Wednesday 12 December 2018 11:18 AM IST

ലക്ഷ്യങ്ങൾക്കു പ്രായമില്ല! യുഎസ്ടി ഗ്ലോബലിന്റെ സെന്റർ ഹെഡ് ഹേമ മേനോന്‍ പറയുന്നു

Syama

Sub Editor

hema01
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തളരാതെ ജോലി ചെയ്യുന്ന ഉറുമ്പുകളെ കണ്ടിട്ടില്ലേ? അക്കൂട്ടത്തിൽ പെട്ടൊരാളാണ് ഹേമ. യുഎസ്ടി ഗ്ലോബൽ എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ തിരു വനന്തപുരം സെന്റർ ഹെഡ് ആണ് ഹേമ. തൃശൂരുള്ള ഒരു സാധാരണ പെൺകുട്ടി അവൾ കണ്ട സ്വപ്നങ്ങളേക്കാൾ  ഉയരത്തിൽ പറന്നതു പോലെയാണ് ഹേമയുടെ കഥ. യുഎസ്ടി പോലൊരു മൾട്ടിനാഷനൽ കമ്പനിയുടെ തലപ്പത്തിരിക്കുന്ന സ്ത്രീ എന്നു  കേൾക്കുന്നതും മനസ്സിൽ വരുന്ന ഗൗരവക്കാരിയായ കട്ടിക്കണ്ണട വച്ച അൾട്രാ സ്റ്റൈലിഷ് ആയ ഇംഗ്ലിഷ് മാത്രം  സംസാരിക്കുന്ന ക്ലീഷേ ചിത്രങ്ങളൊക്കെ തകർത്തായിരുന്നു ഹേമയുടെ വരവ്. പാന്റ്സും ഷർട്ടുമാണ് വേഷം. നിറഞ്ഞ ചിരി. നല്ല ഒഴുക്കുള്ള മലയാളം സംസാരിക്കുന്ന ഊർജസ്വലയായ വ്യക്തി.

‘‘തൃശൂർ എൻജിനീയറിങ് കോളജില്‍ നിന്ന് സിവിൽ എൻജിനീയറിങ് എടുത്ത് എൻജിനീയർ ആയിട്ടാണ് എന്റെ കരിയറിന്റെ തുടക്കം. അതു കഴിഞ്ഞ് ബാങ്കിങ്. ഏറ്റവും ഒടുവിലാണ് ഐടി മേഖലയിലേക്കു തിരിയുന്നത്.’’ തുടരെത്തുടരെ ചിലയ്ക്കുന്ന ഫോൺ അൽപം നീക്കി വച്ച് ഹേമ സംസാരിച്ചു തുടങ്ങി.


നമ്മൾ മുന്നിട്ടിറങ്ങണം


‘മാനുവൽ ആന്റ് സൺസ്’ എന്നൊരു കമ്പനിയിലാണ് ആദ്യം ജോലി ചെയ്തത്. കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്ക് പോയി. അദ്ദേഹം അവിടെ വിപ്രോയിലായിരുന്നു. എന്റെ അച്ഛൻ എസ്ബിടി ഉദ്യോഗസ്ഥനായതു കൊണ്ടാകാം എനിക്കും ബാങ്കിങ് മേഖലയിലെ ജോലി വളരെ ഇ ഷ്ടമായിരുന്നു. പഴയ  ഇഷ്ടമൊക്കെ പൊടി തട്ടിയെടുത്ത് ടെസ്റ്റ് എഴുതി പ്രൊബേഷനറി ഓഫിസറായി  ബാങ്കിൽ ജോലിക്കു കയറി. അത് ശരിക്കും പറഞ്ഞാൽ സ്വപ്നം സത്യമായി വന്നതു പോലെയായിരുന്നു. അതേ പോലൊരു സ്വപ്നമായിരുന്നു  ഭർത്താവിനൊപ്പം ഒരേ കമ്പനിയിൽ ജോലി ചെയ്യുക എന്നത്. ഇപ്പോൾ ഞാനും ഭർത്താവ് സുഭാഷ് പരമേശ്വറും യുഎസ്ടിയില്‍ തന്നെ. അദ്ദേഹം ഇപ്പോൾ  യുഎസിൽ ആണ്. ഞാനും  കുറച്ചു കൂടി ഉത്തരവാദിത്വമുള്ള പോസ്റ്റ് ഏറ്റെടുത്ത് അവിടേയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ്.


ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പ്രോത്സാഹിപ്പിച്ചത്  അ ച്ഛനുമമ്മയുമാണെങ്കിൽ വിഹാഹം കഴിഞ്ഞുള്ള രണ്ടാം ഘ ട്ടത്തിൽ ഭർത്താവും വീട്ടുകാരുമുണ്ടായിരുന്നു. സുഭാഷിന് ആദ്യം  യുഎസിലേക്കു പോകേണ്ടി വന്നപ്പോൾ ഞാൻ ബെംഗ ളൂരുവിലെ  ജോലി രാജിവച്ചു. ആ സമയത്താണ് മകൻ  പിറന്നത്. വെറുതേയിരുന്നു ബോറടിക്കാതെ എന്തെങ്കിലും പഠിക്കാ ൻ പോകൂവെന്നു പറഞ്ഞത് സുഭാഷാണ്. അങ്ങനെ മാസ്റ്റേഴ്സ് ഇൻ സോഫ്റ്റ്‍‌വെയർ എൻജിനീയറിങ് പഠിച്ചു. അതിനു ശേഷമാണ് മകളുണ്ടായത്. സുഭാഷ് അപ്പോഴേക്കും  എംബിഎ എടുത്തു. ഇതറിഞ്ഞപ്പോൾ അമ്മ എന്നോട് ചോദിച്ചത് നിനക്കെന്താ ചെയ്യാൻ പറ്റില്ലേ എന്നാണ്. ആ സമയം ഞാൻ അ വിടെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. മ കന് മൂന്നു വയസ്സും  മകൾക്ക് രണ്ടു മാസവും പ്രായമുള്ളപ്പോഴാണ് എംബിഎയ്ക്കു ചേരുന്നത്.


രാവിലെ  തൊട്ട് വൈകുന്നേരം ആറു വരെ ജോലി. വൈകു ന്നേരം ഏഴു തൊട്ട് ഒൻപതു വരെ പഠിത്തം. മക്കളെ രണ്ടുപേരേയും  കാറിലിരുത്തി ഡ്രൈവ് ചെയ്താണ് പോയിരുന്നത്. സുഭാഷിനു മിക്കവാറും യാത്രകളായിരുന്നു. കുട്ടികളെ നോക്കുന്നൊരു ക്രഷ് ഞാൻ പഠിച്ച കോളജിനു  സ്വന്തമായുണ്ടായിരുന്നു. അവരെ രണ്ടു മണിക്കൂറേയ്ക്ക് അവിടെ ആക്കും. തിരികെ വീട്ടില്‍ വന്ന് ഡിന്നർ കഴിച്ച് കുട്ടികൾക്കൊപ്പമിരുന്നിട്ട് പന്ത്രണ്ടുമണിക്ക്  വീണ്ടും  ജോലിയുടെ ഭാഗമായി ഓൺലൈനിൽ വരണം.


ഇങ്ങനെയുള്ള കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊക്കെ എന്നെ വളർത്തിയിട്ടുണ്ട്. അമേരിക്കയാണ്  എനിക്കിന്നു കാണുന്ന കോൺഫിഡൻസ് തന്നത്. പുറംനാട്ടിൽ  പോകുമ്പോൾ ആളുകളുമായി ഇടപഴകുമ്പോൾ അവർ ചെയ്യുന്ന ജോലി കാണുമ്പോഴൊക്കെയാണ് നമ്മുടെ മനസ്സിലെ അനാവശ്യ കെട്ടുകളൊക്കെ അങ്ങു പൊട്ടി പോകുന്നത്.

hema02


ഇവിടം സ്വർഗമാണ്


ഇന്ത്യയിലെ തന്നെ മനോഹരമായ ക്യാംപസുള്ള ഐടി കമ്പനികളിലൊന്നാണ് യുഎസ്ടി. മൂന്നിൽ ഒരു ഭാഗം ജലം മറ്റൊരു ഭാഗം കെട്ടിടം ഇനിയൊരു ഭാഗം പച്ചപ്പ് എന്ന കണക്കിലാണ് നിർമിതി. മുന്നിൽ കാണുന്നിടത്ത്  ചെറിയൊരു കുളമായിരുന്നു. ഇപ്പോൾ കാണുന്ന തടാകം ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. വളരെ സ്പേഷ്യസായിട്ടാണ് ഓഫിസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓഫിസിന്റെ  മുകളിലത്തെ ബാൽക്കണിയിൽ നിന്നാൽ കടൽ കാണാം. ജോലിയുടെ സ്ട്രെസ് ഉണ്ടെങ്കിൽ പുറത്തേക്കു നോക്കി കാഴ്ചകൾ കാണുമ്പോഴേ മനസ്സ് ശാന്തമാകും.


താഴത്തെ നിലയിൽ വിശാലമായ ഫുഡ് കോർട്ട് ഉണ്ട്, നല്ല സൗകര്യമുള്ള  ജിം ഉണ്ട്. കോമ്പൗണ്ടിനുള്ളിൽ  യാത്ര ചെയ്യാൻ ഇക്കോ–ഫ്രണ്ട്‌ലി ബഗ്ഗിയുണ്ട്. ഞാൻ  യുഎസ്ടിയിൽ  എത്തിയിട്ട് ഒൻപതു വർഷമാകുന്നു. അന്ന്  9000 ജോലിക്കാരുണ്ടായിരുന്നിടത്ത് ഇന്ന് 17000 പേർ ജോലി ചെയ്യുന്നു.
കേരളത്തിൽ സാധാരണ കാണാത്ത തരം  തൊഴിൽ അന്തരീക്ഷമാണ് ഇവിടെ. പണ്ടത്തെ പോലെയുള്ള  ബ്യൂറോക്രസി ഇല്ല. ആരും ആരേയും ‘സർ’ എന്നോ ‘മാഡം’ എന്നോ വിളിക്കാറില്ല, പകരം പേരാണ്. ഏറ്റവും  ജൂനിയർ  ഡവലപ്പർക്കും എത്ര സീനിയറായ വ്യക്തിയെ പോലും നേരിട്ട് കണ്ടു  സംസാരിക്കാനുള്ള അവസരമുണ്ട്. പുതിയ ഐഡിയകൾക്കു വേണ്ട പരിഗണനയും അതു വിജയമാക്കാൻ വേണ്ട പിന്തുണയും കമ്പനി നൽകും. ഒരാൾക്കൊരു കഴിവുണ്ടെങ്കിൽ അതു വളർത്താനുള്ള സ്പെയ്സും സൗകര്യവും  കമ്പനി തരും. ‘ട്രാൻസ്ഫോമിങ് ലൈഫ്സ്’ എന്നതാണ്  ഞങ്ങളുടെ പോളിസി.


ഈയിടെ ഞങ്ങൾ ഉണ്ടാക്കിയ ആപ്പ് ആണ് ‘ഐ സേഫ്’. കമ്പനിയിലെ ഒരാൾക്കു തോന്നിയ ആശയത്തിൽ നിന്നാണ് ഈ ആപ്പ് ഉണ്ടാകുന്നത്. എന്തെങ്കിലും ആപത്തുണ്ടായാല്‍ അടുത്തുള്ളവർക്ക് എസ്എംഎസ് പോകും, പൊലീസിനും അ ലർട്ട്  മെസെജ് ചെല്ലും.
സ്കൂളുകളെ അഡോപ്റ്റ് ചെയ്ത് കുട്ടികളിലൂടെ പ്രകൃതി  സംരക്ഷണവും  പ്ലാസ്റ്റിക് വർജനവും അവരുടെ വീട്ടുകാരിലേക്കും നാട്ടുകാരിലേക്കും എത്തിച്ചു. ഗ്രാമങ്ങളെ ദത്തെടുത്ത് അവരുടെ ഉന്നമനത്തിനുള്ള  തൊഴിലുകൾ പഠിപ്പിച്ചു കൊടുക്കുക അങ്ങനെ പലതും ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കാൻ പോയി. അവർക്ക് തുണി നെയ്യാനുള്ള ലൂമാണ് വാങ്ങി കൊടുത്തത്. സഹായങ്ങൾ പല തരത്തിൽ ചെയ്യാം. വേണമെങ്കിൽ പണം നൽകി സഹായിക്കാം. പക്ഷേ,  ഞങ്ങൾ അവർക്കൊരു തൊഴിലും അതു വഴി കിട്ടുന്ന മാനസിക തൃപ്തിയും നൽകാനാണ് നോക്കിയത്. ഇങ്ങനൊരു ചൊല്ല് കേട്ടിട്ടുണ്ട്. മീ ൻ കൊടുത്താൽ നിങ്ങൾക്ക്  ഒരാളുടെ അന്നത്തെ വിശപ്പു മാറ്റാം എന്നാല‍്‍ മീൻ പിടുത്തം പഠിപ്പിച്ചാൽ അത് എന്നത്തേയും വിശപ്പുമാറ്റാനുള്ള  മാർഗമാണ്.

hema04
1. ഹേമയും കുടുംബവും , 2. യുഎസ്സിലെ സഹജീവനക്കാർ നൽകിയ യാത്രയയപ്പ്


കാണാം പെണ്‍കരുത്ത്


സ്ത്രീകൾക്ക് നല്ല ബഹുമാനവും  സഹായങ്ങളും  പ്രോത്സാഹനവും നൽക്കുന്ന കമ്പനിയാണിത്. മൾട്ടിടാസ്കിങ്ങിലും ഡിസിപ്ലിനിലും  മിക്കവാറും മികച്ചു നിൽക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്. പതിനാലു കൊല്ലം ഞാൻ യുഎസ്സിലുണ്ടായിരുന്നു. ഇന്ത്യയിലും യുഎസ്സിലുമാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഉയർന്ന സ്ഥാനങ്ങളിൽ ജോലി  ചെയ്യുന്നത്. എന്നാലും ഇനിയും മാറ്റം വരാനുണ്ട്. ഇവിടെ ഞങ്ങൾ പല ചുമതല വഹിക്കുന്ന സ്ത്രീകളെ ക്ഷണിച്ച്  മോട്ടിവേഷനൽ  ടോക്സ് നടത്താറുണ്ട്. അവർ അതിജീവിച്ച കഷ്ടപ്പാടുകൾ നേടിയെടുത്ത വിജയങ്ങൾ  അതേക്കുറിച്ചൊക്കെ കേൾക്കുന്നതു തന്നെ മുന്നോട്ടു പോകാനുള്ള പ്രചോദനമാണ്.


ഒരു തവണ സ്ത്രീകൾ രാത്രി സഞ്ചരിക്കുന്ന വിഷയത്തെ കുറിച്ച് വിദേശത്തു നിന്നു വന്ന ഒരു ലേഡി സംസാരിക്കുന്നു. ഉടനെ ഇവിടുത്തെ ഒരു പെൺകുട്ടി പറഞ്ഞു ‘എന്റെ അമ്മായിയമ്മയ്ക്കു ഞാൻ രാത്രി യാത്ര ചെയ്യുന്നത് ഇഷ്ടമല്ല.’ വിദേശത്തു നിന്നു വന്നവർക്കു അതു മനസ്സിലായില്ല. പക്ഷേ, ഇവിടുള്ളവർക്കു മനസ്സിലായി. അത്തരം സാഹചര്യങ്ങളില്‍ നമുക്ക് മാത്രമല്ല അറിവ് വേണ്ടത്. വീട്ടുകാർക്കും കൂടിയാണ്.


ഇവിടെ ‘ഈവ് ഇറ്റ്’  എന്നൊരു പെൺഗ്രൂപ്പുണ്ട്. ‘എംപവറിങ് വിമൻ ഇൻ ഐടി’ എന്നതാണ് അതിന്റെ പൂർണരൂപം. ആ കൂട്ടായ്മയുടെ ഫലമായിട്ട് ഇന്ന്  ടെക്നോപാർക്കിൽ ഇവിടുത്തെ ജോലിക്കാരുടെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ക്രഷ് ഉണ്ട്. 25 കൊല്ലത്തിനു ശേഷം ആദ്യമായിട്ടാണ്  അങ്ങനെ ഒന്ന് ഇവിടെ തുടങ്ങുന്നത്. യുഎസ്ടിയുൾപ്പടെ പല കമ്പനികളും അതിൽ ഫണ്ട് ചെയ്തു. അമ്മമാരെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. കുഞ്ഞിന്റെ കാര്യമോർത്ത് ടെൻഷൻ ഇ ല്ലാതെ അവർക്കു കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാം.
ഇവിടെ ‘യമ്മി എഡ്’ എന്നൊരു പരിപാടി കൂടിയുണ്ട്. വീട്ടിൽ നമ്മളുണ്ടാക്കുന്ന ഭക്ഷണം ഇവിടെ കൊണ്ടു വന്ന് വിൽക്കും. അതിന്റെ ലാഭം സ്കൂൾ കുട്ടികളുടെ പഠനസഹായത്തിനു കൊടുക്കും. അതിൽ നിന്നു കിട്ടിയ തുക കൊണ്ടാണ് മനസികാരോഗ്യ  കേന്ദ്രത്തിലേക്കു ലൂം നൽകിയതും. ഇപ്പോൾ ഞങ്ങൾ ചെറിയ രീതിയിൽ ഓർഗാനിക് ഫാമിങ് പരീക്ഷിച്ചു വരുന്നു. അതു വിജയിച്ചാൽ വിപുലമായി തുടങ്ങും. ഗുണപരമായ എന്തെങ്കിലും സമൂഹത്തിലേക്കു തിരികെ കൊടുക്കാൻ സാധിക്കുന്നത് നല്ലതല്ലേ?


സ്വപ്നങ്ങൾക്കു അതിരു വേണ്ട


മക്കളുടെ വിദ്യാഭ്യാസവും  കരിയർ ലക്ഷ്യവും അവർ തന്നെയാണ്  പ്ലാൻ ചെയ്യുന്നത്. മകൻ ഹരീഷ്  ഓഹിയോ സ്റ്റേറ്റ്  യൂണിവേഴ്സിറ്റിയിൽ നിന്ന് ഊർജതന്ത്രവും കണക്കും ഡബിൾ മെയിൻ എടുത്ത് ബിരുദം കഴിഞ്ഞു. അവനിപ്പോൾ യുഎസ്സി ൽ തന്നെ ജോലി ചെയ്യുന്നു. കുറച്ച് നാൾ ജോലി ചെയ്തതിനു ശേഷം  പി.ജി എടുക്കാനാണ് അവന്റെ തീരുമാനം. മകൾ ലക്ഷ്മി സെന്റ് തോമസ് യൂണിവേഴ്സിറ്റി ഓഫ്  സാന്റിയാഗോയിൽ കോഗ്‌നിറ്റീവ് സ്റ്റഡീസ് രണ്ടാംവർഷ വിദ്യാർഥിയാണ്.
അവർ രണ്ടുപേർക്കും സ്വന്തം കരിയർ സ്വയം തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും സ്വന്തമായി തീരുമാനങ്ങൾ എടുത്തു വളരാനുള്ള അവകാശവും ഉണ്ട്. മക്കൾ കരി
യറിൽ വിജയിച്ച്, പണമുണ്ടാക്കി  പേരെടുക്കണം  എന്നൊരാഗ്രഹവും ഇല്ല. മറിച്ച് നല്ല മനുഷ്യരായി വളരണം എന്നേയുള്ളൂ.

hema05
1. ഹാഫ് മാരത്തൺ ഫസ്റ്റ് റണ്ണറപ്പായപ്പോൾ, 2. അൾട്രാമരത്തൺ കഴിഞ്ഞുള്ള സമ്മാനദാനം


ജോലിക്കു പോകുന്ന കാര്യം സംസാരിക്കുമ്പോൾ മകൾ എന്നോട് പറയാറുണ്ട് ‘അമ്മേ, ഞാൻ പഠിച്ചത്  അത്ര പോരെന്നു തോന്നുന്നു,  എനിക്കു ജോലി ചെയ്യാനുള്ളത്ര അറിവായോ എന്നു സംശയം തോന്നും’. സ്ത്രീകൾക്ക് പലർക്കു ഇത്തരം ‘സെൽഫ് ഡൗട്ട്’ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എനിക്കും ഉണ്ടാകാറുണ്ട്. ആണുങ്ങളുടെ കാര്യത്തിൽ ഇതു നേരെ തിരിച്ചാണെന്നു വായിച്ചിട്ടുണ്ട്. അവർ ഉള്ളതിലും  കൂടുതൽ ഉണ്ടെന്നേ പറയൂ.


മകളോട് ഞാൻ പറയും ‘ആരും ഒരിക്കലും പഠിച്ചു തീരില്ല, ജോലിക്കു കയറിയാൽ അനുഭവങ്ങളുടെ അറിവുള്ളവരുടെയൊക്കെ ഗുണം കൂടി കിട്ടും.’ എപ്പോഴും  പോസിറ്റീവായിട്ടിരിക്കാനാണ് ഇഷ്ടം. മോശം സംഭവിക്കാം എന്ന  ധാരണയുണ്ടെങ്കിലും മോശം കാര്യം ഒന്നിന്റെയും അവസാനമല്ല എന്ന ബോധ്യമാണ് മുന്നോട്ടു നയിക്കുന്നത്. എനിക്കിപ്പോൾ 48 വയസ്സുണ്ട്. ഈയിടയ്ക്കു ഇഷ്ടപ്പെട്ടു തുടങ്ങിയ ഹോബിയാണ് മാരത്തൺ! 120 കിലോമീറ്ററുള്ള അൾട്രാ മാരത്തണും  ഒക്ടോബറിൽ 110 കിലോമീറ്ററും ഓടി. ഭർത്താവിന്റെ  അനുജൻ രമേഷ് സ്പോർട്സ് പേഴ്സൺ ആണ്. അദ്ദേഹത്തിന് ഒരു  അപകടം വന്ന ശേഷം അത് ധൈര്യപൂർവം അതിജീവിച്ച് ‘സോൾസ് ഓഫ് കൊച്ചി’ എന്നൊരു    ടീം ഉണ്ടാക്കി. അവനിൽ നിന്നു കിട്ടിയ പ്രചോദനമാണ് ഓടാൻ  തോന്നിപ്പിച്ചത്.


 ബന്ധുക്കളിൽ പ്രമേഹ പ്രശ്നം അനുഭവിക്കുന്നവർ  പലരുണ്ട്. വ്യായാമം ചെയ്യാൻ ഇത്തിരി  മടിയുള്ള കൂട്ടത്തിലാണ് സുഭാഷ്. ഇതിന്റെ പേരിൽ സുഭാഷിനെക്കൂടി വ്യായാമത്തിന്റെ വഴിയേ കൊണ്ടുവരിക എന്ന ഉദ്ദേശവും എനിക്കുണ്ടായിരുന്നു.  ഇപ്പോൾ  സുഭാഷും ഹാഫ് മാരത്തോൺ ഓടി. അതിനിവിടെ ഓഫിസിൽ ചിലർ കമന്റ് പറയും ‘ഹേമ 42 ഓടി, സുഭാഷ് പുറകേ ഓടിയിട്ടും 21 എത്തിയതേയുള്ളൂ’ എന്ന്.


എനിക്കിനിയും കുറേ സ്വപ്നങ്ങളുണ്ട്. ഡാൻസ് പഠിക്കണം, വീണ പഠിക്കണം, കുറേ വായിക്കണം, യാത്ര ചെയ്യണം. നേരത്തെ ഫെയ്സ്ബുക്കിൽ ഓടുന്ന ഫോട്ടോസ് ഇട്ടിരുന്നു. പിന്നെ, അതങ്ങു നിർത്തി. അപ്പോ ഒരുപാട്  പേർ ചോദിച്ചു ഇ പ്പോൾ ഓടുന്നില്ലേ? നിങ്ങളുടെ പോസ്റ്റ് കാണുന്നതു തന്നെ വലിയ പ്രചോദനമായിരുന്നു എന്നൊക്കെ പറയും. അങ്ങനെ വീണ്ടും ഫോട്ടോസ് ഇടാൻ തുടങ്ങി. നമ്മൾ ചെയ്യുന്ന  കൊച്ചു കൊച്ചു പ്രവൃത്തികൾ ആളുകളെ സ്വാധീനിക്കുന്നു എന്നറിയുന്നത് തന്നെ വലിയ കാര്യമല്ലേ...

കരിയർ അഡ്വൈസ്


∙ സ്വന്തം വിഷയത്തിൽ എത്ര അറിവുണ്ടാക്കാൻ കഴിയുമോ  അത്രയും നേടാൻ പരിശ്രമിക്കുക. പഠിക്കാൻ പ്രായമില്ല. പഠനം എന്നതു കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഏതെങ്കിലും സ്ഥാപനത്തിൽ പോയുള്ള പഠിപ്പു മാത്രമല്ല. ഓൺലൈനായി പഠിക്കാം, സെമിനാറുകൾ കേൾക്കാം, ചുറ്റുമുള്ളവരുടെ അനുഭവങ്ങൾ കേൾക്കാം... ഇതൊക്കെ പഠനം തന്നെയാണ്.
∙ സ്ഥാനമാനങ്ങളിൽ ഉടക്കി നൽക്കരുത്. എന്തെങ്കിലും പുതിയതായി ചെയ്യാൻ തോന്നുന്നുവെങ്കിൽ ചെറുതായിട്ടെങ്കിലും അതിനു ശ്രമിക്കുക.
∙ ചെയ്യുന്ന ജോലിയിൽ 100 ശതമാനം ആത്മാർഥത കാണിക്കണം. എന്നാലേ മാനസിക സന്തോഷം കിട്ടുകയുള്ളൂ.
∙ സ്ത്രീ ആണെന്ന കാരണത്താൽ ഒഴിവു കഴിവുകൾ പറയാതിരിക്കുക. കിട്ടുന്ന അവസരങ്ങൾ പിന്നത്തേക്കു മാറ്റി വയ്ക്കരുത്.
∙ എപ്പോഴും അപ്ഡേറ്റഡായിരിക്കുക. എല്ലാം വിരൽത്തുമ്പിൽ കിട്ടുന്ന ഈ കാലത്ത് ശരിയായ അറിവു കണ്ടെത്താനുള്ള ശ്രമം എല്ലാവരിലും വേണം.
∙ നല്ല പിൻഗാമികളെ ഉണ്ടാക്കുന്നവരാണ് നല്ല നേതാ ക്കൾ. നമ്മുടെ ജൂനിയർ ആയവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും അവരെ മുൻനിരയിലേക്ക് എത്തിക്കാനുമുള്ള മനസ്സുണ്ടാകണം.