Thursday 01 December 2022 03:30 PM IST : By സ്വന്തം ലേഖകൻ

സ്കൂളില്‍ ലഗിൻസ് ധരിച്ചെത്തിയതിന് പ്രധാന അധ്യാപികയുടെ മോശം പെരുമാറ്റം; ഡിഇഒയ്ക്ക് പരാതി നല്‍കി അധ്യാപിക

sari775fbjk

സ്കൂളില്‍ ലഗിന്‍സ് ധരിച്ചു വന്നതിന് പ്രധാന അധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാന അധ്യാപിക റംലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ ഹിന്ദി ടീച്ചറാണ് സരിത രവീന്ദ്രനാഥ്. 

രാവിലെ സ്‌കൂളിലെത്തിയ സരിത ടീച്ചര്‍ ഒപ്പിടാനായി പ്രധാന അധ്യാപികയുടെ മുറിയില്‍ ചെന്നിരുന്നു. ലഗിന്‍സ് ധരിച്ചെത്തിയ സരിത ടീച്ചറെ കണ്ടപ്പോള്‍ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ യൂനിഫോം ധരിക്കാത്തത് ടീച്ചറെ കണ്ടിട്ടാണെന്ന് ആക്ഷേപം ഉന്നയിച്ചു. സ്‌കൂള്‍ മാന്വലില്‍ ലഗിന്‍സ് ഇടരുതന്ന് നിര്‍ദേശമില്ലെന്നും, തന്റെ വസ്ത്രധാരണത്തിനു എന്താണ് പ്രശ്‌നമെന്നും സരിത ടീച്ചര്‍ ചോദിച്ചതോടെ ആക്ഷേപകരമായ തരത്തില്‍ പ്രധാന അധ്യാപക സംസാരിച്ചുവെന്നുമാണ് പരാതി.

"13 വര്‍ഷമായി അധ്യാപന രംഗത്തുളള ആളാണ് ഞാന്‍. അധ്യാപന ജോലിയ്ക്ക് ചേരാത്ത വിധത്തില്‍ മാന്യതയില്ലാതെ ഒരു വസ്ത്രവും ഇതുവരെ ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പോകാമെന്ന നിയമം നിലനില്‍ക്കെ പ്രധാന അധ്യാപികയുടെ മോശം പെരുമാറ്റം ഏറെ മാനസിക വിഷമമുണ്ടാക്കി."- സരിത പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രധാന അധ്യാപിക റംലയ്‌ക്കെതിരെ ഡിഇഒയ്ക്ക് പരാതി നല്‍കിയതെന്നും സരിത പറയുന്നു.

അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ പ്രധാന അധ്യാപിക തയാറായിട്ടില്ല. മേലധികാരികള്‍ ഇതുവരെ സരിത ടീച്ചറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. എന്തായാലും മാന്യമായ വസ്ത്രം ഇഷ്ടപ്രകാരം ധരിക്കുന്നതിന് അധ്യാപകര്‍ക്കും അവകാശമുണ്ടെന്നും തന്റെ നിലപാടുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്നും സരിത ടീച്ചര്‍ പറയുന്നു. 2019 ലെ മിസിസ് കേരള ജേതാവാണ് സരിത രവീന്ദ്രന്‍. 

Tags:
  • Spotlight