Thursday 04 June 2020 10:39 AM IST : By സ്വന്തം ലേഖകൻ

100 പവനും അഞ്ചു ലക്ഷം രൂപയും കാറും; ഒടുവിൽ വെള്ളപുതച്ചു കിടത്തുമ്പോഴും ഉത്തരമില്ലാതെ നീറി ഉത്രയുടെ അച്ഛൻ

uthra-father

ഉത്രയുടെ മരണം വേദനയ്ക്കൊപ്പം വലിയൊരു തിരിച്ചറിവു കൂടി കേരളത്തിലെ മാതാപിതാക്കൾക്കു നൽകി. പൊന്നും പണവും കൊണ്ട് മൂടി ചേർത്തു വയ്ക്കുന്ന ബന്ധങ്ങളൊന്നും ശാശ്വതമാകണമെന്നില്ല എന്ന വലിയ തിരിച്ചറിവ്. ഭർത്താവിന്റെ വിഷം വമിക്കുന്ന ക്രൂരതയ്ക്കിരയായി മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ ഉത്ര വേദനയായി അവശേഷിക്കുമ്പോൾ കണ്ണുതുറപ്പിക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ്ഗവേഷകനും അധ്യാപകനുമായ പ്രവീൺ എബ്രഹാം. സ്വന്തം മകളുടെ ചേതനയറ്റ മൃതശരീരം വീടിന്റെ അകത്തളത്തിൽ വെള്ള പുതച്ചു കിടത്തിയപ്പോൾ നീറി നീറി കരയാനേ ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ. എടുക്കാതെ പോയ തീരുമാനങ്ങളെക്കുറിച്ച്, ഉറച്ചു നിൽക്കാനാകാതെ പോയ നിലപാടുകളെക്കുറിച്ച് അവർ വിലപിച്ചിട്ടുണ്ടാവുമെന്ന് പ്രവീൺ കുറിക്കുന്നു.

പ്രവീണിന്റെ പോസ്റ്റിന്റെ പൂർണരൂപം;

സ്വന്തം മകളുടെ ചേതനയറ്റ മൃതശരീരം വീടിന്റെ അകത്തളത്തിൽ വെള്ള പുതച്ചു കിടത്തിയപ്പോൾ നീറി നീറി കരയാനേ ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ. എടുക്കാതെ പോയ തീരുമാനങ്ങളെക്കുറിച്ച്, ഉറച്ചു നിൽക്കാനാകാതെ പോയ നിലപാടുകളെക്കുറിച്ച് അവർ വിലപിച്ചിട്ടുണ്ടാവും.

ഒഴിവാക്കാനാകുമായിരുന്നിട്ടും, പലപ്പോഴും സൂചനകൾ കിട്ടിയിട്ടും, 'കുടുംബ ജീവിതമില്ലേ' മുന്നോട്ട് പോകട്ടേ എന്നു ആശ്വസിപ്പിച്ച്‌ വീണ്ടും വീണ്ടും ഭർതൃഗ്രഹത്തിലേക്കു പറഞ്ഞയച്ച ഓരോ നിമിഷങ്ങളെയും ശപിച്ചിട്ടുണ്ടാകാം...

100 പവനും, ബലേനോ കാറും, 5 ലക്ഷം രൂപയും, സ്ഥലവും എല്ലാം വിവാഹ സമ്മാനം ആയി നൽകി മകളെ കെട്ടിച്ചയച്ചപ്പോൾ അത് അവളുടെ അന്ത്യ യാത്രക്കുള്ള യാത്ര അയക്കലായിരുന്നു എന്ന് ആ അച്ഛൻ തിരിച്ചറിഞ്ഞില്ല...

ആവർത്തിച്ച് ആവർത്തിച്ചു ആ അച്ഛൻ പറയുന്ന വാക്കുകളാണ് 'കുടംബ ജീവിതം അല്ലെ' മുന്നോട്ടു പോകട്ടെ എന്ന്. വീണ്ടും വീണ്ടും മകളെ ഓരോ അസ്വാരസ്യങ്ങൾക്കും ശേഷം പറഞ്ഞയച്ചു....

ഒരു വിവാഹ ബന്ധം മോചിച്ചതിനു ശേഷം ഉള്ള ചോദ്യങ്ങളെയും , വിമർശനങ്ങളും, കുറ്റപ്പെടുത്തലുകളെയും ഏതൊരു അച്ഛനെയും പോലെ അയാളും ഭയന്നു. കൊലപാതകം നടത്തിയവനേം, ബലാൽസംഗം ചെയ്യുന്നവനെയും കയ്യടിച്ചു സ്വീകരിക്കുന്ന കേരളത്തിൽ ഏറ്റവും അപമാനവും കുറ്റവും ആയി കാണുന്നത് വിവാഹ മോചനങ്ങളെയാണ്...

പറ്റില്ല എന്ന് തോന്നുന്ന നിമിഷം, പൊരുത്തപ്പെടാൻ ആകില്ല എന്ന് മനസിലാക്കുന്ന നിമിഷം, അപകടവും ചതിയും ഉണ്ടെന്നു തിരിച്ചറിയുന്ന നിമിഷം വലിച്ചെറിയാൻ തന്നെ ഉള്ളതാ വിവാഹ ബന്ധവും. ജീവിക്കാനാവാതെ ജീവിതത്തെ കുറിച്ച്‌ സ്വപ്നം കണ്ടിട്ട് കാര്യം ഇല്ലല്ലോ..

തിരിച്ചറിയണം ചതിയുടെ വഴികൾ, കണ്ടെത്തണം ഭാര്യ ആണെങ്കിലും ഭർത്താവാണെങ്കിലും തന്റെ പങ്കാളിയുടെ പോക്കുവരവുകൾ. പാമ്പിനെ കടിപ്പിച്ച് എങ്ങനെ ഒരാളെ കൊല്ലാം എന്ന് ആവർത്തിച്ച് യൂട്യൂബിൽ നോക്കിയപ്പോൾ, അവന്റെ ഫോണിലെ രഹസ്യങ്ങൾ ചോർത്താൻ അവൾക്കു കഴിഞ്ഞില്ല. ഇടക്കൊക്കെ പങ്കാളിയുടെ ഫോണിന്റെ ലോക്ക് പൊട്ടിച്ചു സെർച്ച് ഹിസ്റ്ററി നോക്കുന്നതിൽ തെറ്റില്ല. കരുതിയിരിക്കാം വിവേകത്തോടെ...

ചേരാത്ത കല്യാണങ്ങൾ നടത്തുമ്പോൾ മണക്കണം അപകടം. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ ചുറ്റുപാടുകൾ തങ്ങൾക്കു ചേരുന്നതല്ലെങ്കിൽ അറിയണം പിന്നിൽ ഉദ്ദേശം വേറെ ആണെന്ന്. വലിച്ചെറിയണം തന്റേടത്തോടെ... ജീവിക്കണം അന്തസായി...

പോകാൻ പറയണം നാട്ടുകാരോട്, ബന്ധുക്കളോട്.

ആരെയാണ് പേടിക്കുന്നത്? കാര്യം അറിയാതെ കുറ്റം പറയുന്ന അയൽക്കാരെയോ?, സുഹൃത്തുക്കളെയോ?

നമ്മൾ ജീവിക്കുന്നത് ആരുടേയും ചിലവിലല്ല എന്നോർക്കണം. ബാധ്യത ആരോടും ഇല്ല എന്ന് തിരിച്ചറിയണം. തന്റേടത്തോടെ, അഹങ്കാരത്തോടെ, നെഞ്ച് വിരിച്ചു തന്നെ ജീവിക്കണം...

സൊസൈറ്റി ഉണ്ടാക്കി വച്ച ഒരു ടാബൂ ഉണ്ട്. ഡിവോഴ്സ് ആണ് ലോകത്തിലെ ഏറ്റവും വലിയ അപരാധം എന്ന്. ഇന്ത്യയിൽ 1000 പേരിൽ 13 പേർ മാത്രമാണ് (1.3%) ഡിവോഴ്‌സ്ഡ് ആകുന്നത്. ആ കണക്കിൽ അഭിമാനിക്കുന്നില്ല. അപമാനിക്കുകയാണ്.

ലക്സംബർഗിൽ 87% ആണ് ഡിവോഴ്സ് റേറ്റ്. അമേരിക്ക, കാനഡ, സ്പെയിൻ എല്ലാം 50% ത്തിനു മുകളിലാണ്. വിവേകം ഉണ്ട് ആളുകൾക്ക്. ഈ രാജ്യങ്ങളിൽ എല്ലാം കുറ്റ കൃത്യങ്ങളുടെ കണക്കും, ഗാർഹിക പീഡനങ്ങളുടെ കണക്കും വളരെ കുറവാണ്.

ഇവിടെ പേടിയാണ് ആളുകൾക്ക്. എന്താകും ഭാവി എന്നോർത്ത്?

ഒരു പെൺകുട്ടി ഉന്നത പഠനത്തിന് പോകണം എന്ന് ആവശ്യപ്പെട്ടാൽ മാതാപിതാക്കൾ പറയുന്നത്, ഇത്രേം കാശുമുടക്കി പഠിപ്പിച്ചാൽ പിന്നെ എങ്ങനാ കെട്ടിച്ചു വിടുന്നത്? എത്ര ലക്ഷം ഉണ്ടേലാ?

സ്വരുക്കൂട്ടി വയ്ക്കുന്നത് സ്ത്രീധനം കൊടുക്കാനാവരുത്...

ശമ്പളം കുറവാണേലും ജോലിക്ക് വിടുക... പരിചയപ്പെടട്ടെ പുതിയ ആളുകളെ... ലോകം കാണട്ടെ... തുറന്നു പറയട്ടെ ലോകത്തോട്... പഠിക്കട്ടെ നിയമ സുരക്ഷയെകുറിച്...

ഇനി ഉണ്ടാവരുത് ഒരു ഉത്രയും...

സൂരജ് അടക്കപ്പെടട്ടെ അഴിക്കുള്ളിൽ...