Saturday 23 May 2020 12:47 PM IST : By സ്വന്തം ലേഖകൻ

ക്വാറന്റീനിലുള്ള മുസ്‌‍‌ലിം സഹോദരങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി വൈഷ്ണോദേവി ക്ഷേത്രം! വിശുദ്ധ റമദാനിലെ നന്മ

food-ifthar

കോവിഡ് നിരീക്ഷണത്തിലുള്ള മുസ്​ലിം സഹോദരങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി വൈഷ്ണോദേവി ക്ഷേത്രം. കട്ട്റയിലെ ആശിർവാദ് ഭവനിലുള്ളവർക്കായാണ് വൈഷ്ണോദേവി ക്ഷേത്രത്തിൽ നോമ്പുതുറ വിഭവങ്ങളും ഇടയത്താഴവും ഒരുക്കി നൽകുന്നത്. 500 പേരാണ് ഇവിടെ ക്വാറന്റീനിൽ കഴിയുന്നത്. 

റമദാന്‍ മാസം ആരംഭം മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന കശ്മീരികളെ സർക്കാർ എത്തിച്ച് ക്വാറന്റീനിലാക്കിയിരുന്നു. ക്വാറന്റീനിൽ കഴിയുന്നവരിൽ അധികം പേരും നോമ്പ് നോൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നോമ്പുതുറ വിഭവങ്ങൾ ഒരുക്കി അവരെ സഹായിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. സർക്കാർ തയാറാക്കിയ ശ്രമിക് ട്രെയിനുകളിലും ഉദയ്പൂരിൽ നിന്ന് ബസിലുമാണ് പലരും കശ്മീരിലേക്ക് എത്തിച്ചേർന്നത്.

തിരുപ്പതി ക്ഷേത്രം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് കട്ട്റയിലെ വൈഷ്ണോദേവി ക്ഷേത്രം. മാർച്ച് 20 മുതൽ കട്ട്റയിലെ വിവിധ ക്വാറന്റീൻ സെന്ററുകളിൽ ഭക്ഷണമെത്തിക്കുന്നതിനായി 80 ലക്ഷം രൂപയാണ് ക്ഷേത്രം ട്രസ്റ്റ് മുടക്കുന്നത്. വിശുദ്ധ റമദാനിൽ ഇത്തരമൊരു സത്കർമം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്ഷേത്ര ഭാരവാഹി രമേഷ് കുമാർ പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തോട് ചേർന്ന ആശിർവാദ് ഭവൻ ക്വാറന്റീൻ സെന്ററായി സജ്ജീകരിച്ചത്. 

Tags:
  • Spotlight
  • Inspirational Story