Tuesday 12 October 2021 11:35 AM IST : By സ്വന്തം ലേഖകൻ

വേദന മറക്കുന്നത് അവന്റെ കളിചിരികൾ കാണുമ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും കുഞ്ഞിനെ സുരക്ഷിതനാക്കി ഉത്രയുടെ കുടുംബം

arjav-uthra

പ്രതികരിക്കാതെ സൂരജിന്റെ കുടുംബം 

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോൾ പ്രതികരിക്കാതെ സൂരജിന്റെ കുടുംബം. സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യയിൽ വീട് ഇന്നലെ അടഞ്ഞു കിടക്കുകയായിരുന്നു. സൂരജിന്റെ പിതാവ് സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ സ്ഥലത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആരും പുറത്തേക്കിറങ്ങിയില്ല. പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അതിനും തയാറായില്ല. 

ഈ കേസിൽ സൂരജിനെ അറസ്റ്റ് ചെയ്ത സമയത്ത് മകൻ കുറ്റക്കാരനല്ലെന്നും നിരപരാധിയാണെന്നും അവനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നുമാണ് അച്ഛനും അമ്മയും പറഞ്ഞിരുന്നത്. ഉത്രയുടെ മരണത്തിനു ശേഷം ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് എടുത്തതായി പൊലീസിന്റെ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. ഈ സ്വർണാഭരണങ്ങൾ പിന്നീട് സൂരജിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു.

ഒന്നുമറിയാതെ ആർജവ്

അമ്മയുടെ േവർപാടിന്റെ വേദന അറിയാതെ, അച്ഛൻ ചെയ്ത കൊടും ക്രൂരതയുടെ ആഴമോ അതിനു നിയമം നൽകാൻ പോകുന്ന ശിക്ഷകളെക്കുറിച്ചോ അറിയാതെ ഏറം വെള്ളശേരിലെ അമ്മ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു. ഉത്രയുടെ മകൻ  രണ്ടര വയസ്സുകാരൻ ആർജവ് . ഉത്രയുടെ മരണത്തിനു ശേഷം സൂരജിന്റെ സംരക്ഷണയിൽ ആയിരുന്ന കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഉത്രയുടെ  കുടംബത്തിനു ലഭിച്ചത്.  

കേസിന്റെ വിധിദിനം അടുത്തതോടെ വീട്ടിൽ ഒട്ടേറെ ആളുകൾ എത്തിയതിനാൽ  കുടുംബാംഗങ്ങൾ കുഞ്ഞിനെ ആൾക്കൂട്ടത്തിൽ നിന്നു  സുരക്ഷിതനാക്കി.  മകൾ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആർജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്നു ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. മകൾക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ടു, പക്ഷേ ലഭിച്ചതു തീരാവേദന. ഇനി ഈ  കുഞ്ഞിനെ വളർത്തണം, അവനു ശോഭനമായ ഭാവി ഒരുക്കണം അതാണു ലക്ഷ്യം - വിജയസേനൻ പറയുന്നു . ഉത്രയുടെ സഹോദരൻ  വിഷുവുമായും ആർജവ് നല്ല ചങ്ങാത്തത്തിലാണ്.

More