Thursday 09 April 2020 02:52 PM IST

ഓൺലൈനിൽ ക്ലാസ്സെടുക്കുന്ന അമ്മ, പഠിക്കുന്നത് മകൾ; യുഎഇയിലെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഇങ്ങനെ!

Roopa Thayabji

Sub Editor

Dubai080420_1

വീട്ടിലെ ഒരു മുറിയിൽ ഇരുന്നു അമ്മ ഓൺലൈനിൽ പഠിപ്പിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ലാപ്ടോപ്പിന് മുന്നിൽ ഇരുന്ന് ക്ലാസ് അറ്റൻഡ് ചെയ്യുന്നത് മക്കൾ തന്നെയാണ്. രസകരമായ ഈ ക്ലാസ് വിശേഷങ്ങൾ നടക്കുന്നത് അങ്ങ് യുഎഇയിലെ കടലോര നഗരമായ ഫുജൈറയിൽ ആണ്. ഫുജൈറ സെൻറ് മേരീസ് കാത്തലിക് സ്കൂളിൽ മലയാളം അധ്യാപികയായ നിഷിയാണ് മക്കളായ ജനനിക്കും ചേതനയ്ക്കും അടക്കം ഓൺലൈനിൽ ക്ലാസ് എടുക്കുന്നത്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയി ആരംഭിച്ച വിശേഷങ്ങൾ നിഷി വനിത ഓണ്ലൈനോട് പറയുന്നു.

കൊറോണയും ക്ലാസ്സെടുപ്പും

പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സുകാരുടെ ക്ലാസുകൾ മാർച്ച് 29 ന് തന്നെ തുടങ്ങി. ആദ്യദിവസം പത്താംക്ലാസുകാരെ സ്വാഗതം ചെയ്യലും ഇൻഡക്ഷൻ പ്രോഗ്രാമും ആയിരുന്നു. മുപ്പതാം തീയതി മുതൽ റെഗുലർ ക്ലാസ്സുകൾ ആരംഭിച്ചു. കെ ജി വൺ മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ളവർക്ക് ഏപ്രിൽ അഞ്ചിന് ക്ലാസ് തുടങ്ങി. പ്ലസ് ടു ക്ലാസ്സുകൾ മാർച്ച് ആദ്യവാരം തന്നെ തുടങ്ങിയിരുന്നു.

ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി പ്രത്യേക അനുമതി വാങ്ങിയ ശേഷം അധ്യാപകർ സ്കൂളിലെത്തി സ്റ്റഡി മെറ്റീരിയലുകൾ വീട്ടിലേക്ക് കൊണ്ടുപോയി. ഗൂഗിൾ മീറ്റ് വഴിയാണ് റിമോട്ട് ലേണിങ് നടത്തുന്നത്. ഓരോ വിഷയത്തിലും കുട്ടികൾക്ക് ജോയിൻ ചെയ്യാനുള്ള ലിങ്കും പാസ്‌വേർഡും കുട്ടികൾക്ക് നൽകി. കോമൺ വിഷയങ്ങളിൽ അതാത് ലിങ്ക് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജോയിൻ ചെയ്യാം. ഫ്രഞ്ച്, മലയാളം പോലെ പ്രത്യേക വിഷയങ്ങൾ പഠിക്കുന്നവർക്ക് ലിങ്കുകൾ പ്രത്യേകമായി നൽകിയിട്ടുണ്ട്. ടൈം ടേബിൾ അനുസരിച്ചു ഓരോ പീരിയഡിലും അതാത്‌ വിഷയം പഠിപ്പിക്കുന്ന ടീച്ചർ ലോഗ് ഇൻ ചെയ്ത് ക്ലാസ് എടുക്കും. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനും ടീച്ചർമാർക്ക് ചോദ്യങ്ങൾ ചോദിക്കാനുമൊക്കെ ഗൂഗിൾ മീറ്റിലൂടെ പറ്റും.

ഇതിന്റെ മറ്റൊരു ഗുണം എന്താണെന്നോ, വെക്കേഷന് നാട്ടിൽ പോയിട്ട് ലോക്ക് ഡൗൺ കാരണം തിരികെ വരാൻ സാധിക്കാതിരുന്ന രണ്ടു മലയാളി കുട്ടികളും അവിടെ ഇരുന്ന് ഓൺലൈനിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നുണ്ട്.

പുതിയ അധ്യയന വർഷത്തെ ടെക്സ്റ്റ് ബുക്കുകൾ ഒന്നും വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് അതാത് ദിവസം പഠിപ്പിക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും സ്കാൻ ചെയ്തു കുട്ടികൾക്ക് ഈ മെയിലിൽ അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് ഇവ എഴുതി പഠിക്കുന്നതിന് പുസ്തകങ്ങളൊന്നും വാങ്ങാൻ മാർഗ്ഗമില്ല. അതുകൊണ്ട് ഡയറികളിലും പഴയ നോട്ടുബുക്കുകളിലെ ബാക്കിയുള്ള പേജുകളിലും ഒക്കെ എഴുതാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.

ക്ലാസ്സുകൾ റെക്കോർഡ് ചെയ്യണമെന്ന് സ്കൂളിൽ നിന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മിനിസ്ട്രിയുടെ സപ്പോർട്ട് ഉണ്ട് ഇ ലേണിങ്ങിന്. വീട്ടിൽ ഇൻറർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് സ്കൂളുകൾ മുഖേന അപേക്ഷ നൽകാനുള്ള അവസരം മിനിസ്ട്രി നൽകിയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഇരുദയരാജ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ സുരേഷ് കുമാർ, സിബിഎസ്ഇ വിഭാഗം വൈസ് പ്രിൻസിപ്പാൾ ബെനിറ്റ മാഡം തുടങ്ങിയവരൊക്കെ എല്ലാ സപ്പോട്ടുമായി കൂടെയുണ്ട്.

Dubai080420_2

ഈ അനുഭവം ആദ്യം

ഈ സ്കൂളിൽ 2005 മുതൽ മലയാളം അധ്യാപികയാണ് ഞാൻ. ഈ കഴിഞ്ഞ 15 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അനുഭവം. 25 വർഷത്തിൽ അധികമായി ഇവിടെ ജോലി ചെയ്യുന്ന ഭർത്താവ് ജയനും ഈ അനുഭവം ആദ്യമായാണ്.

ഒൻപതാം ക്ലാസുകാരിയായ ജനനിക്കു രാവിലെ എട്ടു മുതൽ ഉച്ചയ്‌ക്ക് 12.50 വരെയാണ് ക്ലാസ്‌. മൂന്നാം ക്ലാസുകാരിയായ ചേതനയ്ക്ക് വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെ ക്ലാസ്സ് ഉണ്ട്. ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന എനിക്ക് ഈ രണ്ട് സമയത്തും ക്ലാസുകൾ എടുക്കാനും ഉണ്ടാകും.

എല്ലാ ക്ലാസ്സുകാരുടെയും സ്കൂൾ ഫൈനൽ പരീക്ഷ നടക്കുന്നതിനിടെയാണ് കൊറോണ ഭീതിയെ തുടർന്ന് സ്കൂളുകളും മറ്റും അടയ്ക്കാൻ ഭരണകൂടം നിർദ്ദേശിച്ചത്. അവസാനത്തെ രണ്ട് പരീക്ഷകളും ക്യാൻസൽ ചെയ്തു. മറ്റു പരീക്ഷകളിലെ മാർക്കും ആ വർഷത്തെ പഠന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ രണ്ട് പരീക്ഷകൾക്കുമുള്ള മാർക്ക് നിർണയിച്ചത്.

പത്താം ക്ലാസ്സിലെ ബോർഡ് എക്സാം ഈ ദിവസങ്ങളിലും തുടർന്നു. പക്ഷേ അപ്പോൾ നിശ്ചിത പരീക്ഷ ഡ്യൂട്ടിയുള്ള അധ്യാപകർക്ക് മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. കൈയുറകൾ, മാസ്ക്കുകൾ ഒക്കെ നിർബന്ധം ആയിരുന്നു. വിദ്യാർത്ഥികളെ കൊണ്ടുവരുന്ന സ്കൂൾ ബസ് ആ ദിവസങ്ങളിൽ ഓടിയില്ല. പകരം രക്ഷിതാക്കൾ തന്നെ പരീക്ഷയ്ക്കായി കുട്ടികളെ സ്കൂളിൽ കൊണ്ടുവരികയും പരീക്ഷ കഴിയുമ്പോൾ തിരിച്ചു വിളിച്ചു കൊണ്ടു പോവുകയും ചെയ്യുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ ക്രമീകരണങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടോ എന്നൊക്കെ പരിശോധിക്കുന്നതിനായി മിനിസ്ട്രിയുടെ പ്രത്യേക സംഘം നിരീക്ഷണം നടത്തുന്നുമുണ്ടായിരുന്നു.

ഫെബ്രുവരി മാസത്തിൽ കൊറോണ ഭീതി ആരംഭിച്ച സമയത്ത് തന്നെ എല്ലാ ക്ലാസ്സുകളിലും സ്കൂൾ മെഡിക്കൽ ടീം പ്രത്യേക പരിശീലനങ്ങലും വ്യക്തി ശുചിത്വം പാലിക്കേണ്ട രീതികളുമൊക്കെ വിവരിച്ച് ക്ലാസ്സുകൾ എടുത്തിരുന്നു.

Dubai080420_3

ഈ കാലം കടന്ന് പോകും

രാത്രിപോലും ജനത്തിരക്ക് ഒഴിയാത്ത റോഡുകളിൽ ഇപ്പോൾ പകൽ പോലും ആരെയും കാണാനില്ല. രാത്രി 8 മണി മുതൽ രാവിലെ ആറുമണിവരെ പുറത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം മിനിസ്ട്രി നൽകിയിട്ടുണ്ട്. അണുനശീകരണ ജോലികൾ ആരംഭിക്കുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം ഫോണിൽ പോലീസിൻറെ അലർട്ട് മെസ്സേജുകൾ വരും. മെസ്സേജുകൾ ലഭിച്ചതിനു ശേഷവും ഈ സമയത്ത് പുറത്തിറങ്ങുന്നവർക്ക് കനത്ത ഫൈൻ കെട്ടേണ്ടി വരും. രാത്രി സമയത്ത് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആരോഗ്യ വിഭാഗം പ്രവർത്തകർ അണുനശീകരണം നടത്തുന്നത്.

ടെക്നോളജി എല്ലാവരും ഒരുപോലെ മിടുക്കരായി ഉപയോഗിക്കുമ്പോഴാണ് റിമോട്ട് ലേണിങ് പൂർണ്ണമായും വിജയമാകുന്നത്. ഒരേ സമയം ക്ലാസ്സ് ഉള്ള രണ്ടു കുട്ടികൾ ഉള്ള വീടുകൾ ഉണ്ടാകാം. ഒരു കമ്പ്യൂട്ടർ മാത്രമുള്ള വീട്ടിൽ രണ്ടുപേർക്കും ഒരേ സമയം ക്ലാസ് അറ്റൻഡ് ചെയ്യാൻ പറ്റിയെന്നുവരില്ല. അധ്യാപകർക്കും ഉണ്ട് പ്രശ്നങ്ങൾ. കൈ കുഞ്ഞുങ്ങളെ ഒക്കെ ബേബി സിറ്റിങ്ങിൽ വിട്ടിട്ട് സ്കൂളിൽ വന്നിരുന്ന പലർക്കും ഇപ്പോൾ അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ ആ ബുദ്ധിമുട്ട് ഒക്കെ കുറച്ചു കാലത്തേക്കല്ലേ എന്ന ആശ്വാസത്തിലാണ് എല്ലാവരും.