Saturday 05 June 2021 03:13 PM IST : By സ്വന്തം ലേഖകൻ

യൂട്യൂബിലെ കുട്ടി ടീച്ചര്‍: ഉമക്കുട്ടിയെ കാണാന്‍ നേരിട്ടെത്തി മന്ത്രി വി ശിവന്‍കുട്ടി

umakkutty

യുട്യൂബ് ചാനലില്‍ എത്തുന്ന ഉമ എന്ന കുട്ടി ടീച്ചറെ കാണാന്‍ മന്ത്രി വി.ശിവന്‍കുട്ടി വീട്ടിലെത്തി. ഉമക്കുട്ടിക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതവും അഭിമാനവും. ആറാം ക്ലാസുകാര്‍ക്ക് ' ഉമക്കുട്ടി ' എന്ന സ്വന്തം യുട്യൂബ് ചാനല്‍ വഴി ക്ലാസെടുക്കുന്ന കോട്ടണ്‍ഹില്‍ ഗവ.സ്‌കൂളിലെ ആറാം ക്ലാസുകാരി എസ്.ഉമയെ കുറിച്ച് സ്‌കൂള്‍ പ്രവേശനോത്സവ ദിവസം മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.. പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് വിളവൂര്‍ക്കല്‍ പെരുകാവ് മട്ടുപ്പാവ് ചന്ദനവില്ലയിലെ വീട്ടില്‍ മന്ത്രി എത്തിയത്. 

ചാനലിന്റെ വിഷയങ്ങളും പ്രവര്‍ത്തന രീതിയും മന്ത്രിയോടു ഉമ വിവരിച്ചു. വീട്ടിലെ കൊച്ചു സ്റ്റുഡിയോയും അദ്ദേഹം സന്ദര്‍ശിച്ചു.ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കു സഹായം നല്‍കണമെന്നതു തന്റെ ആഗ്രഹമാണെന്നും യുട്യൂബില്‍ നിന്ന് കിട്ടിയ ചെറിയ വരുമാനം ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായും ഉമ പറഞ്ഞു. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ കണ്ടാണ് ഉമ പാഠങ്ങള്‍ പഠിക്കുന്നത്. മാതാവ് നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയില്‍ കാര്‍ട്ടൂണിസ്റ്റായ പിതാവ് ടി.കെ.സുജിത്തും സഹോദരന്‍ അമലും സഹായത്തിനുണ്ട്.

ഉമക്കുട്ടിയെ സന്ദര്‍ശിച്ച ശേഷം മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

'ഉമക്കുട്ടി ടീച്ചറെ' ഇന്ന് നേരിട്ട് കണ്ടു.

ധാരാളം യൂട്യൂബ് ചാനലുകൾ ഉള്ള നാട്ടിൽ "ഉമക്കുട്ടി" എന്ന യൂട്യൂബ് ചാനൽ സവിശേഷശ്രദ്ധ ആകർഷിക്കുകയാണ്. വിനോദ പരിപാടികളോ മറ്റ് യൂട്യൂബ് ചേരുവകളോ അല്ല 'ഉമക്കുട്ടി' എന്ന യൂട്യൂബ് ചാനലിന്റെ വിഷയം. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചർ ആകുന്ന യൂട്യൂബ് ചാനൽ ആണിത്.

ഉമക്കുട്ടിയുടെ വിശേഷം കേട്ടറിഞ്ഞാണ് തിരുവനന്തപുരം തിരുമലയിലെ വീട്ടിൽ നേരിട്ട് ചെന്നത്. തന്റെ യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവർത്തനരീതിയും എല്ലാം ഉമ ഭംഗിയായി വിവരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും സന്ദർശിച്ചു. യൂട്യൂബ് ചാനൽ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ കൈമാറി. ആറാം ക്ലാസുകാരിയായ ഉമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഉമയ്ക്ക് അഭിനന്ദനങ്ങൾ.

വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ടാണ് ഉമ പാഠങ്ങൾ പഠിക്കുന്നത്. അതിനുശേഷമാണ് അധ്യാപികയാകുന്നത്. അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി കെ സുജിത്തും സഹോദരൻ അമലും സാങ്കേതിക കാര്യങ്ങളിൽ ഉമയെ സഹായിക്കുന്നുണ്ട്. ആറാം ക്ലാസിലെ പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കൊച്ചു മിടുക്കി ഉമക്കുട്ടി ടീച്ചർ.