Tuesday 09 July 2019 03:50 PM IST

‘അറ്റുപോയതറിയാതെ അന്നു ഞാൻ ചോദിച്ചു, എന്റെ വലം കാലൊന്ന് തിരുമ്മി തരാവോ?’; ഒറ്റക്കാലിൽ ബോൾമന്ത്രം അറിയുന്നവൻ!

Vijeesh Gopinath

Senior Sub Editor

vaishakh-final

ക്യാപ്റ്റൻ’ സിനിമയിൽ ജയസൂര്യയുടെ കഥാപാത്രത്തോട് രൺജി പണിക്കർ പറയുന്നുണ്ട്, ‘ഒരു ഫുട്ബോളറുടെ ആയുസ്സ് അവന്റെ കാലുകളാണ്.’

കോഴിക്കോട് പേരാമ്പ്രയിലെ ചുവന്ന മണൽ മൈതാനത്ത് ഇടതു കാൽ കുത്തി തലയുയർത്തി വൈശാഖ് പറയുന്നു, ‘‘ഫുട്ബോളറുടെ ആയുസ്സ് കാലുകളല്ല, അവന്‍റെ മനസ്സാണ്. ഗോൾവലയിലേക്ക് പന്തു പറപ്പിക്കാൻ ഉന്നം ഇടറാത്ത മനസ്സുണ്ടായാൽ മാത്രം മതി...’’

മൈതാനത്ത് കളി തകർക്കുന്നുണ്ട്. അവധിക്കാലത്തിന്റെ അവസാന ദിനങ്ങൾ ആഘോഷിക്കാനെത്തിയ കുട്ടിക്കൂട്ടം. പിന്നെ വൈശാഖിന്റെ ‘ചങ്ങായിമാർ.’

എസ്. ആർ. വൈശാഖ് എന്ന ഇരുപത്തിനാലുകാരൻ ഇപ്പോള്‍ കാല്‍ നഷ്ടമായവരുടെ ഫുട്ബോളിന്‍റെ (ആംപ്യൂട്ടി ഫുട്ബോള്‍) ഇന്ത്യൻ ടീം ക്യാപ്റ്റൻ ആണ്. വലതുകാൽ അപകടത്തിൽ മാഞ്ഞുപോയെങ്കിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ക്ലബ് ഫുട്ബോൾ മത്സരങ്ങളിലെ താരം. ഒറ്റക്കാലിന്റെ ബോൾമന്ത്രം അറിയുന്ന കരുത്തനായ കളിക്കാരൻ.

പണ്ട് വൈശാഖ് എങ്ങനെയായിരുന്നെന്നോ? ചങ്ങാതിമാരിലാരോ പറഞ്ഞു തുടങ്ങി, ‘‘ആ കളിക്കണ കുട്ട്യോളെ പോലെ ആയിരുന്നു ഞങ്ങളും. നടന്നു തുടങ്ങിയ കാലം മുതൽ കാൽത്തുമ്പിലൊരു പന്തുണ്ടായിരുന്നു. സ്കൂൾ വിട്ടു വന്നാൽ ഗ്രൗണ്ടിലേക്ക് പാച്ചിലാണ്. വളർന്നു വരുമ്പോൾ പെട്ടെന്നൊരു ദിവസം ഇവൻ വീണു പോയി. ഗ്രൗണ്ടിൽ വീഴുമ്പോൾ കൈകൊടുത്തെഴുന്നേൽപിക്കും പോലെ ഞങ്ങളെല്ലാം ഒപ്പം നിന്നു.’’ കൂട്ടുകാർ പുഞ്ചിരി പാസ്സ് ചെയ്തപ്പോൾ വൈശാഖ് ഒാർമകളുടെ ബൂട്ടിന് ലേസ് മുറുക്കിത്തുടങ്ങി.

2007 െസപ്റ്റംബർ രണ്ടിനാണ് വിധിയ‌ും വൈശാഖും കൂടിയുള്ള ആ കളി നടന്നത്. കരുത്തനായ ഗോളിയെ പോലെ വിധി ജീവിതത്തിന്റെ ഇരുമ്പു ബാറിന് താഴെ നിന്നു. മൈതാനത്തിന്റെ ആരവത്തുമ്പത്ത് വൈശാഖും. ഫുട്ബോളർ എന്ന സ്വപ്നത്തിലേക്കുള്ള ബോളായിരുന്നു, ആ വലതുകാല്‍ കൊണ്ട് വൈശാഖ് ഷൂട്ട് ചെയ്തത്. പക്ഷേ, വിധിയത് ക്രോസ്ബാറിനു കുറുകെ നിന്ന് കുത്തിയകറ്റി.

അറ്റു പോയ സ്വപ്നം

‘‘കുട്ടിക്കാലം തൊട്ട് ബോളിനു പുറകിലായതോടെ പഠനത്തിലും പിന്നിലായിപ്പോയി. അച്ഛൻ ശശിധരൻ, അധ്യാപകനായിരുന്നു. ആ കാലത്ത് രണ്ടു സ്വപ്നങ്ങളായിരുന്നു. ഒന്ന് ഫുട്ബോളറാകണം. പിന്നെ, ആർമിയിൽ ചേരണം. കുട്ടിക്കാലത്തേ ഈ മോഹങ്ങൾ തലയിൽ കയറി. ഏഴാം ക്ലാസിലെത്തിയപ്പോഴേക്കും കണക്കും ഹിന്ദിയും റെഡ് കാർഡ് പൊക്കി കാണിച്ചു. പഠനത്തിൽ നിന്നു പുറത്താകുമെന്നായപ്പോൾ അച്ഛൻ എന്നെ ടെക്നിക്കൽ ഹൈസ്കൂളിലേക്കു മാറ്റി.

ആറു മാസം കഴിഞ്ഞുള്ള ഒാണം അവധി. കായണ്ണയിലുള്ള മൂത്തമ്മയുടെ വീട്ടിലേക്ക് പോയതാണ്. സ്കൂൾ തുറക്കുന്നതിനു രണ്ടു ദിവസം മുൻപാണ് ആ പത്രവാർത്ത കാണുന്നത്, കോഴിക്കോട് ജില്ലാ ടീമിലേക്ക് സെലക്‌ഷൻ നടക്കുന്നുണ്ട്. കാത്തിരുന്ന അവസരം. എന്റെ ബൂട്ടെല്ലാം വീട്ടിലാണ്. അതെടുക്കണം. ആ ദിവസം ഒാർമയുണ്ട്. എഴുന്നേറ്റപ്പോഴേ കണ്ടത് അയൽപക്കത്തെ വീടിനു തീ പിടിച്ച കാഴ്ചയാണ്. ഫയർ ഫോഴ്സ് വരുന്നു, തീയണയ്ക്കുന്നു. ആകെ ബഹളം.

അതെല്ലാം കഴിഞ്ഞാണ് ഞാനും മൂത്തമ്മയുടെ മകനും കൂടി വീട്ടില്‍ നിന്നിറങ്ങിയത്. നേരം വൈകിയതു കൊണ്ട് ഏട്ടൻ എന്നെ വീട്ടിലാക്കാമെന്നു പറഞ്ഞു. ബൈക്കിലിരിക്കു മ്പോഴെല്ലാം ഒാർമയിൽ തീ പിടിച്ച കാഴ്ചകളായിരുന്നു.

കക്കാടു പള്ളിക്കടുത്ത് വലിയ വളവ് തിരിഞ്ഞതും തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ്സിന്റെ ചുവപ്പ്. ഏട്ടൻ വണ്ടി വെട്ടിച്ചു മാറ്റിയെങ്കിലും ക്രാഷ്ഗാഡിൽ ഇടിച്ചു. ബൈക്ക് നിയന്ത്രണം തെറ്റി ഗട്ടറിൽ വീണു. ഏട്ടന്‍ റോഡിനു പുറത്തേക്കും ഞാൻ ബസിനടിയിലേക്കും.

പിൻ ചക്രം വലതു കാലില‍്‍ കയറി ഇടതു കാലിലേക്ക്.. ഒാടിക്കൂടിയവർ ബസിനടിയിൽ നിന്നു വലിച്ചെടുത്തു. അരഞ്ഞു പോയ വലതു കാല്‍ അറ്റു തൂങ്ങിക്കിടന്നു. എനിക്ക് ബോധം പോയില്ല. ഇടതു കാലിൽ നിന്ന് ചോരയൊഴുകുന്നുണ്ട്. ഇടയ്ക്ക് ഞാൻ തലയ്ക്കിട്ട് കൈകൊണ്ട് ഇടിച്ചു. സ്വപ്നമാണെങ്കിൽ ഉണരട്ടെ എന്നു വിചാരിച്ചാണ് അങ്ങനെ ചെയ്തത്.

അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടു പോയത്. ചുറ്റും കൂടി നിൽക്കുന്നവർ ഞാൻ മരിച്ചു പോകുമെന്നൊക്കെ പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞ് ആംബുലൻസ് വന്നു. എന്റെ കാലുകൾ കണ്ട് ഒപ്പം കയറിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. ഒടുവിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ എത്തി ’’ ഒാർമയുടെ അറ്റുപോയ ഞരമ്പുകൾ വൈശാഖ് കൂട്ടിത്തുന്നി.

മാനത്തു നിന്നൊരു നാരങ്ങ

കണ്ണു തുറക്കുമ്പോൾ മൈതാനത്തു മലർന്നു കിടക്കുന്നതു പോലെ വൈശാഖിനു തോന്നി. ഫ്ളഡ് ലൈറ്റിന്റെ വെള്ളിവെളിച്ചം പരന്നൊഴുകും പോലെ. ചുറ്റും ആരൊക്കെയോ ആകാംക്ഷയോടെ നോക്കുന്നു. സാവധാനം തിരിച്ചറിഞ്ഞു, കിടക്കുന്നത് ആരവങ്ങളില്ലാത്ത ആശുപത്രക്കിടക്കയിലാണ്.

മരിക്കാതെ തിരിച്ചെത്തിയിട്ടും എന്തിനാണ് എല്ലാവരും കരയുന്നതെന്ന് വൈശാഖ് ഒാർത്തു. പെട്ടെന്നാണ് വലതു കാലിന് മരവിപ്പു പോലെ തോന്നിയത്. അടുത്തു നിന്ന അച്ഛന്റെ ചേട്ടനോടു ചോദിച്ചു, ‘കാലൊന്ന് തിരുമ്മി തരാമോ?’ അദ്ദേഹം ഇടതു കാലിന്റെ വിരലുകളില്‍ തൊട്ടു. വൈശാഖ് പറഞ്ഞു, ‘ആ കാലല്ല, വലതു കാൽ, അതിനാണ് മരവിപ്പ്.’ പെട്ടെന്ന് മുറിയിൽ കൂട്ടക്കരച്ചിൽ ഉയർന്നു.

അപ്പോഴാണ്, വൈശാഖ് പതുക്കെ വലതു കാലിലേക്ക് കൈ കൊണ്ടുപോയത്. അവിടെ കാലില്ല. ഒരു തുണിക്കെട്ടു മാത്രം. മിന്നലേറ്റ പോലെ മരവിച്ചു പോയി.

‘‘ഫുട്ബോൾ എന്ന സ്വപ്നമാണ് മുറി‍ഞ്ഞു പോയതെന്ന് അപ്പോഴെനിക്കു തോന്നി. കണ്ണീരടക്കാൻ പറ്റുന്നുണ്ടായില്ല. പതിമൂന്നു വയസ്സല്ലേ ഉള്ളൂ. പതുക്കെ യാഥാർഥ്യം തിരിച്ചറി‍ഞ്ഞു. നേരിട്ടേ പറ്റൂ.

ജനലിനടുത്തായിരുന്നു കിടക്ക. ആകാശമല്ലാതെ മറ്റൊന്നും കാണില്ല. അങ്ങനെ മടുപ്പിന്റെ മാനം കണ്ടു കിടന്ന ദിവസം. കൈയിലൊരു ചെറുനാരങ്ങ കിട്ടി. ആഹാരം കൊണ്ടുവന്ന പൊതിയിലെ നൂലെടുത്ത് ചെറുനാരങ്ങയിൽ കോർത്ത് ജനലിൽ കൂടി താഴേക്ക് തൂക്കിയിട്ടു. പിന്നെ, ആഹാരപ്പൊതികൾക്കായി കാത്തിരിക്കാൻ തുടങ്ങി. എല്ലാ ദിവസവും നൂലു കൾ കൂട്ടിക്കെട്ടി നാരങ്ങ താഴേയ്ക്കിറക്കും. എന്നെങ്കിലും അ ത് താഴെമുട്ടും എന്നൊരു പ്രതീക്ഷ.

ആറുമാസത്തിനു ശേഷം ആശുപത്രി ജീവിതത്തിൽ നിന്ന് തൽക്കാലത്തേക്ക് രക്ഷപ്പെട്ടു. തിരിച്ചിറങ്ങുമ്പോൾ നൂലിൽ കോർത്ത നാരങ്ങ ഭൂമിയിൽ മുട്ടിയോ എന്നറിയാൻ പോയി നോക്കാൻ കൊതിച്ചിരുന്നു. പക്ഷേ, വീൽച്ചെയറിലിരിക്കുന്ന ഞാൻ എങ്ങനെ പോകാനാണ്.

വീട്ടിലെത്തിയതോടെ പന്തു കയ്യിലെടുത്തു. അത് ചുമരിലേക്കെറിഞ്ഞ് പിടിക്കാൻ തുടങ്ങി. സ്കൂൾ വിട്ടുവരുന്ന കൂട്ടുകാർ ആദ്യം എന്റെയടുത്തെത്തും. ആദ്യം കിടന്നു കൊണ്ട് ചെസ്. പിന്നെ എഴുന്നേറ്റിരുന്ന് കാരംസ്. കുറച്ചു ദിവസങ്ങൾക്കു വീൽചെയറിലിരുന്ന് ഷട്ടിൽ കളിക്കാന്‍ തുടങ്ങി. ആഴ്ചകൾ കഴിഞ്ഞപ്പോൾ കൂട്ടുകാർ വീൽചെയർ ഉരുട്ടിക്കൊണ്ട് പ റമ്പിലൂടെ നടന്നു. അതോടെ വോളിബോൾ തുടങ്ങി. വീൽച്ചെയറിലിരുന്നു ഞാൻ ബോളെറിയും.

അങ്ങനെ ഒരു വർഷം വീട്ടിലിരുന്നു. ഇടതു കാൽ മടക്കാം എന്നായപ്പോൾ പേരാമ്പ്ര ഹൈസ്കൂളിൽ ചേർന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ സ്പോർട്സ് ഡേ. ആദ്യമായാണ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതെ കാണികളിലൊരാളായി മാറിയത്. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല.

കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോന്നു. കുറെ നേരം ഒറ്റയ്ക്കിരുന്നു. പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ചുമരിൽ ചാരിനിർത്തിയ തുരുമ്പുപിടിച്ചു തുടങ്ങിയ സൈക്കിൾ. എങ്ങനെയെങ്കിലും അതിൽ കയറണമെന്നായി. ചവിട്ടിത്തുടങ്ങിയതും ബാലൻസ് തെറ്റി താഴെ വീണു. എല്ലു പൊട്ടി പുറത്തു വന്നു. പിന്നെയും സർജറി, പ്ലാസ്റ്റർ...

സ്റ്റിക്കു കുത്തി സ്പീഡില്‍‌ നടക്കാമെന്നായപ്പോൾ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിലേക്കു പോയി. മൂന്നുപേർ മാത്രമുള്ള ടീം. കളി തുടങ്ങി. സ്റ്റിക് കുത്തി ഗ്രൗണ്ടിൽ ഒാടാൻ സാധിക്കുന്നുണ്ട്. കാലുപയോഗിച്ച് ബോളടിക്കാൻ പറ്റുന്നുണ്ട്. കൂട്ടുകാരാവട്ടെ, ഞാൻ കാലില്ലാത്ത ആളാണെന്ന പരിഗണന ത ന്നതുമില്ല...’’ ഒറ്റ ചിറകിന്റെ താളം കണ്ടെത്തിയ ദിവസങ്ങളെ കുറിച്ച് വൈശാഖ്.

ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ

പിച്ചവച്ചപ്പോൾ മുതൽ വൈശാഖ് ഒാടിത്തുടങ്ങിയ കളിമുറ്റത്തിന് ഒരമ്മ മനസ്സുണർന്നതു പോലെ... വീഴുമ്പോൾ ഉരുളൻ കല്ലുകൾ അൽപം താഴ്ന്നു കൊടുത്തു. തെന്നിതെറിച്ചു പോകുമ്പോള്‍ കാറ്റിന്റെ കൈകൾ മുറുകെ പിടിച്ചു. വൈശാഖിനെ കളിക്കളങ്ങൾ വളർത്തി തുടങ്ങി. ആ യാത്ര ഇപ്പോഴെത്തി നിൽക്കുന്നത് ആംപ്യൂട്ടി ഫുട്ബോളിെന്റ ഇന്ത്യന്‍ ടീം ക്യാപ്റ്റൻ എന്ന പദവിയിലേക്ക്. ഇന്ത്യയ്ക്ക് ഇങ്ങനെയൊരു ടീം ഉണ്ടായതു തന്നെ വൈശാഖിന്റെ വാശിപ്പുറത്താണ്.

‘‘ കാലു തിരിച്ചു കിട്ടില്ല. എന്നാൽ പഴയ കളിക്കളം തിരി ച്ചു പിടിക്കണം. അതിൽ എനിക്കുറപ്പുണ്ടായിരുന്നു. ദേവഗിരി കോളജിൽ ബിഎസ്‌സി സുവോളജിക്കു ചേർന്നപ്പോൾ എ ന്നെ സന്തോഷിപ്പിച്ചത് അവിടത്തെ ഗ്രൗണ്ടായിരുന്നു. ഒരിക്കൽ നാഗ്ജി ഫു‍‍‍ട്ബോൾ കോഴിക്കോടു വന്നപ്പോൾ അർജന്റീനയുടെ അണ്ടർ 20 ഒളിംപിക്സ് ടീം ക്യാംപസിന്റെ ഗ്രൗണ്ടിൽ പരിശീലനത്തിനു വന്നു. ‌അധ്യാപകരും ഒഫിഷ്യൽസും എന്നെ അവർക്കു പരിചയപ്പെടുത്തി. പരിശീനത്തിന്റെ ഭാഗ മായി കളിച്ചു. അർജന്റിന ടീം കോച്ച് അന്നെനിക്ക് ക്യാപ് സ മ്മാനിച്ചു. ഇന്നും മറക്കാത്ത ദിവസമാണ്. ഞാൻ എന്താകണമെന്നു തീരുമാനിച്ച ദിവസം.

ആംപ്യൂട്ടി എന്ന വാക്കും മത്സരങ്ങളും ഇന്റർനെറ്റിൽ നിന്നാണ് ആദ്യമായി അറിഞ്ഞത്. പിന്നീട് അതന്വേഷിച്ചുള്ള യാത്രയായിരുന്നു. ഇന്ത്യയ്ക്ക് ആംപ്യൂട്ടി ഫു‌‍ട്ബോൾ ടീം ഇല്ലെന്ന് മനസ്സിലായി. അങ്ങനെ ഫിസിക്കലി ചാലഞ്ച്ഡ് ആയിട്ടുള്ള ഞാന്‍ സ്പോർട്സ് അസോസിയേഷനിലേക്കും അതിന്റെ പ്രസിഡന്റായ എ.എം. കിഷോറിലേക്കും എത്തി.

കേരളത്തിന് ആ സമയത്ത് വോളിബോള്‍ ടീം ഉണ്ട്. അ തിൽ കളിക്കാൻ കിഷോർ പറഞ്ഞു. അങ്ങനെ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായി. ശ്രീലങ്കയില്‍ നടന്ന മത്സരത്തിൽ പങ്കെടുത്തു. അപ്പോഴും ഫു‍‍‍ട്ബോൾ ടീം ഉണ്ടാക്കണമെന്നാണ് മനസ്സിൽ. ഒടുവിൽ വേൾഡ് അഫിലിയേഷൻ കിട്ടി.

സെലക്‌ഷൻ ക്യാംപിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ആളെത്തി. മിക്കവരുെടയും മനസ്സിൽ കളിച്ചിരുന്നത് പേടി മാത്രമായിരുന്നു. ആംപ്യൂട്ടി ഫുട്ബോളിൽ സ്റ്റിക് ഉപയോഗിച്ച് പന്തെടുക്കാനാകില്ല. കാലുമാത്രം കൊണ്ട് കളിക്കണം. ആകെ ഒരു കാലേയുള്ളൂ. അതിന് അപകടം വന്നാലോ എന്ന് പലരും ആലോചിച്ചു. കൈ ആംപ്യൂട്ട് ചെയ്തവരാണ് ഗോളിയാകേണ്ടത്. അതിനാണ് കൂടുതൽ പേരും വന്നത്. റിസ്ക് കുറവാണല്ലോ.

ഇപ്പോൾ നമ്മുടെ ടീം ജനിച്ചിട്ട് ഒരു വർഷം ആയിട്ടേ ഉള്ളൂ. ആദ്യ ഇന്റർ നാഷനല്‍ മത്സരം കഴിഞ്ഞു. പ്രതിസന്ധികൾ മാത്രമേയുള്ളൂ. സ്പോൺസർമാരില്ല. കളിക്കാർ കുറവ്, നല്ല പരിശീലനസ്ഥലമില്ല. ഇതെല്ലാം മറികടക്കണം. സ്വപ്നങ്ങൾ ഒരുപാടുണ്ട്. ആദ്യമായുണ്ടായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. വലിയ ഉത്തരവാദിത്തമാണ്. 2022 ലോകകപ്പ്. അതാണ് ലക്ഷ്യം. അതു നേടണം...’’ വൈശാഖ് ആത്മവിശ്വാസത്തിന്റെ വേരുറപ്പുള്ള സ്വപ്നത്തെക്കുറിച്ച് പറയുന്നു.

കളിക്കളത്തിലേക്കിറങ്ങും മുൻപ് ചോദിച്ചു, കാൽ നഷ്ടമായതോർത്ത് ഇപ്പോൾ സങ്കടപ്പെടാറുണ്ടോ?

‘‘സങ്കടം ഒരു ലഹരിയാണ്. അതിൽ മുങ്ങിക്കിടന്നാൽ ഇറങ്ങിപ്പോരാൻ പറ്റില്ല. സെപ്റ്റംബർ രണ്ടിനാണ് കാൽ നഷ്ടമായത്. മത്സരങ്ങളിൽ ജഴ്സി നമ്പർ തിരഞ്ഞെടുക്കാൻ അവസരം കിട്ടിയാൽ ഞാൻ രണ്ടാം നമ്പർ തിരഞ്ഞെടുക്കും. കാരണം ആ ദിവസമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്...’’

ശരിയാണ് വൈശാഖ്, കാലല്ല മനസ്സാണ് ഒരു ഫു‍ട്ബോളറുടെ ജീവിതം.