Friday 05 August 2022 12:21 PM IST : By സ്വന്തം ലേഖകൻ

‘എന്താ മോൻ താഴെയിറങ്ങാത്തേ?’, ചെരിപ്പു നഷ്ടപ്പെട്ടെന്ന് അമ്മ; കുട്ടിയെ ഒപ്പം കൊണ്ടുപോയി ബെൽറ്റ് ഉള്ള ചെരിപ്പ് വാങ്ങിനല്‍കി പ്രതിപക്ഷ നേതാവ്

vd-sathee456566

‘എന്താ മോൻ താഴെയിറങ്ങാത്തേ?’. ഇളന്തിക്കര ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അമ്മയുടെ ഒക്കത്തിരുന്ന ജയപ്രസാദിനോടു ചോദിച്ചു. ക്യാംപിലേക്കു വരുന്ന വഴി അവന്റെ ഒരു ചെരിപ്പു നഷ്ടപ്പെട്ടെന്ന് അമ്മ ബിന്ദു മറുപടി നൽകി. മോൻ വാ ചെരിപ്പു വാങ്ങിത്തരാമെന്നു വി.ഡി. സതീശൻ പറഞ്ഞു. ബെൽറ്റ് ഉള്ള ചെരിപ്പായിരുന്നു ജയപ്രസാദിന്റെ ആവശ്യം. ഉടനെ അവനെ തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി ഇളന്തിക്കര കവലയിലെ ചെരിപ്പു കടയിലെത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് വലയിപറമ്പിലും ഒപ്പമുണ്ടായിരുന്നു.

ബെൽറ്റ് ഉള്ള ഒരു ചെരിപ്പും മഴയത്ത് ഇടാവുന്ന മറ്റൊരു ചെരിപ്പും വാങ്ങി നൽകി. തുടർന്നു സമീപത്തെ ബേക്കറിയിൽ നിന്നു ചോക്ലേറ്റും ബിസ്ക്കറ്റും വാങ്ങിക്കൊടുത്തു. ബേക്കറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഈ വണ്ടിയിൽ തന്നെ ക്യാംപിൽ ആക്കി തരാമോയെന്നു ജയപ്രസാദ് പ്രതിപക്ഷ നേതാവിനോടു ചോദിച്ചു. പിന്നെന്താ എന്ന മറുപടി നൽകി ഉടൻ വണ്ടി ക്യാംപിലേക്കു വിട്ടു. വാഹനത്തിൽ അദ്ദേഹം അവനോട് ഒട്ടേറെ വിശേഷങ്ങൾ ചോദിച്ചു. മുൻപു, നിനക്കു ബാഗും പഠനോപകരണങ്ങളും അച്ഛനും മരുന്നും കൊടുത്തുവിട്ടപ്പോൾ വീട്ടിൽ നിന്നെ വീട്ടിൽ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ചൂണ്ടയിടാൻ പോയെന്നായിരുന്നു മറുപടി.

ചൂണ്ടയിട്ടാൽ മീൻ കിട്ടുമോയെന്നു ചോദിച്ചപ്പോൾ തനിക്കു മീനൊക്കെ കിട്ടാറുണ്ടെന്നായിരുന്നു കൊച്ചുമിടുക്കന്റെ വാക്കുകൾ. പട്ടം തെനപ്പുറം മൂലാന്തറ മഹേഷ് - ബിന്ദു ദമ്പതികളുടെ മകനാണു ജയപ്രസാദ്. ഇളന്തിക്കര ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പ്രമേഹം കൂടിയതിനെത്തുടർന്നു ലോട്ടറി കച്ചവടക്കാരനായ മഹേഷിന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റിയതാണ്. ബിന്ദു ലോട്ടറി കച്ചവടം നടത്തിയാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. വെള്ളം പൊങ്ങിയതിനെത്തുടർന്നു ചൊവ്വാഴ്ച വൈകിട്ടാണു കുടുംബം ക്യാംപിൽ അഭയം തേടിയത്.

Tags:
  • Spotlight