കിടന്നോണ്ട് തന്നെ ആ കൃത്യമായ താളത്തിൽ കയ്യും കാലും അനക്കാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങളുടെ വീട്ടുകാർ ഒക്കെ ഇത്‌ ഇത്ര കാര്യമായി ശ്രദ്ധിക്കുന്നത്. 

ashh7654

അവനെ ഉറക്കാൻ പാട്ട് പാടുമ്പോൾ ആ കൃത്യം പിച്ചിൽ തന്നെ അവനും ഒപ്പം പാടാൻ നോക്കിയിരുന്നെന്ന് അശ്വിനും അനിയനും പറയും. വ്യക്തമായി വാക്കുകൾ പറയാൻ പറ്റും മുൻപേയുള്ള കാര്യമാണിത്. പാട്ടിന്റെ കാര്യം എനിക്ക് അത്ര മനസിലായിരുന്നില്ല. ഇരുപതോളം മൃഗങ്ങളുടെ ശബ്ദങ്ങൾ തിരിച്ചറിയാൻ അവന് പറ്റും. നിറങ്ങൾ, മ്യൂസിക്കൽ നോട്സ്,  പഴങ്ങൾ,  പച്ചക്കറികൾ,  വീട്ടുപകരണങ്ങൾ, ആഴ്ചകൾ, മാസങ്ങൾ തുടങ്ങി പലതും അവന് നന്നായറിയാം. വര, കുക്കിംഗ്‌,  പാട്ട് എന്നിവയോടും നല്ല താല്പര്യമാണ്.

കുഞ്ഞ് മാന്ത്രികൻ

ഒരു വയസും പതിനൊന്നു മാസവും ഉള്ളപ്പോൾ തന്നെ 1-100 വരെ അവൻ എഴുതിയിരുന്നു. അത് പോലെ തിരിച്ചും. അതുപോലെ ഒറ്റ ഇരട്ട സംഖ്യകൾ വേർതിരിച്ചെഴുതും. 10 വരെയുള്ള സംഖ്യകളുടെ സ്ക്വയറുകൾ പറയും. അതുപോലെ 1-15 വരെയുള്ള ഗുണനപ്പട്ടിക പറയും. ചെസിനോട് പുതിയൊരു ഇഷ്ടം വന്നിട്ടുണ്ട്. എല്ലാ കരുക്കളും അവനിപ്പോഴേ അടുക്കി വെക്കാൻ സാധിക്കും. കീബോർഡ് പഠിക്കാനും ഭയങ്കര താല്പര്യം കാണിക്കുന്നുണ്ട്. 

ഹർഷ ഐഎഎസ്സിനൊക്കെ ശ്രമിച്ച ആളാണ്, അവിടുന്നാകും അവന് കണക്കിനോടുള്ള ഇഷ്ടം വരുന്നത്. എനിക്കും എന്റെ അനിയനും കുറച്ച് പാട്ടും നൃത്തവും താല്പര്യമുണ്ടായിരുന്നു. പണ്ട് ഞങ്ങൾ ചാനൽ പരിപാടികളൊക്കെ ചെയ്തിരുന്നു. അങ്ങനെയാകണം  മോന്  സംഗീതത്തോട് താല്പര്യം വരുന്നത്. 

ashh7654666

5-6 വയസിലൊക്കെ തന്നെ അവനീ നഴ്സറി പാട്ടുകളും നമ്പറുകളും നന്നായി ശ്രദ്ധിച്ചിരിക്കും. കരച്ചിൽ നിർത്താൻ വരെ അതൊക്കെ നമുക്ക് ഉപയോഗിക്കാമായിരുന്നു. ഒരു വയസിന് ഒരു മാസം മുന്നേ അവൻ സംസാരിക്കാൻ തുടങ്ങി. അപ്പൊ തൊട്ട് ക്ലോക്കിലെ നമ്പർ എല്ലാം പറയും. എസിയിലെ നമ്പർ പറയും. നമ്മൾ 22 ഇൽ ഇട്ട് ഉറങ്ങി രാവിലെ എണീക്കുമ്പോൾ 23 ഒക്കെ ആയാൽ അത് പോലും അവൻ ഓർത്ത് വച്ച് ശ്രദ്ധിച്ചു പറയാൻ തുടങ്ങി. അതുപോലെ കാർ പാർക്കിങ്ങിൽ പോയാൽ ആ നമ്പർ കൃത്യമായി ഓർക്കും. 

ഇംഗ്ലീഷ് അക്ഷരങ്ങൾ നമ്മളെല്ലാവരും മക്കളെ പഠിപ്പിക്കാറുണ്ടല്ലോ... പക്ഷേ, ഇവൻ അത് കഴിഞ്ഞു ഒരു ദിവസം അത് തിരിച്ചു പറയാൻ തുടങ്ങി. ഞാൻ ഒരു രസത്തിന് റെക്കോർഡ് ചെയ്തിട്ടു വീണ്ടും കേട്ട് നോക്കിയപ്പോഴാണ് എല്ലാ അക്ഷരങ്ങളും കിറുകൃത്യമായി തന്നെയാണ് തിരിച്ച് പറയുന്നതെന്ന് മനസിലായത്!  ഞങ്ങൾ അങ്ങനെ പഠിപ്പിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല. 2 വയസിൽ കുഞ്ഞ് കീബോർഡിൽ ട്വിങ്കിൾ ട്വിങ്കിൾ വായിക്കാൻ തുടങ്ങി. ഇതൊക്ക കണ്ടപ്പോൾ അവന് പഠിക്കാൻ  വേണ്ടി ഞങ്ങൾ ചില ചെറിയ ആപ്പുകളും പലതരം ഗെയിമുകളും ഉണ്ടാക്കി. 

ഇപ്പോൾ അവൻ സ്പെല്ലിങ്ങ് ഒക്കെ പറയുന്നു. ക്യാറ്റ്,  ഡോഗ് ഒക്കെ കഴിഞ്ഞ് ഹിപ്പൊപൊട്ടാമസ് ഒക്കെ വരെ അവൻ പറയുന്നുണ്ട്. കുഞ്ഞല്ലേ എന്നോർത്ത് ഇത്രയും ഒക്കെ മതി എന്ന് ഞങ്ങൾ വിചാരിക്കുമ്പോ 15 കഴിഞ്ഞു "ടേബിൾ ഓഫ് 16" പഠിപ്പിക്കാൻ അവൻ ഇങ്ങോട് പറഞ്ഞ് വാശി പിടിക്കും. കളിപ്പാട്ടങ്ങൾ അത്ര ഇഷ്ടമല്ല. പസ്സിലുകൾ,  അക്കങ്ങൾ,  നമ്പറുകൾ ഒക്കെ വരുന്ന കാര്യങ്ങളാണ് ഇഷ്ടം. ഈയിടെ ഞങ്ങൾ പുതിയൊരു പസ്സിൽ വാങ്ങി അതിലൊന്ന് ചെയ്തു കാണിച്ച് കൊടുത്തു. അവൻ അത് കണ്ട് 15 മിനിട്ടിനുള്ളിൽ തന്നെ അതിലെ  5 എണ്ണവും ചെയ്തു കഴിഞ്ഞു. അതൊക്ക റെക്കോർഡ് കിട്ടിയ ശേഷം ചെയ്യാൻ തുടങ്ങിയതാണ്. 

ഈഥന് വേണ്ടിയുള്ള പുതിയ ആപ്പുകളും പുതിയ കളികളും ഒക്കെ കണ്ടുപിടിച്ചു അച്ഛനും അമ്മയും ഒപ്പമുണ്ട്. അദ്‌ഭുതങ്ങളുടെ പുതിയ പുതിയ പടവുകൾ കയറുന്ന വാർത്താക്കളുമായി ഈഥൻ ഇനിയും നമുക്ക് മുന്നിൽ എത്തട്ടെ...

linnbcfdd
Tags:
  • Spotlight
  • Inspirational Story