Tuesday 30 October 2018 11:31 AM IST : By സ്വന്തം ലേഖകൻ

ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; അമ്മയുടെ ൈകയ്യിൽ നിന്നും കൈക്കുഞ്ഞ് തെറിച്ചു വീണു; പിന്നെ സംഭവിച്ചത്; വൈറൽ വിഡിയോ

tyre-xplodes

‘ആ അമ്മയ്ക്കും കുഞ്ഞിനും ദൈവത്തിന്റെ കടാക്ഷമുണ്ട്. അല്ലായിരുന്നെങ്കിൽ സംഭവിക്കുന്നത് മറ്റൊന്നായിരുന്നേനെ.’ സോഷ്യൽ മീഡിയയുടെ നെഞ്ചുലയ്ക്കുന്ന ആ വൈറൽ വിഡിയോക്കു കീഴെ ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

അതിഭീകര ശബ്ദത്തോടെ ഒരു ഹെവി വെഹിക്കിള്‍ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയാണ്. അതിനടുത്ത് നിന്നതാകട്ടെ ഒരമ്മയും കുഞ്ഞും. പക്ഷേ അത്ഭുതമെന്ന് പറയട്ടെ, അവർ രക്ഷപ്പെട്ടു. കാഴ്ച്ചക്കാരുടെ ഉള്ളുലയ്ക്കുന്ന ആ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പാറിപ്പറന്നു നടക്കുന്നത്.

ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ച ടയര്‍ വന്നിടിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നു. എന്നാല്‍ കൈക്കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. കുഞ്ഞിനെ എടുത്ത അമ്മ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.

ടയര്‍ റിപ്പയറിങ് സ്ഥാപനത്തില്‍ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പകുതി പണി തീര്‍ത്ത ഒരു വലിയ ടയര്‍ അവര്‍ ഒരു സ്ഥലത്ത് ചാരിവെച്ചു. ഈ സമയത്ത് അവിടെയെത്തിയ അമ്മയും കുഞ്ഞും നടന്ന് ടയറിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അത് പൊട്ടിച്ചിതറിയത്.

കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് തെറിച്ച് വീണെങ്കിലും ഒന്നും സംഭവിച്ചില്ല. കുട്ടിയുടെ അമ്മയെ പരിക്കുകളോടെ ടയര്‍ കമ്പനിയിലെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ഒരു വയസില്‍ താഴെ മാത്രമേ പ്രായമുണ്ടാകൂ. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം കുഞ്ഞിനേയും എടുത്ത് ഇത്തരം അപകടകരമായ ഒരു സ്ഥലത്തേക്ക് വന്ന അമ്മയെ പൊലീസ് വിമര്‍ശിച്ചു.