Friday 24 August 2018 11:47 AM IST

ദേഷ്യക്കാരികളായ അമ്മമാരിൽ ഭേദം ചുക്കു അമ്മയും പൊന്നു ആന്റിയും

Vijeesh Gopinath

Senior Sub Editor

ur_vashi
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദേഷ്യക്കാരിയായ അമ്മമാരുടെ കൂട്ടത്തിൽ ഭേദം ചുക്കു അമ്മയും (സുകുമാരിയമ്മ) പൊന്നു ആന്റിയും (കവിയൂർ പൊന്നമ്മ) ആയിരുന്നുവെന്ന് നടി ഉർവശി. ‘അവരുടെ മുന്നിലൊരിക്കലും ഞാൻ ഒരു സിനിമാ താരമായിരുന്നില്ല, അവരുടെ മകൾ തന്നെയായിരുന്നു. എന്റെ ബാല്യവും കൗമാരവും കണ്ടവർ. അവർക്കു മുന്നിൽ ഞാനെപ്പോഴും കുട്ടിയായിരുന്നു.’ മലയാളത്തിന്റെ പൊന്നമ്മയായ കവിയൂർ പൊന്നമ്മയെയും മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അമ്മ സുകുമാരി അമ്മയെയും ഓർക്കുകയാണ് ഉർവശി.

ഷൂട്ടു കഴിഞ്ഞ് ഒന്നു പുറത്തിറങ്ങണമെന്നു പറഞ്ഞാല്‍‌ പൊന്നു ആന്റി സമ്മതിക്കും. പത്തുമിനിറ്റ് കൊണ്ട് എത്തണമെന്നേയുള്ളൂ. പക്ഷേ, അനുവദിച്ച സമയം കഴിഞ്ഞാൽ മുഖം ചുവപ്പിച്ച് ആളെത്തിയിട്ടുണ്ടാകും. ഒരുപാടു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പലതിലും പഞ്ചപാവം അമ്മയായിട്ടു തന്നെ. ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ’ ദേഷ്യക്കാരിയായ അമ്മായിയമ്മയെ പോലുള്ള റോളിൽ പൊന്നു ആന്റിക്കൊപ്പം അഭിനയിക്കാൻ ഇപ്പോഴും ആഗ്രഹമുണ്ട്. സിനിമയിൽ ലളിതജീവിതം നയിക്കുന്ന ശുദ്ധപാവം അമ്മയാണെങ്കിലും പൊന്നു ആന്റി ജീവിതത്തിൽ അത്യാവശ്യം നന്നായി ഷോപ്പിങ് നടത്തുന്ന ആളും വലിയ ഹോട്ടലുകളിൽ പോയി മുന്തിയ ഇനം ഭക്ഷണം കഴിക്കാൻ താൽപര്യം ഉള്ള ആളുമാണ്. ആഭരണങ്ങളൊക്കെ ഡിസൈൻ കാണിച്ച് പണിയിച്ചേ എടുക്കൂ. ഒാടിപ്പോയി വാങ്ങാറൊന്നുമില്ല.

അധികമാർക്കും അറിയാത്ത രഹസ്യമുണ്ട്. ആന്റി നന്നായിട്ട് വെറ്റില മുറുക്കുമായിരുന്നു. പക്ഷേ, പല്ലു കണ്ടാൽ തിരിച്ചറിയാനാകില്ല. അത്രയ്ക്ക് വെളുത്തിട്ടാണു പല്ലുകൾ. അതിനു കാരണവുമുണ്ട്. അരമണിക്കൂർ കൊണ്ടാണ് ആന്റി പല്ലുതേയ്ക്കുന്നത്. ആദ്യം ഉമിക്കിരി എടുക്കും. പിന്നെ, മാവില. അതു കഴിഞ്ഞ് എന്തൊക്കെയോ ദന്തചൂർണങ്ങൾ. ഇത്രയും കഷ്ടപ്പെടണോ മുറുക്കു നിർത്തിയാൽ പോരെ എന്നു ചോദിച്ച് ഞാൻ കളിയാക്കും. അപ്പോഴും തിളങ്ങുന്ന പല്ലുകൾ കാണിച്ച് അമ്മച്ചിരി ചിരിക്കും.

സുകുമാരിയമ്മ സ്നേഹം കൊണ്ടാണ് തോൽപ്പിച്ചിരുന്നത്. ‘അമ്മാ... ’ എന്നേ വിളിക്കൂ. ഷൂട്ടിങ് സമയത്ത് എനിക്കി ഷ്ടമുള്ളതൊക്കെ വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടു വരും. പൊടിയരിക്കഞ്ഞിയും ചേമ്പും ചേനയുമിട്ട പുഴുക്കും ആകാം. അല്ലെങ്കിൽ കാന്താരി ചതച്ചതും ചുട്ടരച്ച ചമ്മന്തിയുമാകാം. എന്ത് ആഗ്രഹം പറഞ്ഞാലും വാങ്ങിത്തരും. അവരുെടയൊക്കെ കൗമാരകാലത്ത് പുരികം ത്രഡ് ചെയ്തിരുന്നു. ഒരു ഉപകരണമുണ്ടായിരുന്നു. കനം കുറഞ്ഞ അലുമിനിയം കമ്പി പോലുള്ള ഒന്ന്. കൗതുകത്തിന് അതു വേണം എന്നു ഞാൻ പറഞ്ഞു, അതൊന്നും മാർക്കറ്റിൽ കിട്ടില്ലായിരുന്നു. പക്ഷേ, ചുക്കുവമ്മ എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ വിളിച്ച് അന്വേഷിച്ച് അവസാനം ഒരു കട കണ്ടുപിടിച്ചു. മാസങ്ങൾക്കു ശേഷം അതെനിക്കു മുന്നിൽ കൊണ്ടുവന്നു വച്ചപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി.

എനിക്കൊപ്പം ‘കഥയിലെ നായിക’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ചുക്കുവമ്മയ്ക്ക് ബൈപാസ് ശസ്ത്ര ക്രിയ വേണ്ടി വരുന്നത്. ആറന്മുള പൊന്നമ്മൂമ്മ മരിച്ച ദിവസം. ഭയങ്കര മഴ. മരണവീട്ടിൽ നിന്നിറങ്ങുമ്പോൾ കാൽ തെറ്റി ഒന്നു വീണു. പിന്നെ, കാറിൽ കയറിയപ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതു പോലെ. ചുക്കുവമ്മയ്ക്ക് ആരുടെ മുന്നിലും ക്ഷീണം കാണിക്കാൻ ഇഷ്ടമില്ലായിരുന്നു. ‘ഇല്ലമ്മാ.. ഒന്നുമില്ലെന്നു’ പറഞ്ഞ് ശ്വാസം വലിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് കേൾക്കുന്നത് പെട്ടെന്ന് ബൈപാസ് ശസ്ത്രക്രിയ വേണ്ടി വന്നു എന്നാണ്.

അടുത്ത സിനിമയിലും ഞങ്ങൾ ഒരുമിച്ചായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഒാപ്പറേഷൻ‌ കഴിഞ്ഞ് മൂന്നാം ദിവസം എ ന്നെ വിളിച്ചു, ‘‘അമ്മാ എനിക്കു കുഴപ്പമൊന്നുമില്ല. നാളെയോ മറ്റന്നാളോ ഞാൻ ലൊക്കേഷനിലെത്തുമെന്ന് സംവിധായകനോടു പറയണം.’’ എന്നു പറഞ്ഞു. എനിക്കു ദേഷ്യം വന്നു. മര്യാദയ്ക്ക് റെസ്റ്റെടുക്കാൻ പറഞ്ഞ് ഭീഷണിപ്പെടുത്തി, അതുകേട്ടു ചിരിച്ചു. എന്നിട്ട് ‘നീ പറ്റുമെങ്കിൽ ഇതു വഴി വാ..’ എന്നും പറഞ്ഞു. പക്ഷേ, ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്ന് പെട്ടെന്നങ്ങു പോയി.

ഇങ്ങനെ ഒരുപാടുപേരുടെ മകളായി ജീവിക്കുക... അതൊരു വലിയ ഭാഗ്യമായിരുന്നെന്ന് ഇന്നെനിക്ക് തോന്നാറുണ്ട്. അവരുടെ മുന്നിലൊരിക്കലും ഞാൻ ഒരു സിനിമാ താരമായിരുന്നില്ല, അവരുടെ മകൾ തന്നെയായിരുന്നു. എന്റെ ബാല്യവും കൗമാരവും കണ്ടവർ. അവർക്കു മുന്നിൽ ഞാനെപ്പോഴും കുട്ടിയായിരുന്നു.

ഉർവശി വനിതയിൽ എഴുതുന്ന അനുഭവക്കുറിപ്പുകൾ– ’മഴവിൽക്കാവടി’യിൽ സെപ്റ്റംബർ രണ്ടാം ലക്കം വായിക്കുക ‘മലയാളത്തിലെ പൊന്നമ്മമാർ’