Tuesday 12 October 2021 01:00 PM IST : By സ്വന്തം ലേഖകൻ

ആദ്യം അണലിയെ കൊണ്ടിട്ടു, പിന്നീട് മൂർഖൻ: കൊലപാതക പഠനം യൂട്യൂബിൽ നിന്ന്: ആദ്യം വധശ്രമം പുറക്കോട്ട്

uthra-murder

സ്വത്തും മറ്റും തട്ടിയെടുക്കാനായി കൃത്യമായ ആസൂത്രണത്തോടെയാണ് ഉത്രയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടിരുന്നത്. പറക്കോട് ശ്രീസൂര്യയിൽ വീട്ടിൽവച്ച് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. 2020 ഫെബ്രുവരിയിൽ ആദ്യം വീടിനുള്ളിലെ പടിക്കെട്ടിൽ അണലിയെ കൊണ്ടിട്ട് കടിപ്പിക്കാൻ നോക്കി. എന്നാൽ ആ പാമ്പിനെ ഉത്ര കണ്ടതിനാൽ കടിയേറ്റില്ല. പിന്നീട് മാർച്ച് 2ന് കിടപ്പുമുറിയിൽ വച്ച് വീണ്ടും അണലിയെ കൊണ്ടിട്ടു.

അന്നു ഉത്രയ്ക്കു കടിയേൽക്കുകയും ചെയ്തു. എന്തോ കടിച്ചെന്ന് ഉത്ര പറഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചിരുന്നത്രെ. ഒടുവിൽ തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. അവിടെ വച്ചാണ് കടിച്ചത് അണലിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടു മാസത്തോളം ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചലിലുള്ള വീട്ടിലേക്ക് പോയി.

പറക്കോട്ടെ വീട്ടിലെ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് അണലിയെ മാറ്റി മൂർഖനെയും കൊണ്ടാണ് സൂരജ് 2020 മെയ് 6ന് ഉത്രയുടെ വീട്ടിൽ എത്തിയത്. അന്ന് മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ തന്ത്രം വിജയിച്ചതോടെയാണ് ഉത്ര മരണത്തിനു കീഴടങ്ങിയത്. ഇതിൽ സംശയം തോന്നിയ ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും സൂരജ് അറസ്റ്റിലായതും.

purakkod ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സൂരജിന്റെ പറക്കോട്ടെ വീട് അടച്ചിട്ട നിലയിൽ

പാമ്പുകളെക്കുറിച്ച് പഠനം നടത്തി കൊലപാതകം

പാമ്പുകളെക്കുറിച്ച് യൂട്യൂബ് വഴി പഠനം നടത്തിയാണ് സൂരജ് കൊലപാതകം നടത്താൻ തന്ത്രങ്ങൾ മെനഞ്ഞത്. ആദ്യം അണലിയെക്കുറിച്ച് പഠിച്ചു. അതുവഴിയാണ് പറക്കോട്ടുള്ള വീട്ടിൽ വച്ച് അണലിയെ കിടപ്പുമുറിയിൽ കൊണ്ടിട്ട് കടിപ്പിച്ചത്. എന്നാൽ ആ  ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂർഖൻ പാമ്പിനെക്കുറിച്ചായി പഠനം.

ആ പഠനം കഴിഞ്ഞാണ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിൽ മൂർഖൻ പാമ്പിനെ എത്തിച്ച് 2 തവണ കടിപ്പിച്ചത്. യൂട്യൂബിലെ പഠനത്തിനിടയിൽ 2020 ഫെബ്രുവരി 12നാണ് സൂരജ് പാമ്പു പിടിത്തക്കാരനായ സുരേഷിനെ പരിചയപ്പെടുന്നത്. ഇദ്ദേഹത്തിൽ നിന്നാണ് പാമ്പിനെ വാങ്ങിയതും.  പിന്നീട് ചാത്തന്നൂരിലെ വീട്ടിൽ പോയി കണ്ട് പാമ്പിനെപ്പറ്റി പഠിപ്പിക്കണമെന്ന് പറഞ്ഞു.  തുടർന്നാണ് പണം കൊടുത്ത് ആദ്യം അണലിയെയും പിന്നീട് മൂർഖനെയും വാങ്ങിയത്.

More