Saturday 07 December 2019 12:26 PM IST : By സ്വന്തം ലേഖകൻ

തെലങ്കാനയിൽ നടന്നത് പോലെ പ്രതികളെ വെടിവച്ചു കൊല്ലണം: മരണപ്പെട്ട ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛൻ!

unnao-1

തെലങ്കാനയിൽ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ കൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. പരാതി നല്‍കിയതിന്റെ  പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.  

വിവാഹ വാഗ്ദാനം നൽകി പീഡനം; ക്രൂരത തോക്കിൻ മുനയിൽ

വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തോക്കിൻ മുനയിൽ നിർത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ക്രൂരമായ പീഡനം നടന്നത് കഴിഞ്ഞ വർഷം ഡിസംബർ 12 നാണ്. വീണ്ടുമൊരു ഡിസംബറിൽ വേദനയോട് മല്ലിട്ട് ഒടുവിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 

ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ പ്രതികൾ ചേർന്ന് തീയിട്ടത്. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. 

ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് പെൺകുട്ടി മരിച്ചതെന്ന് സഫ്ദർജങ് ആശുപത്രി വക്താവ് അറിയിച്ചു. 11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ. ശലഭ് കുമാർ അറിയിച്ചു.  ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.

ഈ പെൺകുട്ടിയുടെ മരണത്തോടെ ഉന്നാവ് എന്ന ഗ്രാമം ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. മുൻപ് ബിജെപി എംഎൽഎയ്ക്ക് എതിരെ പീഡനത്തിന് പരാതി നൽകിയ പെൺകുട്ടിയെ ലോറി ഇടിപ്പിച്ച് കൊല്ലാൻ നോക്കിയതും വാർത്തയായിരുന്നു. അണുബാധയും ന്യൂമോണിയയും ബാധിച്ച പെൺകുട്ടി മരണത്തെ മുഖാമുഖം കണ്ടശേഷം പതിയെ ജീവിതത്തിലേക്ക് തിരികെ എത്തുന്ന വഴിയിലാണ്. 

ഉന്നാവ് പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയ കേസിന്റെ നാൾ വഴി

ഡിസംബര്‍  12, 2018 – തോക്കിന്‍ മുനയില്‍ ഉന്നാവ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു, പ്രതികള്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 

ഡിസംബര്‍ 13, 2018 – പെണ്‍കുട്ടി പരാതി നല്‍കി, കേസെടുക്കാതെ പൊലീസ് 

ഡിസംബര്‍ 20, 2018 – പെണ്‍കുട്ടി റായ്ബറേലി എസ് പിക്ക് പരാതി രജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു, കേസെടുക്കാതെ പൊലീസ് 

മാര്‍ച്ച് 4, 2019 – കേസെടുക്കാന്‍ റായ്ബറേലി കോടതി ഉത്തരവ്, FIR രജിസ്റ്റര്‍ ചെയ്യുന്നു, പ്രതികള്‍ ഒളിവില്‍ 

ഓഗസ്റ്റ് 14, 2019– പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ്

സെപ്റ്റംബര്‍ 19, 2019 –ശിവം ത്രിവേദി റായ് ബറേലി കോടതിയില്‍ കീഴടങ്ങി

നവംബര്‍ 25, 2019 – ശിവം ത്രിവേദിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, ശുഭം ത്രിവേദി ഒളിവിലെന്ന് പൊലീസ്

ഡിസംബര്‍ 5, 2019 – റായ് ബറേലിയില്‍ അഭിഭാഷകരെ കാണാന്‍ പോയ പെണ്‍കുട്ടിയെ ആക്രമിച്ചു, കുത്തിപ്പരിക്കേല്‍പിച്ച ശേഷം തീകൊളുത്തി

ഡിസംബര്‍ 6, 2019– സഫ്ദര്‍ജങ് ആശുപത്രിയില്‍ രാത്രി 11.40 ന് അന്ത്യം

പ്രതികള്‍ : ശിവം ത്രിവേദി, പിതാവ് ഹരിശങ്കര്‍ ത്രിവേദി, ശുഭം ത്രിവേദി, പിതാവ് കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പയ്

more details... 

Tags:
  • Spotlight