Tuesday 12 October 2021 11:18 AM IST : By സ്വന്തം ലേഖകൻ

തെളിവായത് ഈ ചിത്രം, 7 ദിവസം പാമ്പിന് ഭക്ഷണം കൊടുക്കാതെ തയ്യാറെടുപ്പ്: ഉത്ര കേസ് തെളിഞ്ഞതിങ്ങനെ

uthra-case-41

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കും. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ‌് ആണു വിധി പ്രസ്താവിച്ചത്.അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും പ്രോസിക്യൂഷൻ വാദവും പൂർണമായി ശരിവച്ചാണ് പ്രതി സൂരജ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് രാജ്യത്ത് പൊലീസ് റജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസാണിത്. തെളിവുകളില്ലാത്തതിനാൽ മറ്റു രണ്ട് കേസുകളിലെയും പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു.  മഹാരാഷ്ട്രയിലെ പുണെയിലും നാഗ്പുരിലും നടന്ന സമാന കൊലപാതകക്കേസുകളിലെ വിധികൾ കൊല്ലം റൂറൽ പൊലീസ് പരിശോധിച്ചിരുന്നു.  വയോധികരായ ദമ്പതികളാണ് നാഗ്പുരിൽ മരിച്ചത്. പുണെയിൽ ഗൃഹനാഥനും. ഈ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.

എന്നാൽ സാക്ഷികളില്ലാത്ത ഉത്ര കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചായിരുന്നു എസ്പി ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള  അന്വേഷണം. പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് മുതൽ നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ റിസർച് കേന്ദ്രം വരെ അന്വേഷണത്തിന്റെ  ഭാഗമായി.  വെല്ലുവിളി നിറഞ്ഞതായിരുന്നു  അന്വേഷണം. വിഷയ വിദഗ്ധരെ ഉൾപ്പെടുത്തി പല സംഘങ്ങൾ രൂപീകരിച്ചു.

സൂരജ് നാട്ടുകാർക്കു മുന്നിൽ നടത്തിയ പാമ്പ് പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കേസ് അന്വേഷണത്തിന് ഏറെ സഹായമായത് . തുടർന്ന് അന്വേഷണം പാമ്പ് പിടുത്തക്കാരൻ ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷിലേക്ക് എത്തി. രണ്ടു പാമ്പുകളെ സൂരജിനു വിറ്റെന്ന് സുരേഷ് സമ്മതിച്ചതോടെ  കൊലപാതകമാണെന്ന സൂചനയായി . ഇതോടെ സൂരജ് നിരീക്ഷണത്തിലായി. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ ജ‍ഡം വിദഗ്ധരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്തും തെളിവുകൾ ശേഖരിച്ചിരുന്നു.  

കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന അണലിയും മൂർഖനുമായി സൂരജ് നിൽക്കുന്ന ചിത്രങ്ങൾ  നിർണായകമായി തെളിവായി. ജന്തുമൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലബ്ബുകളിൽ സൂരജ് അംഗമായിരുന്നു.   പാമ്പിന്റെ തലയ്ക്കടിച്ച് പ്രകോപിപ്പിച്ച് കടിപ്പിച്ചെന്നും ശാസ്ത്രീയമായി പൊലീസ് തെളിയിച്ചു. ഏഴു ദിവസം പാമ്പിനു ഭക്ഷണം കൊടുത്തിരുന്നില്ല.  ഭക്ഷണം നൽകാതെ പാമ്പിനെ കുപ്പിയിൽ സൂക്ഷിച്ചതായി ചോദ്യം ചെയ്യലിൽ സൂരജ് പറഞ്ഞിരുന്നു.

More