Thursday 27 June 2024 12:24 PM IST

‘പ്രയാസമുള്ള ഉപന്യാസങ്ങൾ മനഃപാഠമാക്കാൻ വൈഗയുടെ പക്കലൊരു വിദ്യയുണ്ട്’: എളുപ്പമാണ് ഈ സ്റ്റ‍ഡി പ്ലാൻ

Anjaly Anilkumar

Content Editor, Vanitha

vaiga അച്ഛൻ ചന്ദ്രൻ പുളിക്കാനി, അമ്മ നിഷ പി.എം, അനിയന്മാർ ശരൺ, ദേവ്യാൻ എന്നിവർക്കൊപ്പം വൈഗ

ദേ... പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌

എന്നാൽ, ‘ഞങ്ങളെ ഓർത്തു ടെൻഷൻ അടിക്കല്ലേ. എല്ലാത്തിനും കൃത്യമായ പ്ലാനുണ്ട് ’ എന്നാണു കുട്ടികൾ പറയുന്നത്. പറച്ചിൽ മാത്രമല്ല, എങ്ങനെ പഠിക്കണം, എത്ര മണിക്കൂർ പഠിക്കണം, ഏതൊക്കെ വിഷയങ്ങൾക്കു പ്രത്യേക ശ്രദ്ധവേണം തുടങ്ങി പരീക്ഷാചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നുവരെ കൃത്യമായ ധാരണ നമ്മുടെ കുട്ടികൾക്കുണ്ട്.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയി ൽ മിന്നും വിജയം കരസ്ഥമാക്കിയ നാല് മിടുക്കിക്കുട്ടികൾ അവരുടെ പഠന രീതികളും സക്സസ് മന്ത്രയും പങ്കുവയ്ക്കുന്നു.

ടൈം മാനേജ്മെന്റ് പ്രധാനം

പത്താം ക്ലാസ്സിലേക്കു കയറിയപ്പോൾ തന്നെ വൈഗ എസ്എസ്എൽസി പരീക്ഷയ്ക്കായുള്ള ഒരുക്കം ആരംഭിച്ചിരുന്നു. ‘‘അതതു ദിവസങ്ങളിലെ പാഠഭാഗങ്ങൾ അന്നു തന്നെ പഠിക്കും. സ്കൂളിൽ നിന്നെത്തിയാൽ ഏകദേശം നാലു മണിക്കൂർ പഠിക്കാൻ മാറ്റിവയ്ക്കാറുണ്ട്. അവസാന ദിവസങ്ങളിലെ മാരത്തൺ ഓട്ടത്തേക്കാൾ ദിവസവുമുള്ള ചിട്ടയായ പഠനമാണ് എനിക്കിഷ്ടം. രാത്രിയാണു കൂടുതലും പഠിക്കുക.

മാത്‌സ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങൾ എഴുതി പ രിശീലിച്ചു. മാത്‌സ് ആണ് ഇഷ്ട വിഷയം. അതുകൊണ്ടുതന്നെ കൂടുതൽ സമയം മാത്‌സിനൊപ്പമായിരുന്നു. ക്വസ്റ്റ്യൻ ബാങ്കുകളിൽ നിന്നു ചോദ്യങ്ങൾ സോൾവ് ചെയ്തുനോക്കാക്കും. മുൻ വർഷങ്ങളിൽ പരീക്ഷയ്ക്കു വന്നിട്ടുള്ള ചോദ്യങ്ങൾ ഹോംവർക് തരും. ചെയ്തുനോക്കുമ്പോൾ സംശയം വന്നാൽ അടുത്ത ദിവസം തന്നെ അധ്യാപകരോടു ചോദിച്ചു സംശയം അകറ്റും. എഴുതി പഠിക്കുന്നതാണ് എന്റെ രീതി. ഉത്തരം മനസ്സിൽ പതിയും. ഈ വിധം എസ്സേ ചോദ്യങ്ങൾ വേഗത്തിൽ പഠിച്ചെടുത്തു. ’’

പഠിക്കുന്നതിനിടയിൽ ചെറിയ ബ്രേക്കുകൾ എടുക്കാ ൻ വൈഗ പ്രത്യേകം ശ്രദ്ധിക്കും. ആ സമയം അച്ഛൻ ച ന്ദ്രൻ പുളിക്കാനിയോടും അമ്മ നിഷയോടും സംസാരിക്കുകയോ കുഞ്ഞനിയനുമൊത്തു കളിക്കുകയോ ചെയ്യും.

പഠിക്കാൻ പ്രയാസമുള്ള കവിതകളും ഉപന്യാസങ്ങളും മനഃപാഠമാക്കാൻ വൈഗയുടെ പക്കൽ വിദ്യയുണ്ട്. കുഞ്ഞനിയന്റെ മുന്നിൽ വന്ന് വ്യത്യസ്ത ഈണത്തിൽ കവിത ചൊല്ലും. ‘‘ഈണം മാറുമ്പോൾ വാവ കുടുകുടെ ചിരിക്കുന്നത് എനിക്കിഷ്ടമാണ്. മൂന്നു നാലാവർത്തി ചൊല്ലിക്കഴിയുമ്പോൾ കവിതയും ഉപന്യാസവും മനഃപാഠമാകും. മനസ്സു സന്തോഷത്തിൽ നിറയുകയും ചെയ്യും.’’ വൈഗ പറയുന്നു.

vaiga-2

വേണം, സ്റ്റഡി പ്ലാൻ

‘‘പരീക്ഷ പോലെ തന്നെ പ്രധാനമാണു സെമിനാർ, അസൈൻമെന്റ്, പ്രൊജക്ട് തുടങ്ങിയവ. എല്ലാം കൃത്യസമയത്തു സബ്മിറ്റ് ചെയ്യാനും പ രീക്ഷയിൽ മികച്ച മാർക്ക് നേടാനും ഒരുപോലെ ശ്രദ്ധിക്കണം. പോർഷനുകൾ എന്നും നോക്കാറുണ്ടെങ്കിലും പരീക്ഷ അടുത്തപ്പോൾ എനിക്ക് ടെൻഷനും പേടിയും കൂടി. പ ഠിക്കാനോ ഉറങ്ങാനോ പറ്റാത്ത അവസ്ഥ. പെട്ടെന്നു കരച്ചിലൊക്കെ വന്നു തുടങ്ങി.’’ വൈഗ പറഞ്ഞു.

‘‘ആയിടയ്ക്ക് മോളെ ഒരു നായ ആക്രമിച്ചു. പരീക്ഷാ ടെന്‍ഷനൊപ്പം ഇതുകൂടിയായപ്പോൾ ആകെ പേടിച്ചു. ഒ ടുവിൽ ഞാൻ മോൾടെ ക്ലാസ് ടീച്ചറുമായി സംസാരിച്ചു. ഒന്നും ഓർത്ത് പേടിക്കണ്ടെന്ന് ടീച്ചർ ആശ്വസിപ്പിച്ചു. മൂന്നു നാലു ദിവസത്തോളം ടീച്ചറും മറ്റ് അധ്യാപകരും മോളോടു സംസാരിക്കുകയും അവളെ സമാധാനിപ്പിക്കുകയുംചെയ്തു. പിന്നെ, അവൾ ഓക്കെയായി.പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചാലും മനസാന്നിധ്യം വീണ്ടെടുക്കാൻ നമ്മൾ സഹായിച്ചാൽ മതി.’’ നിഷ പറയുന്നു.

‘‘പോർഷൻ തീരാതെ വരുമോ, എക്സാം ഹാളിൽ സമയം തികയുമോ തുടങ്ങി എന്തൊക്കെയോ പേടികളായിരുന്നു വൈഗയുടെ ഉള്ളിൽ. കൃത്യമായ സ്റ്റഡി പ്ലാൻ തയാറാക്കി പഠിച്ചതിലൂടെയാണു വലിയൊരു പരിധി വരെ ടെൻഷൻ ഒഴിവായത്.

പരീക്ഷ എഴുതുന്ന അതേ മാതൃകയിൽ, സമയ പരിധി വച്ച് മുൻകാല ചോദ്യപേപ്പറുകൾ സോൾവ് ചെയ്തു നോക്കുമായിരുന്നു. ഇതുവഴി ടൈം മാനേജ്മെന്റിനെക്കുറിച്ചു കൃത്യമായ ധാരണ ലഭിച്ചിട്ടുണ്ട്.

ഉത്തരക്കടലാസ് തിരികെ നൽകുന്നതിനു മുൻപ് നിർബന്ധമായും എഴുതിയ ഉത്തരങ്ങൾ വായിച്ചു നോക്കും. പ രീക്ഷാകാലത്ത് ആരോഗ്യകരമായ ഭക്ഷണ രീതി, നല്ല ഉറക്കം തുടങ്ങിയ ശീലങ്ങൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു’’