Thursday 08 November 2018 11:52 AM IST

മുണ്ടുടുത്ത് യുഎൻ വേദിയിൽ! കയ്യടിക്കാം ഈ മലയാളി പ്രതിഭയ്ക്ക്

Rakhi Parvathy

Sub Editor

adarsh_main

മെർസൽ സിനിമയിലെ ഇളയ ദളപതി വിജയിയെ പോലെ ഐക്യരാഷ്ട്രസഭയുടെ വേദിയിലേക്ക് മുണ്ടുടുത്ത് ചന്ദനക്കുറി തൊട്ടി കൂപ്പു കൈകളോടെ കയറിച്ചെന്ന് അഭിമാന പുരസരം തന്റെ നാടിനെക്കുറിച്ചു സംസാരിച്ച മലയാളിയെ കണ്ട് ലോകം മുഴുവൻ കയ്യടിച്ചു. സിനിമയിലെ വിജയ്‌യെ അനുകരിച്ചതൊന്നുമല്ല ജീവിതത്തിലെ ഈ യഥാർത്ഥ നായകൻ. മറുനാട്ടിലും നാടിന്റെ സംസ്കാരം കൈവിടാതെ അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നുവെന്നാണ് ഇതേക്കുറിച്ച് ആദർശ് പ്രതാപിന്റെ വിനയത്തോടെയുള്ള മറുപടി. മുണ്ടും മടക്കികുത്തി തനി മലയാളിയായി നിന്ന് ആദർശ് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ കണ്ടു നിന്ന സായിപ്പൻമാർ വരെ കയ്യടിച്ചു.

കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള ഒന്നാം സ്ഥാന അവാർഡ് വാങ്ങാൻ ജർമ്മനിയുടെ യുഎൻ വേദിയിൽ എത്തിയതാണ് ആദർശ് പ്രതാപ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന ആഗോള യുവ വീഡിയോഗ്രഫി മത്സരത്തിലാണ് (United Nations Global Youth Video Competition 2017) ആദർശ് ഒന്നാമതെത്തിയത്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായ ആദർശ് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു. ‌

adarsh1

‘ദി ഫ്ലോട്ടിങ് മിസ്റ്ററി’

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള അവാർഡ് ആണ് ലഭിച്ചത്. നേരത്തെയും അവാർഡുകൾ കിട്ടിയിട്ടുണ്ട്. യാത്രകൾ ഏറെ ഇഷ്ടമാണെനിക്ക്. തനിച്ചാണ് കൂടുതൽ യാത്രകളും. എവിടെ പോയാലും അവിടത്തെ ഭൂപ്രകൃതിയും പ്രധാന സ്ഥലങ്ങളും സവിശേഷതകളുമൊക്കെ മൊബൈലിൽ പകർത്താറുണ്ട്. 2016 ൽ ലോക തണ്ണീർ തട സംരക്ഷണ കൺവെൻഷനിൽ ‘ദി ഫ്ലോട്ടിങ് മിസ്റ്ററി’ എന്ന പേരിൽ മൊബൈലിൽ പകർത്തിയ ചിത്രം ഒന്നാം സ്ഥാനം നേടിയിരുന്നു. അതിന്റെ ഭാഗമായി ബ്രസീലിലേക്ക് യാത്ര ചെയ്യാനും കഴിഞ്ഞു.

adarsh2

ഇപ്പോഴത്തെ ഈ അവാർഡും അപ്രതീക്ഷിതം തന്നെ. ഡോക്യുമെന്ററിക്ക് വേണ്ടിയല്ല വിഡിയോ ഷൂട്ട് ചെയ്തത്. തമിഴ്‌നാട് പിച്ചാവരം പോയപ്പോൾ കണ്ടൽകാടുകളുടെ ചില വിഷ്വലുകൾ ഷൂട്ട് ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ കണ്ടൽ കാടുകളുടെ പ്രാധാന്യം മനസ്സിലായപ്പോൾ ആ ദൃശ്യങ്ങൾ ചേർത്തു ഡോക്യുമെന്ററി തയാറാക്കിയത്. 96 രാജ്യങ്ങളിൽ നിന്നുള്ള ഡോക്യുമെന്ററികളിൽ നിന്നാണ് ‘ലെറ്റ് മാൻഗ്രോവ്സ് റിക്കവർ’ എന്ന ആ ഡോക്യുമെന്ററി വിജയിച്ചത്.

കോളജിലെ താരം

വെള്ളായണി കാർഷിക കോളജിൽ എംഎസ്‌സി ബയോടെക്നോളജി അവസാന വർഷ വിദ്യാർഥിയാണ്. സുഹൃത്തുക്കളും കോളജുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. അവരെല്ലാം എന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്നു പറയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവലിലെ ഓൺ സ്പോട്ട് ഫിലിം മെയ്ക്കിങ്ങിലും ‘സെർച്ച്’ എന്ന ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ദൈനംദിന ജീവിതത്തിലെ ശാസ്ത്രം ആയിരുന്നു വിഷയം.

adarsh4
ആദര്‍ശ് കുടുംബത്തോടൊപ്പം

നെടുമങ്ങാടിനടുത്തുള്ള പാലോടാണ് സ്വദേശം. യാത്ര കഴിഞ്ഞാൽ സംഗീതമാണ് ജീവൻ. ഇപ്പോഴും ഗിറ്റാറിസ്റ്റ് ആയി ബാൻഡുകളുടെ ഭാഗമാണ്. കൊല്ലം എസ്‍ എൻ കോളജിൽ ഹിന്ദി പ്രൊഫസറായ അച്ഛൻ ഡോ. എസ് പ്രതാപൻ എന്റെ ഇഷ്ടങ്ങൾക്കും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. അമ്മ ലാലിയും ദുബായ്‌യിലുള്ള ചേട്ടൻ അഭിജിത്ത് പ്രതാപും കൂടെ നല്ല സുഹൃത്തുക്കളെ പോലെ എല്ലാ കാര്യങ്ങൾക്കും പിന്തുണയുമായി കൂടെയുണ്ട്. തിരുവനന്തപുരം എന്റെ നേട്ടങ്ങളെല്ലാം കുടുംബത്തിനും കോളജിനും കേരളത്തിനും വേണ്ടി മാത്രമല്ല. ഇന്ത്യക്കാർക്ക് മുഴുവൻ വേണ്ടിയാണ് എന്നു പറയാനാണ് എനിക്കിഷ്ടം.

adarsh5