Friday 03 July 2020 11:54 AM IST

‘ആരും ഒന്നും അറിയില്ലായിരുന്നു, അത്ര ഭംഗിയായിട്ടാണ് അവൻ വീട്ടിൽ സ്നേഹം വിതറിക്കൊണ്ടിരുന്നത്’

Tency Jacob

Sub Editor

uthra-
ഫോട്ടോ : ഹരികൃഷ്ണൻ

പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടേയും നെഞ്ചകങ്ങളിൽ തീ കോരിയിട്ടിട്ടാണ് ഉത്ര പോയത്. പൊന്നും പണവും കണ്ടാൽ വിഷം വമിക്കുന്ന ഒരാൾക്കു മുന്നിൽ കഴുത്തു നീട്ടിക്കൊടുത്തു എന്നൊരു കുറ്റമേ ആ പെൺകുട്ടി ചെയ്തുള്ളൂ. അതിന് പകരം നൽകേണ്ടി വന്നതാകട്ടെ അവളുടെ ജീവനും. പോയ് മറഞ്ഞ് നാളുകളേറെ ആയെങ്കിലും ആ പുഞ്ചിരിക്കുന്ന മുഖം ഉത്രയുടെ മാതാപിതാക്കളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. കണ്ണടച്ചാൽ കേൾക്കുന്നത് അവളുടെ അമ്മേ... എന്ന വിളി. അവളുടെ ഓർമകളിൽ ജീവിക്കുന്ന ആ അച്ഛനും അമ്മയും ഇതാ ഹൃദയംനൊന്ത് മനസു തുറക്കുകയാണ്... വനിത ജൂൺ രണ്ടാം ലക്കത്തിലാണ് ചങ്കിടിപ്പേറ്റുന്ന ആ ഓർമകളെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും തിരികെ വിളിച്ചത്.

മകൾ അനുഭവിച്ച വേദന

‘‘വലത്തേകാലിന്റെ കണ്ണയുടെ ഭാഗത്താണ് മോള്‍ക്ക് ആദ്യം പാമ്പു കടിയേറ്റത്. രാത്രി എട്ടുമണിയോെട, കുഞ്ഞിന്റെ തുണിയെടുക്കാൻ വീടിനു പുറത്തിറങ്ങിയപ്പോഴായിരിക്കും പാമ്പുകടിയേറ്റതെന്നാണ് അവർ പറഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടു മണിക്ക് ബോധം മറഞ്ഞപ്പോൾ അടൂരിനടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതുകൊണ്ട് ഗവൺമെന്റ് ഹോസ്പിറ്റലിലേക്കു പോയി.

ആന്റിവെനം കൊടുക്കണമെങ്കില്‍ പാമ്പ് ഏതാണെന്നു അറിയണമായിരുന്നു. അതറിയാത്തതു കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെയും ചികിത്സ തുടങ്ങാൻ പറ്റിയില്ല. എന്നൊക്കെയാണ് ഞങ്ങളെ ധരിപ്പിച്ചത്.

പുലർച്ചെ മൂന്നു കഴിഞ്ഞപ്പോൾ എന്റെ സഹോദരന്റെ മ കൻ ശ്യാമിനെയാണ് ആദ്യം വിവരമറിയിക്കുന്നത്. ഞങ്ങൾ മുൻകൈയെടുത്താണ് തിരുവല്ല പുഷ്പഗിരിയിലേക്കു കൊണ്ടുപോകുന്നത്. അവിടെ ലാബ് ടെസ്റ്റ് നടത്തി അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി ആന്‍റിവെനം കൊടുത്തു.

വിഷം കയറി കാലിലെ മസിലുകളെല്ലാം ബലൂൺ പോലെ വീർത്തിരുന്നു. മസിലുകള്‍ നശിച്ചാൽ വല്ലാതെ പ്രഷർ വരും. മസിലുകളെല്ലാം കീറി പ്രഷർ തുറന്നുവിടുന്ന ചികിത്സയാണ് അപ്പോള്‍ ചെയ്യാനുള്ളത്. എല്ലൊക്കെ പുറത്തു കാണും. പതിനാറു ദിവസം അവൾ ഐസിയുവിൽ കിടന്നു. എന്താണ് സംഭവിച്ചതെന്നു ചോദിച്ചപ്പോൾ അവൾക്കൊന്നും ഓർമയില്ല. ഒ ന്നു നുള്ളിയാൽ പോലും ഉറക്കെ കരയുന്ന കുട്ടിയാണ്...’’ വിജയസേനന്‍റെ വാക്കുകള്‍ ഉലഞ്ഞുതുടങ്ങിയിരുന്നു. ഓർമകൾ അത്രമേൽ ഭയപ്പെടുത്തുന്നതായിരുന്നു. വിതുമ്പലടക്കാൻ ക ഴിയാതെ അമ്മ, അച്ഛനരികെ നിന്ന് എഴുന്നേറ്റു പോയി.

‘‘പൊലീസിനു സൂരജ് നൽകിയ മൊഴി പ്രകാരം രാത്രി പന്ത്രണ്ടു മണിക്കാണ് പാമ്പിനെക്കൊണ്ടു കടിപ്പിക്കുന്നത്. പള്‍സ് താണ് മരണം ഉറപ്പാക്കാനാവും ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ െെവകിപ്പിച്ചത്. പക്ഷേ, ദൈവം ചിലത് തീരുമാനിച്ചിരുന്നു. നേരിയ പൾസുണ്ടായിരുന്നതിൽ നിന്നു പിടിച്ചു കയറി ഡോക്ടർമാർ അവളെ രക്ഷിച്ചെടുത്തു. ആദ്യ ത വണ പാമ്പുകടിയേറ്റപ്പോള്‍ത്തന്നെ ഉത്ര മരിച്ചിരുന്നെങ്കിൽ ആര്‍ക്കും ഒരു സംശയവും ഉണ്ടാകുമായിരുന്നില്ല. അത്ര ഭംഗിയായിട്ടായിരുന്നു അയാൾ ഞങ്ങളുടെ വീട്ടിൽ സ്നേഹം വിതറിക്കൊണ്ടിരുന്നത്.

വിശദമായ വായന വനിത ജൂൺ രണ്ടാം ലക്കത്തിൽ