Tuesday 28 December 2021 12:08 PM IST : By സ്വന്തം ലേഖകൻ

‘ഇല്ല... പി.ടി. മരിച്ചിട്ടില്ല’: തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് ഈ സ്നേഹം: കുറിപ്പുമായി ഭാര്യ

pt-uma

പി.ടി തോമസിന്റെ വിയോഗത്തിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം ഇപ്പോഴും. ആദർശ ധീരനായ പോരാളിയോ നാട് ഹൃദയത്തോട് ചേർക്കുമ്പോൾ ഹൃദയംതൊടും കുറിപ്പുമായി ഭാര്യ ഉമ തോമസ്. പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട്  അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ  ഉത്തരമെന്ന് ഉമ ആമുഖമായി കുറിക്കുന്നു. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം: 

'നന്ദി'

പി.ടി.ക്ക് കേരളം നൽകിയ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയിലുണ്ട്  അദ്ദേഹം നിങ്ങൾക്ക് ആരായിരുന്നു എന്നതിന്റെ  ഉത്തരം.

തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്നേഹമാണ്. ഇടുക്കിയിലെ കോട മഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പി.ടി.ക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു!

കമ്പംമേട് മുതൽ ഇടുക്കിയിലെ പാതയോരങ്ങളിൽ തടിച്ചുകൂടിയവരുടെ

കണ്ണീരിൽ കുതിർന്ന മുദ്രാവാക്യംവിളികൾ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.

കൊച്ചിയിലെ 

പൊതുദർശന വേദികളിലേക്കുണ്ടായ അണമുറിയാത്ത ജനപ്രവാഹം പി.ടി.ക്ക് ലഭിച്ച ആദരവാണ്.

രവിപുരം ശ്മശാനത്തിൽ സംസ്ക്കാര സമയത്ത് ഉയർന്നുകേട്ട പ്രവർത്തകരുടെയും സാധാരണക്കാരുടെയും മുദ്രാവാക്യം വിളികൾ ഞങ്ങൾക്ക് കരുത്തുപകരുന്നു.

ദു:ഖത്തിന്റെ കനൽച്ചൂടിലും രാഹുൽജീ, അങ്ങ് എനിക്കും മക്കൾക്കും

പകർന്ന ആശ്വാസം അളവറ്റതാണ്!

 പി.ടി.യുടെ രോഗവിവരം അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും  ചെയ്ത എ.ഐ.സി.സി. പ്രസിഡൻറ് സോണിയാജിക്കും നന്ദി അറിയിക്കുന്നു.

പി.ടി.ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ് കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാർ,കക്ഷിഭേദമന്യേ എം.പി.മാർ, എം.എൽ.എമാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവരെ നന്ദിപൂർവ്വം സ്മരിക്കുന്നു.

ചികിത്സയുടെ ഓരോ ഘട്ടത്തിലും തളരാതെ ഞങ്ങളെ ചേർത്തുപിടിച്ച എ.കെ.ആന്റണി, 

ഉമ്മൻ ചാണ്ടി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി.അധ്യക്ഷൻ കെ.സുധാകരൻ, അനുനിമിഷം ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചികിത്സ ഏകോപിപ്പിച്ചുകൊണ്ടിരുന്ന കെ.സി.ജോസഫ്,

എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന വയലാർജി 

യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, വി.എം. സുധീരൻ, കെ.ബാബു,ബെന്നി ബെഹനാൻ,

ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കെ.പി.സി.സി.വൈസ് പ്രസിഡൻറ് വി.പി.സജീന്ദ്രൻ,ഡീൻ കുര്യാക്കോസ് എം.പി എ ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ, വെല്ലൂർ ഡി.സി.സി പ്രസിഡൻറ് ടിക്കാരാമൻ എന്നിവർക്ക് നന്ദി. 

മമ്മൂട്ടി, സുരേഷ് ഗോപി, ടിനി ടോം, രമേശ്‌ പിഷാരടി,എം.മുകേഷ്, ധർമജൻ ബോൾഗാട്ടി, രഞ്ജി പണിക്കർ, ഇടവേള ബാബു, ആന്റോ ജോസഫ് അടക്കമുള്ള ചലച്ചിത്രതാരങ്ങൾ, പ്രമുഖ വ്യവസായി എം. എ യൂസഫലി, അടക്കമുള്ള വ്യവസായ വാണിജ്യ പ്രമുഖർ, ശിവഗിരി മoം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മറ്റ് വൈദിക ശ്രേഷ്ഠർ, ജഡ്ജിമാർ, സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകർ, ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ  പി.ടി.ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

വെല്ലൂർ മെഡിക്കൽ കോളജിലെ ഡോ.രാജു ടൈറ്റസ് അടക്കമുള്ള ഓങ്കോളജി ടീം, ഡോ.ജോർജ് തര്യൻ, ഡോ.സൂസൻ, ഡോ.സുകേഷ്, ഡോ.അനൂപ് ദേവസ്യ, ഡോ.റോഷൻ വാലൻ്റൈൻ, നഴ്സുമാർ, ആശുപത്രിയിലെ മറ്റ് ജീവനക്കാർ,

അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ഷാജി, വെല്ലുർ മെഡിക്കൽ കോളജിലെ വൈദികർ എന്നിവർക്കും നന്ദി അർപ്പിക്കുന്നു.

ചികിത്സ ഏകോപിപ്പിച്ച ഡോ.എസ്.എസ്.ലാൽ, അമേരിക്കയിലെ ക്ലീവ് ലാൻ്റിലെ ഡോ.ജെയിം എബ്രാഹം, നെതർലൻ്റ് മുൻ അംബാസിഡർ വേണു രാജാമണി എന്നിവർ വലിയ ആശ്വാസമായിരുന്നു.

പി.ടി.ക്കൊപ്പം എന്നുമുണ്ടായിരുന്ന കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള  നന്ദിയും അറിയിക്കുന്നു.

ഇടുക്കിയിലെ വസതിയിൽ പ്രാർത്ഥന അർപ്പിച്ച  ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ,

സി.എസ്.ഐ.ഈസ്റ്റ് കേരളാ ബിഷപ് റവ.ഡോ.വി.എസ്. ഫ്രാൻസിസ്, എറണാകുളം-അങ്കമാലി അതിരൂപത മെത്രാൻ ആന്റണി കരിയിൽ,ഫാ.പോൾ തേലക്കാട്,

ഉപ്പുതോട് വികാരി റവ.ഫാ.ഫിലിപ് പെരുന്നാട്ട്, മറ്റ് വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവരോടും നന്ദി.

പി.ടി.ക്കായി പ്രാർത്ഥിച്ച ആയിരങ്ങളേയും ഇവിടെ നന്ദിയോടെ ഓർക്കുന്നു.

പി.ടി.യുടെ അന്ത്യയാത്രക്ക് ക്രമീകരണം ഏർപ്പെടുത്തിയ ഇടുക്കി-എറണാകുളം ഡി.സി.സി.അദ്ധ്യക്ഷൻമാരായ സി. പി മാത്യു, മുഹമ്മദ്‌ ഷിയാസ്, കൂടാതെ പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, വി. ടി ബൽറാം എന്നിവരേയും കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥരേയും സ്നേഹത്തോടെ സ്മരിക്കുന്നു.

പി.ടി. അന്ത്യാഭിലാഷങ്ങൾ എഴുതി സൂക്ഷിക്കാനേൽപ്പിച്ചിരുന്നത് ഡിജോ കാപ്പനെയാണ്. 

മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി സംഘം ,

രവിപുരം ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ ഏകോപിപിച്ച കൊച്ചി കോർപറേഷൻ അധികൃതർ, എറണാകുളം കരയോഗം ഭാരവാഹികൾ തുടങ്ങിയവരേയും സ്നേഹത്തോടെ സ്മരിക്കുന്നു.

പി.ടി.യുടെ ഓർമ്മകൾക്ക് പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ മരണമുണ്ടാകരുതേ.

''ഇല്ല.. പി.ടി. മരിച്ചിട്ടില്ല",

നിങ്ങൾ വിളിച്ച മുദ്രാവാക്യശകലങ്ങളിൽ വിശ്വസിച്ച് ഞാനും എന്റെ മക്കളും മുന്നോട്ട് നടക്കുകയാണ്,

ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി. 

സ്നേഹത്തോടെ,

ഉമ തോമസ്