Wednesday 04 September 2024 11:41 AM IST : By സ്വന്തം ലേഖകൻ

മരണത്തിനു തൊട്ടുമുന്‍പ് സഹോദരനെ വിളിച്ചു, ഓടിയെത്തും മുന്‍പേ കത്തിയമര്‍ന്നു; വൈഷ്ണക്കൊപ്പം മരിച്ചത് ആര്? അവ്യക്തത തുടരുന്നു...

vaishna-pappanamkode

പാപ്പനംകോട് തീപിടിത്തത്തില്‍ വൈഷ്ണക്കൊപ്പം മരിച്ചത് ആരെന്നതില്‍ അവ്യക്തത തുടരുകയാണ്. ഡിഎന്‍എ പരിശോധനാഫലം വന്നാല്‍ മാത്രമേ മരിച്ചതാര് എന്ന് വ്യക്തമാവുകയുളളൂ. കൊല ആസൂത്രിതമെന്ന് വ്യക്തമായതോടെ കാരണം തേടുകയാണ് പൊലീസ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വൈഷ്ണയുടെ മൃതദേഹം തിരിച്ചറിയാന്‍ പറ്റുന്നതായിരുന്നു. എന്നാല്‍ രണ്ടാമത്തെയാള്‍ സ്ത്രീയോ പുരുഷനോ എന്നുപോലും വ്യക്തമാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. 

ബിനുകുമാര്‍ സ്ഥിരം പ്രശ്നക്കാരനാണെന്നും നേമം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമായി. ഇടക്കിടെ ഇയാള്‍ പാപ്പനംകോട് ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ട്. മരണത്തിനു തൊട്ടുമുന്‍പ് വൈഷ്ണയുടെ സഹോദരന്‍ വിഷ്ണുവിനെ വിളിച്ച്  ബിനുകുമാര്‍ വന്ന് പ്രശ്നമുണ്ടാക്കുന്നെന്ന് വിളിച്ചറിയിച്ചെന്നാണ് വിവരം. എന്നാല്‍ വിഷ്ണു എത്തിയപ്പോഴേക്കും തീപിടിത്തം നടന്ന് വൈഷ്ണ കത്തിയമര്‍ന്നു.

കഴിഞ്ഞ ഏഴു മാസമായി വൈഷ്ണയും ബിനുകുമാറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇത് ഇരുവരും തമ്മിലുള്ള വിരോധം വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം അപകടസ്ഥലത്തു നിന്നും പൊലീസ് കത്തിയും കണ്ടെടുത്തിരുന്നു. എന്നാല്‍ കത്തിയില്‍ രക്തസാംപിളുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആക്രമണസാധ്യത തള്ളിക്കളയുകയാണ്. 

ബിനുകുമാറിന്റെ മൊബൈല്‍ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. ഡിഎന്‍എ പരിശോധനാഫലം ഇന്ന് വൈകിട്ടത്തോടെ ലഭിക്കും. അതോടെ വൈഷ്ണക്കൊപ്പം മരിച്ചത് ബിനുകുമാറാണോ എന്നു വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. 

ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനുകുമാർ താമസം ആരംഭിച്ചത്. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറു മാസം മുൻപാണ് നേമം പൊലീസിൽ പരാതി നൽകിയത്. 

Tags:
  • Spotlight