ഉത്തർപ്രദേശിലെ ബറേലിക്ക് ചുറ്റുമുള്ള ശാന്തമായ ഗ്രാമങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി ഭയമാണ് ഇരുണ്ടുകൂടിയിരുന്നത്. വയലിൽ ഒറ്റയ്ക്ക് ജോലി ചെയ്യുകയോ വനപ്രദേശങ്ങളിലേക്ക് പോവുകയോ ചെയ്യുന്ന സ്ത്രീകൾ അപ്രത്യക്ഷരായി. പിന്നീട് അവരുടെ ശരീരം കഴുത്ത് ഞെരിച്ച നിലയിൽ കണ്ടെത്തി. 13 മാസത്തിനിടെ, 42 നും 60 നും ഇടയിൽ പ്രായമുള്ള ഒൻപത് സ്ത്രീകളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഒടുവിൽ ക്രൂര കൊലപാതകം നടത്തിയ കുറ്റവാളിയെ പൊലീസ് പിടികൂടി.
മുപ്പത്തിയെട്ടുകാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് ഉത്തർപ്രദേശ് പൊലീസ് പിടികൂടിയത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് ബറേലിക്ക് സമീപമുള്ള ഗ്രാമങ്ങളിൽ കൊലപാതകങ്ങൾ നടന്നത്. ലൈംഗിക താൽപര്യത്തിനായാണ് കുൽദീപ് സ്ത്രീകളെ സമീപിച്ചിരുന്നത്. തന്റെ താൽപര്യം നിഷേധിക്കുകയോ എതിർപ്പ് രേഖപ്പെടുത്തുകയോ ചെയ്യുന്ന സ്ത്രീകൾക്കു നേരെ ഇയാൾ അക്രമാസക്തനാവുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരകൾ ആരും ലൈംഗികാതിക്രമം നേരിട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. അതിനു മുൻപേ കൊലപാതകം നടന്നതാണ് കാരണം.
കുൽദീപിന്റെ ബാല്യകാലം അദേഹത്തിന്റെ കുറ്റകൃത്യങ്ങൾക്ക് കാരണമായിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരെ സംശയിച്ചിരുന്ന ഇയാളുടെ പിതാവ് പുനർവിവാഹം കഴിച്ചിരുന്നു. അമ്മ നേരിട്ട ഗാർഹിക പീഡനം അടക്കം കുൽദീപിനെ ആഴത്തിൽ ബാധിച്ചു. രണ്ടാനമ്മയോട് ഇയാൾക്ക് പകയും ദേഷ്യവുമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുൽദീപിനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കും. 22 ടീമുകളാണ് പ്രതിയെ പിടികൂടാനായി രൂപീകരിച്ചത്. 150 മൊബൈൽ നമ്പറുകൾ സ്ഥിരമായി പിന്തുടർന്നു. 1500 സിസിടിവി ക്യാമറകളും പരിശോധിച്ചാണ് ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.