Wednesday 11 December 2019 04:18 PM IST : By റൂബിൻ ജോസഫ്

‘ഭയന്നു മരവിച്ചുപോയി, പ്രേതമാണെന്ന് കരുതി കമ്പു കൊണ്ട് ആട്ടിപ്പായിക്കാൻ ശ്രമിച്ചു; കത്തിക്കരിഞ്ഞിട്ടും അവൾ സംസാരിച്ചുകൊണ്ടിരുന്നു’; ഉന്നാവ് കേസിലെ പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തൽ!

unnao-witness

പൊള്ളലേറ്റ ശരീരവുമായി വന്ന പെൺകുട്ടി പ്രേതമാണെന്നു കരുതി താൻ വടി കൊണ്ട് ആട്ടിയകറ്റിയെന്നും വെള്ളം ചോദിച്ചിട്ടും നൽകിയില്ലെന്നും ഉന്നാവ് പെൺകുട്ടിയെ ചുട്ടെരിച്ചു കൊന്ന കേസിലെ പ്രധാന സാക്ഷിയുടെ ഏറ്റുപറച്ചിൽ. പെൺകുട്ടിയുടെ അയൽഗ്രാമത്തിൽ, സംഭവം നടന്നതിന് ഒരു കിലോമീറ്റർ അകലെ ചെറിയ കട നടത്തുന്ന രവീന്ദ്ര പ്രകാശുമായി ‘മനോരമ സംഘം’ നടത്തിയ കൂടിക്കാഴ്ചയിലാണു വെളിപ്പെടുത്തൽ. പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായാണു സംഭവത്തെക്കുറിച്ചു രവീന്ദ്ര നൽകിയ വിവരണം. 

റോഡിനോടു ചേർന്നുള്ള തൊഴുത്തിൽ പശുക്കൾക്കു പുലർച്ചെ നാലരയോടെ വൈക്കോൽ നൽകികൊണ്ടു നിൽക്കുമ്പോഴാണു നിലവിളിച്ചു കൊണ്ട് ഒരാൾ ഓടി വന്നത്– രവീന്ദ്ര പറഞ്ഞു. ‘ഭയന്നു മരവിച്ചു പോയ ഞാൻ പ്രേതം ആണെന്നാണ് ആദ്യം കരുതിയത്. കയ്യിലുണ്ടായിരുന്ന വലിയ കമ്പു കൊണ്ട് ആട്ടിപ്പായിക്കാൻ ശ്രമിച്ചു. ആ ഭാഗത്ത് എന്റെ വീടിനു മുന്നിൽ മാത്രമാണ് ലൈറ്റുള്ളത്. അതുകണ്ടാവണം പെൺകുട്ടി സഹായം തേടി വന്നത്. 

വസ്ത്രമുണ്ടായിരുന്നില്ല. ശരീരമാകെ പൊള്ളിയിരുന്നു. മുടിയും എതാണ്ടു കത്തിക്കരിഞ്ഞിരുന്നു. എന്നിട്ടും അവൾ സംസാരിച്ചു കൊണ്ടേയിരുന്നു. താൻ അടുത്ത ഗ്രാമത്തിലെ പെൺകുട്ടിയാണെന്നും കുറച്ചുപേർ ചേർന്നു തീ കൊളുത്തിയതാണെന്നുമെല്ലാം അവൾ പറഞ്ഞു. ഫോണിൽ പൊലീസിനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴേക്കും ശബ്ദം കേട്ടു ഭാര്യയും മകളും പുറത്തേക്കു വന്നു. അവരുടെ നിലവിളി കേട്ടു കൂടുതൽ ആളുകളെത്തി. തൊട്ടടുത്ത ഗ്യാസ് ഏജൻസിയിലെ കാവൽക്കാരനാണു പൊലീസിനെ വിളിച്ചത്. ഒരു കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിലേക്ക് ഓടിപ്പോകാൻ പറഞ്ഞു. പെൺകുട്ടി മുന്നോട്ട് ഓടി പോവുകയും ചെയ്തു. അപ്പോഴേക്കും പൊലീസ് ജീപ്പെത്തുന്ന ശബ്ദം കേട്ടു. അവൾ പോയോ എന്നു പോലും നോക്കാനുള്ള മനസ്സ് അപ്പോഴുണ്ടായിരുന്നില്ല’– രവീന്ദ്ര പറഞ്ഞു. 

സഹായിക്കണമെന്ന് തോന്നിയില്ലേ? 

ശബ്ദം പോലും വരാതെ പേടിച്ചു മരവിച്ചാണു ഞാൻ അവിടെ നിന്നത്. പൊള്ളലേറ്റവർക്കും മുറിവേറ്റവർക്കും വെള്ളം നൽകരുതെന്നാണു കേട്ടിട്ടുള്ളത്. അതുകൊണ്ടു നൽകിയില്ല. 

സംഭവത്തിനു ശേഷം 

രാവിലെയും സന്ധ്യ കഴിഞ്ഞും ട്രെയിൻ പിടിക്കാനും മറ്റുമായി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് ഒട്ടേറെ ആളുകൾ നടന്നുപോകാറുള്ള വഴിയായിരുന്നു. ഈ സംഭവത്തിനു ശേഷം ആളുകൾ കുറഞ്ഞു. പെൺകുട്ടികൾ ആരും ഇതുവഴി വരുന്നില്ല. എനിക്കും മകളുണ്ട്. അവളെ ഓർത്തിപ്പോൾ പേടിയാണ്. 

പെൺകുട്ടിയുടെ കുടുംബത്തെ നേരത്തേ അറിയാമോ ? 

സംഭവത്തെക്കുറിച്ചു പിന്നീട് ടിവിയിലും പത്രത്തിലും കണ്ടാണു കൂടുതൽ അറിഞ്ഞത്. തൊട്ടടുത്ത ഗ്രാമമാണെങ്കിലും പെൺകുട്ടിയെയും കുടുംബത്തെയും അറിയില്ല. എന്നാൽ, കേസിൽ പ്രതിയായവരെ അറിയാം. 15 വർഷത്തോളമായി ഗ്രാമപ്രധാൻ അവരുടെ കുടുംബത്തിൽ നിന്നാണ്. 

more news... 

Tags:
  • Spotlight