ഹോട്ടലിൽ നിന്നു രണ്ടുപേർ വാങ്ങിയ ഉഴുന്നുവടകൾക്കുള്ളിൽ ബ്ലേഡ് കഷണങ്ങൾ. വട കഴിക്കുന്നതിനിടെ, പ്ലസ്ടു വിദ്യാർഥിനിയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല. ഇതേ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങിയ മറ്റൊരാൾ കഴിക്കാനായി വട മുറിച്ചു നോക്കുന്നതിനിടെയാണ് ബ്ലേഡിന്റെ കഷണം ശ്രദ്ധയിൽപ്പെട്ടത്. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ വടകൾക്കുള്ളിലാണ് ബ്ലേഡ് കണ്ടെത്തിയത്. പരാതിയെത്തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ അടച്ചുപൂട്ടി. ഹോട്ടലിന് പിഴ ചുമത്തുകയും ചെയ്തു.
ഇന്നലെ രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ചുള്ളിമാനൂർ ഇടവട്ടം സ്വദേശിയും കോർപറേഷനിലെ കുടിവെള്ള ടാങ്കറിന്റെ ഡ്രൈവറുമായ അനീഷ് കുമാറിന്റെ മകൾ സനൂഷയ്ക്കും കെഎസ്ഇബി റിട്ട.എക്സിക്യൂട്ടീവ് ഡയറക്ടർ വെൺപാലവട്ടം സ്വദേശി സുകുവിനുമാണ് ‘ബ്ലേഡ് വട’ ലഭിച്ചത്. അനീഷും മകൾ സനൂഷയും ഓരോ മസാലദോശയും വടയും ആണ് ഓർഡർ ചെയ്തത്. സനൂഷ വട പകുതി കഴിച്ചപ്പോഴാണ് പല്ലിൽ എന്തോ തടഞ്ഞതായി പറഞ്ഞത്. പല്ലിലെ കമ്പിയിൽ ബ്ലേഡിന്റെ ഒരു ഭാഗം തറച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് ഹോട്ടൽ ജീവനക്കാരെയും കോർപറേഷൻ, പൊലീസ് അധികൃതരെയും വിവരമറിയിച്ചു. ഇതേസമയം, പാഴ്സൽ വാങ്ങിയ വടയിൽ നിന്ന് ബ്ലേഡ് കഷണം ലഭിച്ചെന്ന് പരാതിയുമായി സുകുവും കടയിലെത്തുകയായിരുന്നു. ഇതെത്തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടച്ചുപൂട്ടി. ഉച്ചയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇൻസ്പെക്ടർ എസ്.കാർത്തികയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തി ഹോട്ടലിൽ പരിശോധന നടത്തി.ഗ്രൈൻഡറിലെ അഴുക്ക് ചുരണ്ടി വൃത്തിയാക്കുന്നതിനിടെ ബ്ലേഡ് വീണു പോയതാകാമെന്നു ജോലിക്കാരിൽ ചിലർ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.