Wednesday 17 April 2019 05:25 PM IST : By സ്വന്തം ലേഖകൻ

പിള്ളാരേം കൂട്ടി കറങ്ങാന്‍ പോയാലോ? മക്കളോട് ചിമിട്ടൻ കമ്പനിയാകാൻ ഇതിലും നല്ലൊരവസരമില്ല; കുറിപ്പ്

vacation

വെക്കേഷനായി...വൈകിട്ടെന്താ അച്ഛാ പരിപാടിയെന്ന് പിള്ളേര് ചോദിച്ചാൽ മലക്കം മറിയലാണ് പലരുടേയും പ്രധാന പരിപാടി. ഇക്കണ്ട തിരക്കും ഓട്ടവുമെല്ലാം തത്കാലത്തേക്ക് മാറ്റിവച്ച് പിള്ളേരോടൊപ്പം ഒന്നു കറങ്ങാൻ പോയാലോ. ‘ഹറി ബറി’ ലൈഫിനിടയിൽ വളരെ പ്രസക്തമാണ് ചോദ്യം. പോക്കറ്റിന്റെ വലുപ്പം നോക്കി, പിള്ളേരുടെ ഇഷ്ടമറിഞ്ഞ് കിടിലം ഒരു യാത്ര. പ്ലാനിംഗ് ആലോചിച്ച് തല പുകയ്ക്കേണ്ട, അത്തരം കൺഫ്യൂഷൻ സംഗതികളെല്ലാം പരിഹരിക്കാൻ മാർഗവുമുണ്ട്. ഡോക്ടർ ഷിംന അസീസാണ് ഈ വിഷയം അച്ഛനമ്മമാർക്കു മുന്നിലേക്ക് വച്ചിരിക്കുന്നത്. സരസമായ കുറിപ്പിലൂടെയാണ് ഷിംന ഈ വെക്കേഷൻ ട്രിപ്പടിയെക്കുറിച്ച് വിശദീകരിക്കുന്നത്.

കുറിപ്പ് വായിക്കാം;

വേനലവധിയാണ്‌. ആറ്റംബോംബ്‌ കണക്കിന്‌ എനർജി സ്‌റ്റോർ ചെയ്‌ത്‌ വെച്ചിരിക്കുന്ന കുട്ടിപ്പട്ടാളത്തെ ഏങ്ങനെ എൻഗേജ്‌ ചെയ്യിക്കാം? പുസ്‌തകം വായന, ചിത്രം വര, കുക്കിംഗ്‌, പക്ഷിനിരീക്ഷണം, വെള്ളത്തിൽ ചാട്ടം, ടിവി, ലാപ്‌ടോപിൽ കുത്ത്‌, സിൽമക്ക്‌ പോക്ക്‌, ബന്ധുജനസന്ദർശനം. അപ്പോ അല്ലാത്ത യാത്രകളോ? മക്കളുടെ അച്‌ഛൻ/അമ്മ പ്രവാസിയാണ്‌. ഒറ്റക്ക്‌ ഇവരേം കൊണ്ട്‌ എങ്ങനാ എന്നാണോ? ആര്‌ പറഞ്ഞു മക്കളെ തനിച്ച്‌ മാനേജ്‌ ചെയ്യാൻ പറ്റൂലാന്ന്‌, ഇവിടെ കമോൺ ?

മൈ ഫസ്‌റ്റ്‌ ക്വസ്‌റ്റ്യൻ ഈസ്‌, ഫോർ വീലർ ഓടിക്കാനറിയുകയും ഓടിക്കാൻ ഇഷ്‌ടമുള്ളതുമായ ആളാണോ? എന്നാൽ പിന്നെ, നിങ്ങളായി, പിള്ളേരായി നിങ്ങടെ പാടായി. ഇനി മക്കളേം കൊണ്ട്‌ നാട്‌ ചുറ്റാൻ ഒരു പൊടിക്ക്‌ കോൺഫിഡൻസ്‌ കുറവുള്ള മാതാശ്രീയാണോ നിങ്ങൾ? അല്ലെങ്കിൽ ഡ്രൈവിംഗ്‌ ഇഷ്‌ടമില്ലാത്ത രക്ഷിതാവ്‌? തനിച്ച്‌ ദൂരയാത്ര ചെയ്യുമ്പോൾ സ്റ്റിയർറിംഗും ബോധമില്ലാത്ത മക്കളേം കൂടി നോക്കാനാവൂല എന്ന്‌ തോന്നുന്ന പിതാജി? അല്ലെങ്കിൽ കാറിനകത്ത്‌ ചുരുണ്ടു കൂടി ഇരിക്കുന്നതിനേക്കാൾ ലോ ഫ്ലോർ ബസും ട്രെയിനുമൊക്കെ ഇഷ്‌ടമുള്ള എന്നെപ്പോലൊൾ? നമുക്കൊന്ന്‌ പിള്ളാരേം കൂട്ടി കറങ്ങാൻ പോയാലോ? അതിന്‌ കൂട്ടുകാരുടേം ബന്ധുക്കളുടേം നേരവും കാലവുമൊന്നും നോക്കേണ്ടാന്നേ. മക്കളോട്‌ ചിമിട്ടൻ കമ്പനിയാവാൻ ഇതിലും നല്ലൊരവസരവുമില്ല.

നമ്മുടെ പങ്കാളിക്ക്‌ എന്തേലും കാരണം കൊണ്ട്‌ മക്കളേം തൂക്കി കൂടെ വരാൻ പറ്റാത്ത സാഹചര്യമാണെന്ന്‌ കരുതുക. നമ്മുടെ കൈയിൽ ഒരു യാത്രക്കുള്ള സമയവും സാമ്പത്തികാവസ്‌ഥയുമുണ്ട്‌. അങ്ങനെയൊരവസരത്തിൽ, ചെറിയ കുട്ടികളെയും കൊണ്ട്‌ യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതം പൊതുവാഹനങ്ങൾ തന്നെയായിരിക്കും. ഇന്ധനത്തിന്റെ കാശും ഡ്രൈവ്‌ ചെയ്യുന്ന ക്ഷീണവും കുറയ്‌ക്കാമെന്ന്‌ മാത്രമല്ല, മക്കളോടൊപ്പം മിണ്ടീം പറഞ്ഞും ഇരിക്കാൻ കുറേ സമയവും കിട്ടും. ട്രെയിൻ എൻജിന്റെ കാര്യം ലോക്കോപൈലറ്റ്‌ നോക്കിക്കോളുമല്ലോ, നമ്മൾ പുള്ളിയെ ഡിസ്‌റ്റർബ്‌ ചെയ്യണ്ടാന്നേ..

കൈക്കുഞ്ഞ്‌ തൊട്ട്‌ ബല്ല്യ ടീനേജർ പിള്ളാരെ വരെ നമുക്ക്‌ ഇത്തരത്തിൽ പൊതിഞ്ഞെടുക്കാം. ലഗേജ്‌ ഓരോരുത്തർക്കായി ഡിവൈഡ്‌ ചെയ്യുക. എൽകെജിക്കാരിക്ക്‌ ആനേടെം കുറുക്കന്റേം ഒക്കെ ചിത്രമുള്ള കുഞ്ഞുബാഗിൽ രണ്ട്‌ ചോക്ലേറ്റും ചിത്രപുസ്‌തകവും ക്രയോൺസും ഇട്ട്‌ കൊടുത്തേക്കുക. ബാഗില്ലാത്തതിന്റെ പേരിൽ ഒരു ആഭ്യന്തരകലാപം ഒഴിവാക്കാം. മുതിർന്ന ആൾക്ക്‌ ഒരു ഷോൾഡർ ബാഗിൽ ഒരു ജീനും രണ്ടോ മൂന്നോ ടീഷർട്ടും അതിനുള്ള അണ്ടർവെയറും കൊടുക്കാം. നോ ഭാരം, നോ ബുദ്ധിമുട്ട്‌.

മാതാശ്രീ/പിതാശ്രീയുടെ മാറാപ്പിൽ ഒരു ജീൻസ്‌/ലെഗിംഗ്‌സ്‌ അതിന്‌ രണ്ടോ മൂന്നോ ടീഷർട്ട്‌, ടോപ്‌സ്‌, ഷോൾ ഒക്കെ കുത്തിക്കേറ്റുക. തോർത്ത്‌, അണ്ടർവെയർ, മൊബൈൽ ചാർജർ, കൊറിക്കാനുള്ള സാധനങ്ങൾ, വെള്ളം, അത്യാവശ്യമരുന്നുകൾ, ടൂത്ത്‌പേസ്‌റ്റും ബ്രഷുകളും, മുഖത്ത്‌ പെയിന്റടിക്കാനുണ്ടേൽ അത്‌ തുടങ്ങിയവയും അതിലാവട്ടെ. ങാ പിന്നേ, കുറച്ച്‌ പ്ലാസ്‌റ്റിക്‌ കവറും ന്യൂസ്‌ പേപ്പറും ഒരു പാക്ക്‌ ടിഷ്യൂ പേപ്പറും കൂടി ആയിക്കോട്ടെ.

എല്ലാ ബാഗിന്റെയും ആദ്യം തുറക്കുന്ന കള്ളിയിൽ ഒരു അഡ്രസ്‌ പ്രൂഫിന്റെ ഫോട്ടോകോപ്പിയും കൂടെ അത്യാവശ്യത്തിന്‌ വിളിക്കേണ്ട ഫോൺ നമ്പറും എഴുതിയിടുക. സംസാരിച്ചു തുടങ്ങിയ മക്കളെ വീടും നാടും പേരും നമ്പറുമൊക്കെ കാണാതെ പഠിപ്പിക്കുകയും ചെയ്യണം.

ഇനി വേണ്ട സാധനം വളരെ പ്രധാനമാണ്‌. പോകുന്നത്‌ നാലോ നാൽപ്പതോ നാനൂറോ കിലോമീറ്റർ ആയിക്കോട്ടെ. മക്കൾസിനോട്‌ ചോദിച്ച്‌ അവരുടെ ആഗ്രഹങ്ങളും പോക്കറ്റിന്റെ കനവും നമ്മുടെ സുരക്ഷയും കാലാവസ്‌ഥയും പരിഗണിച്ച്‌ പ്ലാനുണ്ടാക്കുക. വെള്ളത്തിൽ ചാട്ടമോ മല കയറ്റമോ ഒക്കെ അജണ്ടയിലുണ്ടെങ്കിൽ ഡ്രസും ഷൂസുമൊക്കെ കരുതണം. റെയിൽവേ സ്‌റ്റേഷനിലും ബസ്‌ സ്‌റ്റാൻഡിലുമൊക്കെ നേരമാകുന്നതിലും പതിനഞ്ച്‌ മിനിറ്റ്‌ മുന്നേ എത്തി സെറ്റിലായി വാഹനം കാത്ത്‌ നിൽക്കുക. ഇത്തരം സന്ദർഭങ്ങളിൽ വെയിറ്റിങ് ലിസ്‌റ്റ്‌ സംവിധാനം കൊടിയ പാപമാകുന്നു സൂർത്തുക്കളേ, കൺഫേം ദ ടിക്കറ്റ്‌സ്‌ ബിഫോർ യൂ സ്‌റ്റാർട്ട്‌.

അതേ പോലെ, താമസസ്‌ഥലവും മുൻകൂട്ടി പ്ലാൻ ചെയ്യുക, ഹോട്ടലെങ്കിൽ റിവ്യൂ ഒക്കെ നോക്കി സെലക്‌ട്‌ ചെയ്യുക. അന്നാട്ടിൽ എത്തിയാൽ നേരത്തും കാലത്തും ഒക്കെ പുറത്തിറങ്ങുക, മക്കളുടെ മേൽ കണ്ണുണ്ടാകുക. കയറില്ലാതെ വിടണമെന്നല്ല, കണ്ണ്‌ കൊണ്ട്‌ കെട്ടിയിടുക. ആ മൊബൈൽ ഫോൺ അങ്ങട്‌ മാറ്റി വെച്ചോളൂ. മക്കളുടെ നേരമാണ്‌. അഥവാ കൈവിട്ട്‌ പോയാൽ എവിടെ വന്ന്‌ നിൽക്കണമെന്ന്‌ മക്കളോട്‌ ആദ്യമേ പറഞ്ഞ്‌ കൊടുക്കുക.

അർമാദിക്കൂ... ഇനി സാഹചര്യത്തിന്റെ സമ്മർദം കൊണ്ട്‌ നിങ്ങൾ സിംഗിൾ പാരന്റെങ്കിൽ പോലും മക്കളുടെ അവധി ബോറടിപ്പിച്ച്‌ തീർക്കരുത്‌... പോയ നേരങ്ങൾ ആന പിടിച്ചാൽ കിട്ടൂല ഭായ്‌...