Thursday 16 May 2019 09:48 AM IST : By സ്വന്തം ലേഖകൻ

'ചാകാൻ നോക്കിയിട്ട് അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റയ്ക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റയ്ക്കാകും'; വൈഷ്ണവി പറഞ്ഞത്!

lekh-vaish

സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് വർ‌ഷങ്ങൾക്കു മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ. പീഡനത്തിന്റെ പേരിൽ ലേഖ ആത്മഹത്യയ്ക്കും തുനിഞ്ഞിരുന്നതായി സഹോദരി ബിന്ദു പറഞ്ഞു. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണ് എത്തിച്ചത്. ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ലേഖയുടെ സഹോദരി ബിന്ദു.

ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ചശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നുവെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറഞ്ഞു. 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് കൊടുക്കുകയും ചെയ്തിരുന്നു. 

കാനറാ ബാങ്ക് നെയ്യാറ്റിൻകര ശാഖയുടെ ജപ്തി ഭീഷണിയെ തുടർന്നാണ് വൈഷ്ണവിയും ലേഖയും തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ദേശീയപാത ആലുംമൂട് ജംക്‌ഷൻ ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ കുറേ നാൾ കഴിഞ്ഞാണ് ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങിയത്. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വച്ചതെന്ന മട്ടിൽ കുത്തുവാക്കുകളുമായിട്ടാണ് എപ്പോഴും ലേഖയെ നേരിട്ടത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപും ലേഖ ദേവരാജനെ വിളിച്ചിരുന്നു.

fffff

വീട് വിൽപന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെയും ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നതായും ലേഖ പറഞ്ഞു. കടുത്ത മാനസികസമ്മർദം ഫോൺ സംഭാഷണത്തിൽ നിന്ന് മനസിലാകുമായിരുന്നുവെന്ന് ദേവരാജൻ പറഞ്ഞു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസിലാകുമെന്ന് ദേവരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.

ഫോൺ വഴി ബിന്ദുവുമായിട്ടായിരുന്നു ലേഖയ്ക്ക് അടുപ്പം കൂടുതൽ. എന്നാൽ അങ്ങോട്ടോ ഇങ്ങോട്ടോ പോകാറില്ല. ശവസംസ്കാരം, കല്യാണം തുടങ്ങിയ ചടങ്ങുകൾക്കാണ് പലപ്പോഴും ഇവർ തമ്മിൽ കാണാറുണ്ടായിരുന്നത്. കല്യാണത്തിന് ശേഷം ലേഖയുടെ ബന്ധുക്കളാരും വീട്ടിൽ വന്നിട്ടില്ല.

'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'

'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'- ജപ്തി നടപടികൾക്കായി അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ വെള്ളിയാഴ്ച വൈകുന്നേരം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ. മരണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും ആത്മഹത്യ ചെയ്യുമെന്ന സൂചന പങ്കുവച്ചതായി ശാന്ത പറഞ്ഞു. 

മരിക്കുന്ന കാര്യം മകൾ വൈഷ്ണവിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞതിങ്ങനെ, 'ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റയ്ക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റയ്ക്കാകും'. ഈ സംഭാഷണത്തെക്കുറിച്ചും ശാന്തയോട് ലേഖ പറഞ്ഞിരുന്നു. മരിക്കുന്നതിന് 10 മിനിറ്റ് മുൻപും ലേഖ ശാന്തയുടെ വീട്ടിലേക്ക് വന്നിരുന്നു. ബാങ്കിൽ നിന്ന് വിളിച്ചിരുന്നുവെന്നും പൈസയുടെ കാര്യമൊന്നും ശരിയായില്ലല്ലോ എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരികെ പോയത്. 

more...