Tuesday 20 April 2021 12:10 PM IST : By സ്വന്തം ലേഖകൻ

വൈഗയ്ക്കു മദ്യം നല്‍കിയിട്ടില്ലെന്ന് സനു മോഹൻ; കുട്ടിയുടെ രക്തത്തിൽ എങ്ങനെ ആൽക്കഹോളിന്റെ അംശം വന്നു? കാരണം തേടി പൊലീസ്

sanumohannnnnnn

വൈഗയ്ക്കു മദ്യം നല്‍കിയിട്ടില്ലെന്ന മൊഴിയുമായി പിതാവ് സനു മോഹൻ. ഇതോടെ കുട്ടിയുടെ രക്തത്തിൽ എങ്ങനെ ആൽക്കഹോളിന്റെ അംശം വന്നു എന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയാണ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന സനു മോഹന്റെ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കാനുള്ള സാധ്യതയാണ് അന്വേഷണസംഘം മുന്നില്‍ കാണുന്നത്. വൈഗയുടെ രക്തത്തില്‍ മദ്യം കണ്ടെത്തിയതിന്റെ കാരണം തേടുകയാണ് പൊലീസ്. 

കളമശേരിക്കടുത്ത് മുട്ടാര്‍ പുഴയിലെറിഞ്ഞ് പിതാവ് കൊലപ്പെടുത്തിയ വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാക്കനാട് കെമിക്കല്‍ ലാബില്‍ നടന്ന രാസപരിശോധനയിലെ കണ്ടെത്തലാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സനു മോഹന്‍ ഉറച്ചുനില്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ കുട്ടിയുടെ ശരീരത്തില്‍ മദ്യം എങ്ങനെയെത്തിയെന്ന് കണ്ടെത്തണം. 

മദ്യം എത്രയളവ്, ഏത് രൂപത്തില്‍, എപ്പോള്‍ എന്നീ കാര്യങ്ങളും കണ്ടെത്തണം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സനു മോഹന്റെ മൊഴിയും പൂര്‍ണമായി പൊലീസ് വിശ്വസിക്കുന്നില്ല. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി മദ്യം നല്‍കിയോ എന്നും പൊലീസ് സംശയിക്കുന്നു. അബോധാവാസ്ഥയിലായത് മദ്യം നല്‍കിയതുകൊണ്ടാണോയെന്നും സംശയിക്കുന്നു. ഫ്ലാറ്റില്‍നിന്ന് കുട്ടിയെ തോളില്‍ കിടത്തിയാണ് സനു മോഹന്‍ കാറിലെത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരുക്കുകളില്ലായിരുന്നുവെന്ന് പൊലീസ് പറയുമ്പോഴും ഓരോ പരുക്കും വിശദമായി പരിശോധിക്കാനാണ് നീക്കം.

Tags:
  • Spotlight