Tuesday 26 May 2020 11:35 AM IST : By സ്വന്തം ലേഖകൻ

അന്ന് ഉത്ര കാറിലിരുന്ന് മകനെ കണ്ടു; അമ്മയ കാണാൻ ധ്രുവ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; വേദന

uthra-dhruv

വീട്ടിൽ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകൻ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും. സാധാരണ മാസത്തിൽ 2 തവണയാണ് ഉത്ര അഞ്ചലിലെ വീട്ടിലെത്തുന്നത്. രണ്ടോ മൂന്നോ ദിവസം വീട്ടിൽ നിന്ന ശേഷമാണ് അടൂരിലേക്കു മടങ്ങുന്നത്. മിക്കവാറും സൂരജ് ഉത്രയെ കൊണ്ടാക്കി ജോലി ആവശ്യത്തിനായി പോവുകയാണു ചെയ്യുന്നത്.

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു.

പിന്നീട് 52–ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അവസാനമായി അമ്മയെ കാണാൻ ധ്രുവ് ഉത്രയുടെ വീട്ടിലെത്തിയപ്പോഴേക്കും ആ അമ്മ മറ്റൊരു ലോകത്ത് എത്തിയിരുന്നു.

അതേസമയം  കേസിൽ സൂരജ് പിടിയിലായതിനു പിന്നാലെ കുട്ടിയെ അടൂരിലെ സൂരജിന്റെ വീട്ടില്‍ എത്തിച്ചു. കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും വിട്ടുകൊടുക്കാൻകൊല്ലം ബാലക്ഷേമ സമിതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കുട്ടിയെ രാവിലെ തിരിച്ചെത്തിക്കണമെന്ന് പൊലീസ് നിര്‍ദേശവും ഉണ്ടായിരുന്നു.

ഇന്നലെയാണ് സൂരജിന്റെ അമ്മയ്ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ അച്ഛൻ എത്തിയാലുടൻ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്നാണ് കുടുംബാംഗങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നത്.

വനിത കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഉത്രയുടെ കുടുംബത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായത്. നേരത്തെ സൂരജിന്റെ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.