Wednesday 05 August 2020 04:45 PM IST : By സ്വന്തം ലേഖകൻ

‘എവിടെയാണ് നമുക്ക് മൂല്യങ്ങളും കുടുംബ ബന്ധങ്ങളും നഷ്ടമായത്; മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ?’; വി എൻ വാസവൻ ചോദിക്കുന്നു

vasavan77557

അമേരിക്കയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്റെ വീട് സന്ദർശിച്ച് സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ. "ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മെറിന്റെ കുഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുണ്ടായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സന്തോഷിന്റെ ഫോണ്‍ വാങ്ങി കളിയും ചിരിയുമായി ആ കുഞ്ഞ് സമയം ചിലവിടുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി. എത്ര ക്രൂരതയോടെയാണ് മെറിന്റെ ഭര്‍ത്താവ് നെവിന്‍ ആ ജീവന്‍ കവര്‍ന്നെടുത്തത്. പതിനെട്ടു തവണ കുത്തുക, രണ്ടുതവണ കാര്‍ കയറ്റി മരണം ഉറപ്പാക്കുക. ഇത്രയും ക്രൂരനാവാന്‍ കഴിയുമോ?"- വി എൻ വാസവൻ ചോദിക്കുന്നു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. 

വി എൻ വാസവൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

എവിടെയാണ് നമ്മള്‍ക്ക് മൂല്ല്യങ്ങളും, കുടുബ ബന്ധങ്ങളും നഷ്ടമായത്. മലയാളി ഒരു സമയത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും നേരടയാളമായിരുന്നു. എഴാംകടലിനക്കരെ ജീവിതത്തിന്റെ പച്ചപ്പ് തേടി പോകുമ്പോഴും അവര്‍ ഒപ്പം കൊണ്ടുപോയിരുന്നത് വീടിന്റെ സ്‌നേഹത്തെയായിരുന്നു. കാത്തിരുന്നിട്ടുണ്ട് അപ്പുറവും ഇപ്പുറവും ഒരു വരി കത്തിനുവേണ്ടി, ഇന്ന് എല്ലാം വിരല്‍തുമ്പിലുണ്ട് പക്ഷെ എവിടെയോ നമ്മള്‍ക്ക് നമ്മെ നഷ്ടമായി.

ഇന്നലെയാണ് മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയിയെയും മേഴ്‌സിയെയും കാണാന്‍ പോയത്. തകര്‍ന്നിരിക്കുന്ന ആ അപ്പനെയും അമ്മയും ആദ്യ ദിവസങ്ങളില്‍ കണാനുള്ള മാനസിക പ്രയാസം കൊണ്ടു തന്നെയാണ് അവിടേക്കുള്ള യാത്ര വൈകിപ്പിച്ചത്. ഇത്തരം പൈശാചികതയ്ക്ക് എന്ത് ആശ്വാസവാക്കുകളാണ് പറയാനാവുക. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മെറിന്റെ കുഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുണ്ടായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സന്തോഷിന്റെ ഫോണ്‍ വാങ്ങി കളിയും ചിരിയുമായി ആ കുഞ്ഞ് സമയം ചിലവിടുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി. എത്ര ക്രൂരതയോടെയാണ് മെറിന്റെ ഭര്‍ത്താവ് നെവിന്‍ ആ ജീവന്‍ കവര്‍ന്നെടുത്തത്. പതിനെട്ടു തവണ കുത്തുക, രണ്ടുതവണ കാര്‍ കയറ്റി മരണം ഉറപ്പാക്കുക. ഇത്രയും ക്രൂരനാവാന്‍ കഴിയുമോ?

ഉത്രയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കരുതി ഇനി ഇതുപോലെ ഒരു ക്രൂരത ആവര്‍ത്തിക്കില്ല എന്ന്. പക്ഷെ ഇത് .... എങ്ങനെയാണ് നമ്മുടെ ചെറുപ്പക്കാരുടെ മനസില്‍ നിന്ന് നന്മയുടെ കണിക ഇല്ലാതായത്. അണുകുടുബങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മള്‍ മക്കള്‍ക്ക അല്‍പ്പം സ്വതന്ത്ര്യം കൊടുത്തു, അവര്‍ക്ക് വാരിക്കോരി സ്‌നേഹം നല്‍കി, പക്ഷെ അത് തിരിച്ചു നല്‍കാന്‍ അവര്‍ക്ക് അറിയില്ല.

ലോകം മുഴുവന്‍ വലിയ കമ്പോളമായി മാറിയ ആഗോളവത്കരണത്തിന്റെ തുടര്‍കാലത്ത് അവരുടെ ഉള്ളില്‍ നിന്ന് വറ്റിപ്പോയ നന്മയും കരുണയുടെയും നീര്‍ചാലുകള്‍ നമ്മള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കമ്പോള സമൂഹത്തിന്റെ തിക്ത ഫലമാണോ ഇത്തരം ലാഭചിന്തകളും , ക്രൂരതകളും പുതിയ തലമുറയുടെ മനസില്‍ വളര്‍ന്നു വരാന്‍ കാരണം. 

അത് മലയാളി രക്ഷാകര്‍ത്താക്കള്‍ തിരിച്ചറിയണം , അത് തിരുത്തപ്പെടണം. പഴയകാല കുടുംബങ്ങളില്‍, അതിന് എന്ത് ന്യൂനതകള്‍ പറഞ്ഞാലും അവിടെ നിന്ന് പകര്‍ന്നു കിട്ടിയിരുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കണികകള്‍ അതാണ് നമ്മുടെ സമൂഹത്തിന്റെ കരുത്തായി മാറിയത്. തിനക്ക് ലഭിച്ചത് അടുത്ത തലമുറയ്ക്ക് നല്‍കണം എന്ന് അന്ന് പഠിച്ചിരുന്നു, ശീലിച്ചിരുന്നു. 

മെറിന്‍ ജോയിയുടെ ഭര്‍ത്താവ് ഫിലിപ് മാത്യു എന്ന (നെവിന്‍) അറസ്റ്റിലാണ്. ഒരു പെണ്‍കുട്ടിയോടും ആരും ഒരിക്കലും ചെയ്യരുതാത്ത തെറ്റാണ് അയാള്‍ ചെയ്തിരിക്കുന്നത്. അതിന് നിയമം കടുത്ത ശിക്ഷ വിധിക്കും.പക്ഷെ അയാള്‍ക്ക് ലഭിക്കാന്‍ പോവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണന്നോ, തന്റെ അച്ചന്റെ ക്രൂരത അറിയാതെ കളിച്ചു ചരിച്ചു നടക്കുന്ന രണ്ടു വയസുകാരി നോറയ്ക്ക് തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ഹൃദയം തകര്‍ന്നു കരയില്ലേ, ആ സമയം കുഞ്ഞ് തന്റെ പിതാവിനെ വെറുക്കുന്നതിന്റെ ആഴമുണ്ടല്ലോ, അതാവും അയാള്‍ക്ക് വിധി സമ്മാനിക്കുന്ന വലിയ ശിക്ഷ.

കേരളത്തില്‍ ആണെങ്കിലും, നാടിന് പുറത്താണെങ്കിലും നമ്മള്‍ മലയാളികള്‍ കുറച്ചു കൂടി ഉള്ളുതുറന്ന് കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറാവണം എന്നാണ് എനിക്ക് തോന്നുന്നത്. ചെറിയ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്താന്‍ നമ്മള്‍ക്ക് കഴിയണം. നമ്മുടെ സാമൂഹ്യക്ഷേമ വകുപ്പില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കുടുബസൗഹൃദങ്ങള്‍ക്ക് പുതിയ മുഖം നല്‍കാനുള്ള പദ്ധതികള്‍ നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

കൗണ്‍സിസലിങ്ങുകള്‍ ഇന്ന് എല്ലാവര്‍ക്കും ആവശ്യമാണ് അത് കതിരില്‍ വളം വയ്ക്കുന്ന പോലെ ആവരുത്. മികച്ച പേരന്റിങ്ങ് നമ്മുടെ സമൂഹത്തിന് വളരെ അടിയന്തര ആവശ്യമാണ്. കുട്ടിയെ എങ്ങനെ പഠിപ്പിക്കണം, എന്ന് എല്ലാവര്‍ക്കും അറിയാം കുട്ടിയെ എങ്ങനെ അറിയണം എന്ന് ആര്‍ക്കൊക്കെ അറിയാം, അത് നമ്മുടെ സമൂഹം ഇനി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ ് . ഇഫക്റ്റീവ് പേരന്റിങ്ങ് അതാണ് നാം പഠിക്കേണ്ടത് , 

അടുത്ത തലമുറയെ, വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ നാടിന്റെ നന്മയും കരുതലും കാത്തു സൂക്ഷിക്കണമെങ്കില്‍ നാം ഇതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കണം. നമ്മുടെ റസിഡന്‍സ് അസോസിയേഷനുകള്‍ പഴയ കൂട്ടുകുടുംബങ്ങള്‍ ആവണം. നമ്മുടെ ആഘോഷങ്ങള്‍ കുടുംബങ്ങളുടെ കൂടിച്ചേരലുകള്‍ ആവണം , അതിലൂടെ നമ്മള്‍ക്ക് തിരിച്ചു പിടിക്കാം നമ്മുടെ നന്മയെ.

അവിടെ നിന്ന് മടങ്ങുമ്പോള്‍ ടാറ്റായും , ഫ്‌ളയിങ്ങ് കിസ്സും നല്‍കി യാത്രപറഞ്ഞ നോറയുടെ മുഖം മനസില്‍ നിന്ന് മായുന്നതേയില്ല. ഇനി ആവര്‍ത്തിക്കരുത് ഇത്തരം ദുരന്തങ്ങള്‍ ,അതിന് നാം ഒരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം.

Tags:
  • Spotlight
  • Social Media Viral