Friday 16 March 2018 05:09 PM IST

ആവർത്തിച്ചു ശല്യപ്പെടുത്തും യൂറിനറി ഇന്‍ഫെക്ഷന്‍; പ്രതിരോധ മാര്‍ഗങ്ങളറിയാം, ചികിത്സയും

Shyama

Sub Editor

infection ഫോട്ടോ: ശ്യാംബാബു

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ തന്നെ 33 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ശാരീരികഘടന ത ന്നെയാണ്. സ്ത്രീകളുടെ മൂത്രനാളിയുടെ നീളം ഏകദേശം നാ ലു സെന്റിമീറ്ററും പുരുഷൻമാരിൽ ഏതാണ്ട് 10 സെന്റിമീറ്ററുമാ ണ്. സ്ത്രീകളിൽ അണുബാധ എളുപ്പത്തിൽ പടരുന്നതും ഇ തുകൊണ്ടു തന്നെ. മലദ്വാരവും മൂത്രനാളിയും അടുത്തടുത്ത് ആയതും യൂറിനറി ഇൻഫെക്‌ഷൻ വരാനുള്ള പ്രധാന കാരണമാണ്.


യൂറിനറി ഇൻഫെക്‌ഷൻ വരാനുള്ള കാരണങ്ങള‍്‍ വിവാഹത്തിന് മുൻപ്, ശേഷം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

വിവാഹത്തിന് മുൻപ്:


∙ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുന്നതും യൂറിനറി ഇൻഫെക്‌ഷനു കാരണമാകും.
∙ വ്യക്തിശുചിത്വം പാലിക്കുക. പലരും കുളിക്കുമ്പോൾ മാത്രമാണ് സ്വകാര്യഭാഗങ്ങൾ വ‍ൃത്തിയാക്കുന്നത്. മൂത്രമൊഴി ച്ച ശേഷവും സ്വകാര്യഭാഗങ്ങൾ നന്നായി കഴുകണം. മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നിൽ‍ നിന്നു മുന്നിലേക്ക് കഴുകുന്നത് മലദ്വാരത്തിലുള്ള ഇ–കോളി പോലുള്ള ബാക്ടീരിയകൾ മൂ ത്രനാളിയിലൂടെ പ്രവേശിച്ച് അണുബാധയുണ്ടാക്കാം.  
∙ പൊതു ശൗചാലയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് യൂറിനറി ഇൻഫെക്‌ഷൻ വരാനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ച് യൂറോപ്യൻ ടോയ്‌ലറ്റുകൾ.
∙ ആർത്തവസമയത്ത് ഉപയോഗിക്കുന്ന തുണി, ടാംപൂണുകൾ ഇവ അണുബാധയുണ്ടാക്കും. നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും യൂറിനറി ഇൻഫെക്‌ഷൻ ഉണ്ടാക്കാറുണ്ട്.
∙ റെസിഡ്യുവൽ യൂറിൻ അഥവാ മൂത്രം മുഴുവനായി പോ കാതെ ബാക്കി കിടക്കുന്നതു കൊണ്ടും ഇൻഫെക്‌ഷൻ വരാം. തെറ്റായ ബോഡി പോസ്ചറിൽ ഇരുന്നു മൂത്രമൊഴിക്കുന്നതും മറ്റ് ശാരീരിക പ്രശ്നങ്ങളും ഇതിനു കാരണമാകാറുണ്ട്.
∙ കൃമിശല്യം കാരണവും അണുബാധയുണ്ടാകാം.

വിവാഹശേഷം:

വിവാഹത്തിനു മുൻപുണ്ടാകാവുന്ന അണുബാധയുടെ കാരണങ്ങൾക്കു പുറമേ മറ്റു ചില കാരണങ്ങളും വിവാഹത്തിനു ശേഷമുള്ള യൂറിനറി ഇൻഫെക്‌ഷൻ ഉണ്ടാക്കാറുണ്ട്.
∙ ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിനു ശേഷം ‘ഹണിമൂൺ സിസ്റ്റൈറ്റിസ്’ എന്ന അണുബാധ ഉണ്ടാകാം. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളുടെ ശാരീരികഘടന മൂലം അണുക്കൾ എളുപ്പത്തിൽ ഉള്ളിലേക്കെത്താനും അണുബാധയുണ്ടാക്കാനും കാരണമാകും. ഹോർമോണ്‍ വ്യതിയാനങ്ങളാണ് മറ്റൊരു കാരണം.
∙ പ്രകൃതി വിരുദ്ധ ലൈഗിംക ബന്ധം, ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും ശുചിത്വം പാലിക്കാത്തത്, യൂറിനറി ഇൻഫെക്‌ഷന്‍ ഉണ്ടാക്കാം.
∙ പ്രമേഹം, മൂത്രത്തിൽ കല്ല് എന്നീ രോഗമുള്ളവർ, വാതം, ആസ്മ പോലുള്ള രോഗങ്ങൾക്ക് സ്ഥിരമായി സ്റ്റിറോയിഡ് അടങ്ങിയ മരുന്നു കഴിക്കുന്നവർ, പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടായവർ എന്നിവർക്ക് യൂറിനറി ഇൻഫെക്‌ഷൻ വരാം.
∙ഗർഭകാലത്തേ യൂറിനറി ഇൻഫെക്‌ഷൻ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഗർഭമലസാനുള്ള സാധ്യതയേറും. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും വജൈനയുടേയും ഗർഭപാത്രത്തിന്റേയും വലുപ്പത്തിൽ വരുന്ന വ്യത്യാസം കൊണ്ടും പ്രതിരോധശേഷി കുറയുന്നതു കൊണ്ടുമൊക്കെ യൂറിനറി ഇൻഫെക്‌ഷൻ ഉണ്ടാകാനുള്ള സാധ്യത ഗർഭാവസ്ഥയിൽ കൂടും.


ലക്ഷണങ്ങളെ അവഗണിക്കരുത്


90 ശതമാനം യൂറിനറി ഇൻഫെക്‌ഷനും യൂറിനറി ബ്ലാഡറിൽ വരുന്നതാണ്. മൂത്രനാളിയിൽ മാത്രം വരുന്നതാണ് ബാക്കി 10 ശതമാനം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണം.. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗത്തെ മൂന്നായി തരം തിരിക്കാം.
∙ മൈല‍്‍ഡ് യൂറിനറി ഇൻഫെക്‌ഷൻ– അടിവയറ്റലും അടിവയറിനു തൊട്ട് മുകളിലുമായുള്ള വേദന, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും വേദനയും അനുഭവപ്പെടുക, മൂത്രമൊഴിച്ചു കഴിഞ്ഞാലും മുഴുവൻ പോകാതെ ബാക്കി കെട്ടി നിൽക്കുന്നു എന്നു തോന്നുക എന്നിവയാണ് ലക്ഷണങ്ങൾ.
∙ മോഡറേറ്റ് യൂറിനറി ഇൻഫെക്‌ഷൻ– മൈൽഡ് യൂറിനറി ഇൻഫെക്‌ഷനിൽ കാണുന്ന ലക്ഷണങ്ങൾക്കു പുറമേ പനി, വിറയൽ, നടുവേദന എന്നിവയും ഉണ്ടാകും.
∙ സിവിയർ യൂറിനറി ഇൻഫെക്‌ഷൻ– നടുവിന്റെ താഴ്ഭാഗത്ത്, നട്ടെല്ലിന്റെ ഇരുവശങ്ങളിൽ തൊടുമ്പോൾ വേദനിക്കുക, വിട്ടുമാറാത്ത പനി, ഛർദി, മൂത്രത്തിന്റെ നിറം കടും മഞ്ഞയാകുക, മൂത്രത്തിൽ നേരിയ തോതിൽ രക്തം കലരുക, മൂത്രത്തിൽ പത പോലെ വരിക, അസഹ്യമായ നടുവേദന എന്നിവ കടുത്ത അണുബാധയുടെ ലക്ഷണങ്ങളാണ്.
കുട്ടികളിലും പ്രായം ചെന്നവരിലും ഗ്യാസ്ട്രബിളായോ പനിയായോ മാത്രമാകാം ലക്ഷണങ്ങൾ പ്രകടമാകുക.

പ്രതിരോധ മാർഗങ്ങളറിയാം

യൂറിനറി ഇൻഫെക്‌ഷൻ വരുന്നതിനു മുൻപും അണുബാധയുണ്ടെന്നറിഞ്ഞാലുടനെയും, ഒരു തവണ വന്നിട്ട് വീണ്ടും വ രാതിരിക്കാനായും പ്രതിരോധ മാർഗങ്ങൾ നോക്കാം. രോഗം വരാനുള്ള കാരണങ്ങൾ ഇല്ലാതാക്കുക എന്നതാണ് പ്രതിരോധത്തിൽ പ്രധാനം.
∙ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ കാലാവസ്ഥയനുസരിച്ച് ഒന്നര – രണ്ടര ലീറ്റർ വെള്ളം വരെ ദിവസവും കുടിക്കണം.
∙ മൂന്നു – നാലു മണിക്കൂർ ഇടവിട്ട് മൂത്രമൊഴിക്കണം. മൂത്രം പിടിച്ചു വയ്ക്കുന്നതാണ് അണുബാധ കൂടാനും അതു പടരാനുമുള്ള പ്രധാന കാരണം.
∙ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ഇ ന്ത്യൻ ടോയ്‌ലറ്റുകൾ ഉപയോഗിച്ചു ശീലിക്കാം. പൊതു ഇടങ്ങളിലെ ടോയ്‌ലറ്റ് സീറ്റിൽ നിന്നാണ് മിക്കവർക്കും അണുബാധ ഏല‍്‍ക്കാറ്. ഉപയോഗിച്ച ശേഷം കളയാവുന്ന പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഡിസ്പോസിബിള‍്‍ ‍ടോയ്‌ലറ്റ് കവറുകൾ മാർക്കറ്റിൽ ലഭ്യമാണ്. ടോയ്‌ലറ്റ് സീറ്റിനെ അ ണുവിമുക്തമാക്കുന്ന ഡിസിൻഫെക്‌ടന്റ് സ്പ്രേകളും മറ്റും മാർക്കറ്റിൽ ഉണ്ട്. സാനിറ്റൈസർ ഹാൻഡ് ബാഗിൽ കരുതാം.

∙ ആർത്തവ സമയത്ത് കൂടുതൽ വൃത്തിയായി സ്വകാര്യഭാഗങ്ങൾ കഴുകി തുടയ്ക്കുക. ശരീരത്തിനുള്ളിലേക്ക് വയ്ക്കുന്ന ടാംപൂണുകൾ, തുണി അധികം നേരം വയ്ക്കുന്നത് ഒക്കെ ഒഴിവാക്കുക തന്നെ വേണം. സാനിറ്ററി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും കൃത്യമായ ഇടവേളയിൽ തന്നെ മാറ്റുക. ഓരോ തവണ പാഡ്/ കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക.   
∙ അടിവസ്ത്രങ്ങള‍്‍ ദിവസവും കഴുകാതെ ഒരുമിച്ചു കൂട്ടിയിടുക, സോക്സിനും മറ്റും ഒപ്പം അടിവസ്ത്രങ്ങള‍്‍ അലക്കുക, കുളിമുറിയിൽ തന്നെ വിരിച്ചിടുക, സൂര്യപ്രകാശം ഇല്ലാത്ത ഇടങ്ങളിൽ ഉണങ്ങാനിടുക തുടങ്ങിയവയൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. കാറ്റും വെളിച്ചവും കിട്ടുന്ന ഇടത്തു വേണം അടിവസ്ത്രങ്ങൾ ഉണക്കാനിടാൻ. കഴിവതും അവ പ്രത്യേകം തന്നെ അലക്കുക. ദിവസത്തിൽ രണ്ടു നേരം അടിവസ്ത്രങ്ങൾ മാറണം.   

∙ ശാരീരിക ബന്ധത്തിനു മുൻപും ശേഷവും സ്വകാര്യഭാഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ലൈംഗിക ബന്ധത്തിനിടയിൽ അസ്വാഭാവിക രീതികൾ സ്വീക രിക്കുന്നത് അണുക്കൾ മൂത്രനാളിയിലെത്താനും ഇൻഫെക്‌ഷ നുണ്ടാക്കാനും കാരണമാകും.
∙ ഗർഭകാലത്ത് മൂത്രാശയരോഗം വന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.

കാരണമറിഞ്ഞു ചികിത്സിക്കാം

ലക്ഷണങ്ങൾ കണ്ടാലുടൻ യൂറിനറി ഇൻഫെക്‌ഷനാണെന്നു കരുതി സ്വയം ചികിത്സ തുടങ്ങരുത്. കിഡ്നി സ്റ്റോൺ, ഗർഭാശയ മുഴകൾ, മൂത്രനാളിയുടെ ചുരുങ്ങൽ, കാൻസർ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും യൂറിനറി ഇൻഫെക്‌ഷനു സമാനമായ ലക്ഷണങ്ങൾ വരാം.
മൈക്രോസ്കോപ്പിക് ലാബ് ടെസ്റ്റും യൂറിൻ കൾച്ചറിങ്ങു മാണ് പ്രധാന ടെസ്റ്റുകൾ. അണുബാധ കണ്ടെത്തിയാൽ 5-14 ദിവസം വരെയൊക്കെയാകും മരുന്ന് കുറിക്കുക. രോഗല ക്ഷ ണങ്ങൾക്ക് ആശ്വാസം കണ്ടുതുടങ്ങിയാൽ സ്വയം മരുന്നു നിർത്തുന്നത് ദോഷം ചെയ്യുമെന്ന് ഓർക്കുക. മരുന്ന് കഴിക്കുന്നത് ഇടയ്ക്കു നിർത്തിയാൽ രോഗാണുക്കൾ മരുന്നിനെ പ്രതിരോധിക്കാൻ പ്രാപ്തി നേടും. പിന്നെ, കൂടുതൽ ഡോസുകൾ ക ഴിക്കേണ്ടതായി വരും.

സ്വകാര്യഭാഗങ്ങളും കൈകളും നന്നായി കഴുകിയ ശേഷം വേണം മൂത്ര പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ. അല്ലെങ്കില‍്‍ പുറത്തു നിന്നുള്ള മറ്റ് അണുക്കൾ മൂത്രത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് പരിശോധന ഫലത്തെ ബാധിക്കും. ‘മിഡ് സ്ട്രീം സാംപിളാണ്’ എടുക്കേണ്ടത്. മൂത്രം ഒഴിച്ചു തുടങ്ങി, അൽപം മൂത്രം പോയശേഷം അണുവിമുക്തമാക്കിയ കുപ്പിയിലേക്ക് സാംപിൾ ശേഖരിക്കുക.   
പലപ്പോഴും പ്രമേഹത്തിനു മുന്നോടിയായി യൂറിനറി ഇൻഫെക്‌ഷൻ വരാറുണ്ട്. അതുകൊണ്ട് വർഷത്തിലൊരിക്കലെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

യൂറിൻ പരിശോധനയിൽ അണുക്കളുടെ സാമീപ്യം ഇല്ലാതിരുന്നിട്ടും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിലും മരുന്നുകൾ കഴിച്ചിട്ടും രോഗം മാറുന്നില്ലെങ്കിലും മറ്റ് വിശദ പരിശോധനകൾ നടത്തണം. ട്യൂബർകുലോസിസ്, മൂത്രനാളിയിലെ കാൻസർ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാകാമിത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഹരികൃഷ്ണൻ ആർ.,അസോസിയേറ്റ് പ്രഫസർ, മെഡിസിൻ ആന്‍ഡ് ഹീമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.
ഡോ. ജേക്കബ്. കെ. ജേക്കബ്, പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ് , എറണാകുളം,
ഡോ. അജിത് എസ്. എൻ, അസിസ്റ്റന്റ് പ്രഫസർ ഓഫ് മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.