Friday 25 September 2020 03:16 PM IST : By ബിജു പുളിക്കൻ

കോവിഡിൽ വീണുകിട്ടിയ അവധിക്കാലം പാഴാക്കിയില്ല; 7000 രൂപയിൽ താഴെ ചെലവിട്ടു സൈക്കിൾ ബൈക്ക് നിർമിച്ച് പ്ലസ്ടു വിദ്യാർഥി!

cycle-bike44335

കോവിഡ് വഴി വീണുകിട്ടിയ അവധിക്കാലം ചുമ്മാതിരുന്നു കളയാൻ സുമിത്ത് സുനിലിനു മനസ്സുണ്ടായിരുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ചിന്തിച്ചു ചിന്തിച്ചു ഒടുവിൽ ഒരു കാറുണ്ടാക്കിയാലോ എന്നായി ആലോചന. കാറുണ്ടാക്കിയിട്ടും പ്രയോജനമില്ലെന്നു കണ്ടതോടെ ഒരു ബൈക്കായാലോ എന്നായി. അവസാനം സുമിത്ത് ലക്ഷ്യം കണ്ടു. 7000 രൂപയിൽ താഴെ ചെലവിട്ടു സൈക്കിൾ ബൈക്ക് നിർമിച്ചു താരമായിരിക്കുകയാണ് ഈ പതിനേഴുകാരൻ.

വൈക്കം ഇരുമ്പൂഴിക്കര നാനാടം മാലിയേൽ‌ സുനിൽ കുമാറിന്റെയും സിനി മോളുടെയും മകനാണു വെച്ചൂർ ദേവീ വിലാസം സ്കൂളിലെ ഈ പ്ലസ്ടു വിദ്യാർഥി. സയൻസ് പഠിക്കാനായിരുന്നു താൽപര്യം. എങ്കിലും ലഭിച്ചതു കൊമേഴ്സ്. പഠിക്കുന്നത് എന്തോ ആവട്ടെ, പ്രയോഗിക്കുന്നതിലാണല്ലോ കാര്യം. കാർ നിർമിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ വീട്ടിലേക്കു വീതിയുള്ള വഴി ഇല്ലാത്തതിനാൽ കാർ ഉണ്ടാക്കിയാലും പുറത്തിറക്കാൻ പറ്റില്ല. അതോടെ സൈക്കിൾ ബൈക്ക് എന്ന ആശയത്തിലേക്കു വന്നു.

ആക്രിക്കടയിൽ നിന്നു വാങ്ങിയ പഴയ ബൈക്കിന്റെ എൻജിനും പഴയ ഇരുമ്പു പട്ടയും കമ്പിയും ചേർത്ത് ഒരു മാസം കൊണ്ടായിരുന്നു നിർമാണം. ബൈക്കിന്റെ ടയറുകളും 2 ലീറ്റർ പെട്രോൾ കൊള്ളുന്ന ടാങ്കും സൈലൻസറും എല്ലാമുണ്ട്. ഹാൻഡ് ബ്രേക്കും കാൽ കൊണ്ട് ഉപയോഗിക്കുന്ന ബ്രേക്കുമുണ്ട്. ഒരു ലീറ്റർ പെട്രോൾ കൊണ്ട് 40 കിലോമീറ്റർ ഓടും. 30 കിലോയാണു ഭാരം. ഒരാൾക്കേ സഞ്ചരിക്കാൻ കഴിയൂ. സുഹൃത്ത് അർജുനായിരുന്നു സഹായി. പണം മുടക്കിയ അച്ഛൻ സുനിൽ കുമാർ ‘നിക്ഷേപകനും’. ഓട്ടോ ഡ്രൈവറാണ് സുനിൽകുമാർ. 

വാഹനം നിർമിക്കാം; റോഡിൽ ഇറക്കാൻ കഴിയില്ല 

വാഹനം നിർമിക്കാം; റോഡിൽ ഓടിക്കാൻ കഴിയില്ല. സ്വന്തമായി വാഹനം നിർമിച്ചു റോഡിൽ ഉപയോഗിക്കണമെങ്കിൽ എആർഎഐ ( ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ), സിഐആർടി ( സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട് ) എന്നിവ വാഹനത്തിന്റെ സുരക്ഷ, റോഡിൽ അപകടം കൂടാതെ ഉപയോഗിക്കാൻ കഴിയുമോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകണം. ഈ സർട്ടിഫിക്കറ്റ് ഗതാഗത വകുപ്പിനു കൈമാറും. അവിടെ നിന്നുള്ള അനുമതി ലഭിച്ചാലേ റജിസ്ട്രേഷൻ നൽകൂ. - പി.സി. ചെറിയാൻ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ചങ്ങനാശേരി.

Tags:
  • Spotlight
  • Motivational Story