Monday 29 June 2020 04:27 PM IST : By സ്വന്തം ലേഖകൻ

9–ാം മാസം കോവിഡ് പോസിറ്റീവ്! ജന്മം നൽകിയ മുത്തിനെ ആദ്യം കണ്ടത് ഫൊട്ടോയിൽ; ഒടുവിൽ ജിൻസിയുടെ സ്നേഹച്ചൂടേറ്റ് ഏയ്‍ഞ്ചലിൻ

covid-baby

കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന് മറ്റുള്ളവർക്ക് സംരക്ഷണകവചമൊരുക്കുന്ന ആരോഗ്യ പ്രവർത്തകരെ സ്നേഹത്തോടെ നമ്മൾ വിളിക്കുന്ന പേരാണ്- മാലാഖമാർ. ആ മാലാഖമാരിൽ ഒരാളാണ് കോട്ടയം സ്വദേശിനി ജിൻസി ആന്റണി. യുഎഇയിൽ കോവിഡ് ബാധിച്ചു തുടങ്ങിയ ഘട്ടത്തിൽ രോഗ ബാധിതരെ പരിചരിക്കാൻ അൽ- ഐൻ വിപിഎസ് മെഡിയോർ ആശുപത്രിയിൽ സേവനനിരതയായി ജിൻസിയുണ്ടായിരുന്നു. ഗർഭിണിയായ ജിൻസിയും ഭർത്താവും സഹോദരിയും പിന്നീട് കോവിഡ് പോസിറ്റിവായി. കോവിഡ് നെഗറ്റിവാകും മുമ്പേ ജീവൻ നൽകിയ സ്വന്തം കുഞ്ഞിന് ജിൻസിയും കുടുംബവുമിട്ട പേര് ഏയ്ഞ്ചലിൻ! പൊതു സമൂഹം മാലാഖമാരെന്നു വിളിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായാണ് മാലാഖയെന്ന് അർഥം വരുന്ന പേര് പിഞ്ചോമനയ്ക്ക് നൽകാനുള്ള ഈ കുടുംബത്തിന്റെ തീരുമാനം. അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ആദ്യ കുഞ്ഞിന്റെ കളി ചിരികൾക്കൊപ്പം ദുരിതകാലം മറക്കാൻ ശ്രമിക്കുന്ന കുടുംബം ഇതിനകം താണ്ടിയെത്തിയത് അതിജീവനത്തിന്റെ കഠിനപാതകളാണ്.

കുടുംബത്തിൽ മൂന്നു പേർക്കും കോവിഡ്

സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ ജിൻസിയുടെ ഭർത്താവ് ജോസ് ജോയാണ് ആദ്യം കോവിഡ് പോസിറ്റിവ് ആകുന്നത്.പിന്നാലെ, സാമ്പിൾ നൽകി ഫലം വന്നപ്പോൾ ജിൻസിയും പോസിറ്റിവ്. ശരീര വേദനയും രുചി ഇല്ലായ്മയുമായിരുന്നു പ്രകടമായ ലക്ഷങ്ങൾ. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ ക്വാറന്റിനിൽ തുടർന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ജോസ്മി ആന്റണി മുൻകരുതലുകൾ സ്വീകരിച്ചു ജിൻസിക്ക് തുണയായി. കോവിഡ് പോസിറ്റിവ് ഫലം വരുമ്പോൾ ഒൻപതു മാസം ഗർഭിണിയായിരുന്ന ജിൻസിയുടെ പ്രസവം ജൂൺ പകുതിയോടെയാകാനാണ് സാധ്യതയെന്ന് നേരത്തെ ഡോക്ടർ സൂചിപ്പിച്ചിരുന്നു. ഈ തീയതിയിലായിരുന്നു കുടുംബത്തിന് അൽപ്പമെങ്കിലും ആശ്വാസം.

പ്രതീക്ഷകൾ തെറ്റിച്ചെത്തിയ പ്രസവ തീയതി

മെയ് 15ന് പോസിറ്റിവ് ആയശേഷം നെഗറ്റീവ് ഫലം ലഭിക്കാനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു ജിന്സിയും കുടുംബവും. ഡേറ്റിന് മുൻപ് നെഗറ്റിവ് ഫലം വരാനായി എല്ലാവരുടെയും പ്രാർത്ഥന. അതിനിടെ ചികിത്സയിൽ കഴിയുന്ന ജോസിന് ന്യൂമോണിയ സ്ഥിരീകരിച്ചു, ശ്വാസം മുട്ട് തുടങ്ങി. കോവിഡ് പോസിറ്റിവായ ഉടൻ ജിൻസി ജോലി ചെയുന്ന അൽ- ഐൻ മെഡിയോർ ആശുപത്രിയിൽ ജോസിനെ പ്രവേശിപ്പിച്ചതിനാൽ ആരോഗ്യനില നിയന്ത്രണവിധേയമായി വന്നു.

ഇരുപതു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആശ്വാസമായി ജിൻസിയുടെ ആദ്യ നെഗറ്റിവ് റിപ്പോർട്ട് ജൂണ് നാലിന് വന്നു. അടുത്ത ദിവസം തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു ജിൻസി ചെക്കപ്പിനായി ഡോക്ടറെ കണ്ടു. ബിപി കൂടുതൽ ആണെന്നും തൊട്ടടുത്ത ദിവസം അഡ്മിറ്റ് ആകണമെന്നും ഡോക്ടർ. രണ്ടാമത്തെ പരിശോധനയ്ക്ക് അപ്പോൾ തന്നെ സാമ്പിൾ നൽകി.

അടുത്ത ദിവസം ആശുപത്രിയിൽ അഡ്മിറ്റായ ജിൻസിയെ ഫലം വരാത്തതിനാൽ കോവിഡ് ബാധിതർക്കുള്ള പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മെഡിയോർ ആശുപത്രിയിലെ സഹപ്രവർത്തകർ പരിചരിച്ചിരുന്നത്. ആറാം തീയതി രാത്രി വേദന കൂടിയതിനെ തുടർന്ന് ഡെലിവറി റൂമിലേക്ക് മാറ്റി. അന്ന് രാത്രി തന്നെ കുഞ്ഞുപിറന്നു.

baby-covid-1

കുഞ്ഞിനെ തൊടാൻ നാലു ദിവസം നീണ്ട കാത്തിരിപ്പ്; വീട്ടുകാരെപ്പോലെ കൂട്ടുകൂടി നഴ്‌സുമാർ

കോവിഡ് മുക്തയായെന്നു ഉറപ്പാകാത്തതിനാൽ പ്രസവശേഷം അടുത്ത് നിന്ന് കാണാൻ ജിൻസിക്കായില്ല. പിപിഇ ധരിച്ച സഹപ്രവർത്തകർ ദൂരെ നിന്ന് കുഞ്ഞിനെ കാണിച്ചു കൊടുത്തു. ദൂരക്കാഴ്ചയിലെങ്കിലും കുഞ്ഞുമുഖം കാണാനായല്ലോ എന്ന ആശ്വാസമായിരുന്നു ജിന്സിക്കന്ന്.

സ്രവം പരിശോധനയ്ക്കായി ശേഖരിച്ച ശേഷം അടുത്ത ദിവസം കുട്ടിയെ സഹോദരി ജോസ്മിക്ക് കൈമാറി. ജിൻസി അപ്പോഴും ഐസൊലേഷൻ റൂമിൽ തുടരുകയായിരുന്നു. സമീപത്തെ ആശുപത്രി മുറിയിൽ നിന്ന് സഹോദരിയും സഹപ്രവർത്തകരായ നഴ്‌സുമാരും ഫോണിൽ കുട്ടിയുടെ ചിത്രങ്ങൾ എടുത്തയക്കുന്നത് നോക്കി സമയം തള്ളിനീക്കുകയായിരുന്നു ജിൻസി. പ്രസവത്തിനു മുമ്പ് നൽകിയ സാമ്പിളിന്റെ ഫലം വന്നപ്പോൾ വീണ്ടും പോസിറ്റിവ്. കുഞ്ഞിന്റെ ആരോഗ്യത്തെ ഓർത്ത് ആശങ്കയും ആധിയും വർദ്ധിച്ച ദിവസങ്ങൾ. വാരിപ്പുണർന്ന് ഉമ്മ നൽകാൻ കൊതിച്ച കുഞ്ഞിനെ ഒന്ന് തൊടാനുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നതിന്റെ നിരാശ.

ജൂണ് പത്താം തീയതിയാണ് അടുത്ത നെഗറ്റിവ് റിപ്പോർട്ട് കിട്ടിയത്. അന്നേ ദിവസമമാണ് സഹോദരിയുടെയും സഹപ്രവർത്തകരുടെയും പരിചരണത്തിൽ ആയിരുന്ന കുഞ്ഞിനെ ജിൻസി നേരിൽക്കണ്ട് കയ്യിൽ എടുക്കുന്നത്. കണ്ണും മനസും നിറഞ്ഞ അനുഭവമായിരുന്നു അതെന്ന് ജിൻസി പറയുന്നു. "സഹപ്രവർത്തകരായ നേഴ്സുമാരും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ ദിവ്യത ജയറാമും നൽകിയ മനോധൈര്യം ചെറുതല്ല. പിറന്നപ്പോൾ മുതൽ അവരാണ് കുഞ്ഞിനെ പരിചരിച്ചത്. ഫോട്ടോകൾ എടുത്തയച്ചു തന്ന് എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു അവരെല്ലാവരും. മാനസിക സംഘർഷം കുറയ്ക്കാൻ അതൊക്കെ കാര്യമായി സഹായിച്ചു. കുഞ്ഞിനെ ആദ്യമായി എടുത്തപ്പോൾ ഞാൻ അതുവരെ അനുഭവിച്ച മവിഷമങ്ങളെല്ലാം മറന്നു."

അമ്മയും കുഞ്ഞും വീട്ടിലെത്തുമ്പോൾ രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം കോവിഡ് മുക്തനായ ജോസ് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ദൂരക്കാഴ്ചയിൽ ഇരുവരെയും കണ്ട ജോസിന് കുഞ്ഞിനെയെടുക്കാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. ഇതിനിടെയാണ് സഹോദരി ജോസ്മിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജിന്സിക്ക് സമാനമായിവലിയ രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. ഏറെ നാളത്തെ ക്വാറന്റൈൻ വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ജോസ്മി കോവിഡ് മുക്തയായത്.

baby-2

നാട്ടിൽ അറിയിച്ചത് സന്തോഷവാർത്ത മാത്രം

ദുരിത ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴും ജിന്സിയും ജോസും കോവിഡ് ബാധിച്ചത്കേരളത്തിലെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പെൺ കുഞ്ഞു ജനിച്ച സന്തോഷ വാർത്ത മാത്രം വീട്ടുകാരെ അറിയിച്ചു. ആശങ്കയും അനാവശ്യ ചർച്ചകളും ഒഴിവാക്കാനായാണ് കോവിഡ് ബാധിച്ച കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതെന്നു ജിന്സി പറയുന്നു. "ഗര്ഭിണിയായിരിക്കെ കോവിഡ് ബാധിച്ചെന്ന് നാട്ടിൽ അറിഞ്ഞാൽ പല ആലോചനകളിലൂടെ വീട്ടുകാർ കടന്നുപോകും. കേട്ടറിഞ്ഞ കാര്യങ്ങൾ ചിലർ പറയും. അവരുടെ മനസമാധാനം പോകേണ്ടല്ലോ എന്ന് കരുതിയാണ് വീട്ടിൽ പറയാതിരുന്നത്"

സഹോദരിയും നെഗറ്റിവായ ശേഷമാണ് കടന്നു വന്ന ക്ലേശങ്ങളെയും അനുഭവിച്ച ദുരിതങ്ങളെയും പറ്റി വീട്ടുകാരെ അറിയിച്ചത്. "ആദ്യത്തെ ഞെട്ടലിന് ശേഷം, എല്ലാം മറികടന്നല്ലോ എന്ന ആശ്വാസമായിരുന്നു പിന്നീട് അവർക്ക്."

അസാധാരണമായ മനക്കരുത്താണ് ജിൻസി പ്രകടിപ്പിച്ചതെന്ന് അൽ-ഐൻ മെഡിയോർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദിവ്യത ജയറാം പറഞ്ഞു. ആദ്യ നെഗറ്റിവ് വന്നപ്പോൾ സമാധാനിച്ച ഞങ്ങൾക്കും ഞെട്ടലായി രണ്ടാമത്തെ റിപ്പോർട്ട്. അതിനിടെ ശസ്ത്രക്രിയയും വേണ്ടിവന്നു. ജിൻസിക്ക് പരിചയമുള്ളവരായിരുന്നു ചുറ്റിലുമുള്ള എല്ലാവരും. അതുകൊണ്ട് ജിൻസിക്ക് കരുത്തുപകരാൻ ഞങ്ങൾക്കെല്ലാവർക്കും കഴിഞ്ഞു."

മാലാഖപ്പേരിന് പിന്നിൽ

കുഞ്ഞിന് എന്ത് പേരിടുമെന്ന് കുടുംബത്തിൽ അധികം ആലോചിക്കേണ്ടിവന്നില്ലെന്ന് ജിൻസി. "പിറന്നു വീണ ഉടൻ കുഞ്ഞിനെ വാരിയെടുത്തു പരിചരിച്ചത് എൻ്റെ സഹപ്രവർത്തകരായ നഴ്‌സുമാരാണ്. ഞാൻ കുഞ്ഞിന് അടുത്തെത്തുന്നതിന് മുൻപുള്ള ദിവസങ്ങളിൽ സഹോദരിക്കൊപ്പം അവരാണ് കുഞ്ഞിനെ പരിപാലിച്ചത്. അമ്മയുടെ മനസ്സറിയുന്ന അവർ ആ ദിവസങ്ങളിൽ സ്വന്തം മകളെപ്പോലെ കുഞ്ഞിനെ നോക്കി.മാലാഖമാർ എന്ന് വിളിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി കുഞ്ഞിന് എയ്ഞ്ചലിൻ എന്ന പേര് നൽകാമെന്ന ആലോചന വന്നപ്പോൾ തന്നെ വീട്ടുകാർ എല്ലാവരും ഒരുപോലെ സമ്മതം മൂളി.

വളരെയധികം കഷ്ടപ്പാടുകൾക്കിടയിൽ കളിചിരിയുമായി എത്തിയ അവൾ ഞങ്ങൾക്ക് ശരിക്കും മാലാഖയാണ്. ആ പേരിലൂടെ മറ്റുള്ളവർക്കും അവൾ മാലാഖയാവട്ടെ."