Monday 29 June 2020 12:39 PM IST

‘എന്നെ ഇവിടെ നിന്നു വിളിച്ചു കൊണ്ടു പോ അച്ഛാ...’ എന്ന് അവൾ പറഞ്ഞതാണ്, പക്ഷേ...; കണ്ണീരോടെ ഉത്രയുടെ അച്ഛൻ

Tency Jacob

Sub Editor

uthra-new-story

പെൺമക്കളുള്ള ഓരോ അച്ഛനമ്മമാരുടേയും നെഞ്ചകങ്ങളിൽ തീ കോരിയിട്ടിട്ടാണ് ഉത്ര പോയത്. പൊന്നും പണവും കണ്ടാൽ വിഷം വമിക്കുന്ന ഒരാൾക്കു മുന്നിൽ കഴുത്തു നീട്ടിക്കൊടുത്തു എന്നൊരു കുറ്റമേ ആ പെൺകുട്ടി ചെയ്തുള്ളൂ. അതിന് പകരം നൽകേണ്ടി വന്നതാകട്ടെ അവളുടെ ജീവനും. പോയ് മറഞ്ഞ് നാളുകളേറെ ആയെങ്കിലും ആ പുഞ്ചിരിക്കുന്ന മുഖം ഉത്രയുടെ മാതാപിതാക്കളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. കണ്ണടച്ചാൽ കേൾക്കുന്നത് അവളുടെ അമ്മേ... എന്ന വിളി. അവളുടെ ഓർമകളിൽ ജീവിക്കുന്ന ആ അച്ഛനും അമ്മയും ഇതാ ഹൃദയംനൊന്ത് മനസു തുറക്കുകയാണ്... വനിത ജൂൺ രണ്ടാം ലക്കത്തിലാണ് ചങ്കിടിപ്പേറ്റുന്ന ആ ഓർമകളെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും തിരികെ വിളിച്ചത്.

എന്റെ മകളെ അയാൾ അർഹിച്ചിരുന്നില്ല

അവൾ പഠിക്കാൻ മിടുക്കിയല്ലാത്ത കുട്ടിയായിരുന്നു. അതിന്റേതായ ഒരു സാമർത്ഥ്യക്കുറവ് മാത്രമാണ് അവൾക്കുണ്ടായിരുന്നത്. വാർത്തകളിലൊക്കെ വന്നതു പോലെ മന്ദബുദ്ധിയോ, മാനസിക പ്രശ്നമുള്ള കുട്ടിയോ ആയിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോള്‍, അവളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നന്നായി നോക്കുമെന്നു കരുതി. ഏതൊരച്ഛന്റെയും അമ്മയുടേയും ആഗ്രഹം മകൾ നമ്മുടെ കാലം കഴിഞ്ഞാലും അല്ലലില്ലാതെ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കണമെന്നല്ലേ. ഞങ്ങളങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണ അച്ഛനും അമ്മയുമായിരുന്നു...

മകളെ കണ്ടു സംസാരിച്ച് ഇഷ്ടപ്പെട്ടു തന്നെയാണ് അവ ർ വിവാഹത്തിനു സമ്മതിച്ചത്. ഒന്നും മറച്ചുവച്ചിട്ടില്ല. 2018ലായിരുന്നു വിവാഹം. സാമ്പത്തികമായി ഇത്രയൊക്കെ െകാടുത്തത് എന്തിനാണെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. മകൾ എല്ലായ്പ്പോഴും സന്തോഷമായിരിക്കട്ടെ എന്നു മാത്രമേ ചിന്തിച്ചുള്ളൂ. ഒടുവിൽ അവള്‍ക്കവിടെനിന്നു സന്തോഷം കിട്ടുന്നില്ല എന്നറിഞ്ഞപ്പോള്‍ തിരിച്ചു കൊണ്ടുവരാനും പോയതാണ്.

ജനുവരി അവസാനത്തിലൊരു ദിവസം അവളെന്നെ വിളിച്ച് ‘അച്ഛാ, എന്നെ ഇവിടെ നിന്നു വിളിച്ചു കൊണ്ടുപോണം’ എന്നു പറഞ്ഞു. ഞാനും ഒരു ബന്ധുവും കൂടി ചെന്നു. പ ക്ഷേ, അവളെയും കുഞ്ഞിനെയും കൂട്ടി ഇറങ്ങാൻ നേരം വീട്ടിലെല്ലാവരും മോളെ കെട്ടിപ്പിടിച്ചു കരയുന്നു. മകളാണെങ്കില്‍ ആ കണ്ണീരിൽ അലിഞ്ഞു. ഞാൻ നിർബന്ധിച്ചെങ്കിലും അന്നവൾ കൂടെ വന്നില്ല. വിവാഹമോചനത്തിനു ശ്രമിച്ചാൽ കിട്ടിയതെല്ലാം തിരിച്ചു നൽകേണ്ടി വരുമെന്നവൻ കണക്കു കൂട്ടിയിരിക്കണം. പിന്നീട് പ്രശ്നങ്ങൾ ഉണ്ടായില്ല. പക്ഷേ, അത് കൊല്ലാനുള്ള മുന്നൊരുക്കങ്ങളായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

എനിക്ക് അഞ്ചലിൽത്തന്നെ റബർ കടയുണ്ട്. ഭൂമി അള ക്കാനും പോകും. ഭാര്യ ആയുർ ജവഹർ യുപി സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു. കഴിഞ്ഞമാസം റിട്ടയർ ചെയ്തു. എന്താവശ്യം ഉണ്ടെങ്കിലും സൂരജിന്‍റെ വീട്ടുകാര്‍ നേരിട്ടു ചോദിക്കില്ല. ഉത്രയെക്കൊണ്ട് ചോദിപ്പിക്കും. ശമ്പളം വീട്ടുച്ചെലവിനു തികയുന്നില്ലെന്നു പരാതി പറഞ്ഞപ്പോള്‍ എല്ലാ മാസവും 8000 രൂപ അക്കൗണ്ടിലിട്ടു കൊടുത്തു. 96 പവന്‍റെ ആഭരണങ്ങള്‍ അണിഞ്ഞാണ് അവള്‍ വിവാഹത്തിന് ഒരുങ്ങിയത്. അതെല്ലാം ഉത്രയുടെയും സൂരജിന്റെയും പേരിൽ ലോക്കറിലായിരുന്നു. പേരക്കുട്ടിക്ക് കൊടുത്തിരുന്ന സ്വർണം വേറെ. ഇങ്ങനെയൊക്കെ കൊടുത്തത് തെറ്റായിപ്പോയെന്ന് പലരും പറയും. ഞാനിതെല്ലാം എന്‍റെ മോള്‍ക്കല്ലാതെ വേറെ ആർക്കു കൊടുക്കും?’’

വിശദമായ വായന വനിത ജൂൺ രണ്ടാം ലക്കത്തിൽ