Wednesday 28 April 2021 04:52 PM IST

‘അന്ന് അതു സംഭവിച്ചിരുന്നെങ്കിൽ ആ കാട്ടാളൻമാർ വരുമ്പോൾ എന്റെ മക്കൾക്ക് വാതിൽ തുറക്കാതെ ഇരിക്കാമായിരുന്നു’

Tency Jacob

Sub Editor

valayar-mother

നാലു വർഷത്തോളം ഈ നീതിമാൻമാർ എ വിടെയായിരുന്നു? ഇലക്‌ഷന്റെ അന്നു പുലർച്ചെ ഒരു മണിക്ക് എന്നെ മോശമായി ചിത്രീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട തെന്തിനാണ്? ഞാൻ പിണറായിക്കെതിരെ മത്സരിച്ചതാണോ കാരണം? ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.’’ വാക്കിൽ നീതിയുടെ കൊളുത്തുള്ള ഉറച്ച ശബ്ദമായിരുന്നു ആ അമ്മയുടേത്.

‘‘എവിടെ നോക്കിയാലും എന്റെ മക്കളുടെ മുഖമാണ്. തല മുണ്ഡനം ചെയ്ത ദിവസവും ‘അമ്മാ’ എന്നു കൊഞ്ചിക്കൊണ്ട് എന്റെ മക്കൾ വന്നിരുന്നു. അവരെവിടെയാണു നിൽക്കുന്നതെന്നോ, കൂടെ ആരാണുള്ളതെന്നോ എനിക്കു മനസ്സിലായില്ല.‘മക്കളെവിടെയാ?’എന്നു ചോദിച്ച് പിടഞ്ഞെണീറ്റപ്പോഴേക്കും അവരെ കാണാതായി.’’പുലർച്ചെയുടെ വെളിച്ചത്തിലും തണുപ്പിലുമിരുന്നു, ഭാഗ്യവതി എന്ന അമ്മ മരിച്ചു പോയ മക്കളെ കുറിച്ചു പറഞ്ഞുതുടങ്ങി. ആ സമയം പഴുത്ത പേരയ്ക്കാമണമുള്ള കാറ്റ് ഞങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞു.

‘‘എന്റെ മക്കൾ നട്ടു നനച്ചു വളർത്തിയ മരമാണത്.’’ ആ അമ്മ മുറ്റത്തെ പേരമരം ചൂണ്ടി കാണിച്ചു.‘‘പോകുന്ന അന്നു വരെ എന്റെ മകൾ അതിനു വെള്ളമൊഴിച്ചിരുന്നു.’’ അമ്മയുടെ കണ്ണിൽ നിന്നു സങ്കടത്തിന്റെ ചോര പൊടിയാൻ തുടങ്ങി. ത കര ഷീറ്റുകൾ കൊണ്ടു മറച്ച ഷെഡ്ഡിനു നേർക്കുറച്ചു അമ്മയുടെ നോട്ടം. അവിടെയായിരുന്നു പന്ത്രണ്ടും എട്ടും വയസ്സുള്ള അമ്മയുടെ രണ്ടു പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടത്.

അതു സംഭവിച്ചിരുന്നെങ്കിൽ, എന്റെ മക്കൾ ജീവിച്ചിരുന്നേനേ...

മുറ്റത്തെ ചെടികൾക്ക് വേനലിന്റെ വാട്ടം കണ്ടു വെള്ളമൊഴിച്ചു കൊടുത്തിട്ട് അമ്മ ഇറയത്തു വന്നിരുന്നു.‘‘2012ലാണ് ഈ വീടു വയ്ക്കാനുള്ള ലോൺ പാസായത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി കിട്ടിയ സ്ഥലമാണ് ഈ മൂന്നുസെന്റ്. വീടിന്റെ വലുപ്പം 450 സ്ക്വയർഫീറ്റ് എന്നു നിർബന്ധമുണ്ട്. ഞങ്ങൾക്ക് മൂന്നു മക്കളാണ്. അവർ ഓരോ മുറികൾക്കായി ആശ പറയുന്നതു കേട്ടപ്പോൾ ചെയ്യാതിരിക്കാൻ തോന്നിയില്ല.

ഞാനും ഭർത്താവും വാർക്കപ്പണിക്കു പോകുന്നവരാണ്.വീടിന്റെ പണി പകുതിയും ഞങ്ങൾ തന്നെയാണ് ചെയ്തത്. പണിതു വന്നപ്പോൾ 650 സ്ക്വയർഫീറ്റായി. അതിന്റെ പേരിൽ ബാക്കി പണം കിട്ടിയില്ല.‘ബാക്കി പൈസ തന്നില്ലേലും കുഴ പ്പമില്ല. എന്റെ മൂന്നു മക്കൾക്ക് കയറിക്കിടക്കാൻ ഓരോ മുറി ഉണ്ടാകട്ടെ.’ അങ്ങനെ പറഞ്ഞു ഞാൻ പോന്നു.

വീടുപണി പാതി വഴിയിൽ നിർത്തി വയ്ക്കേണ്ടി വന്നു.അ ന്നു ബാക്കി പൈസ തന്നിരുന്നേൽ എങ്ങനേലും പണി കഴിച്ച് ആ തകര ഷെഡ്ഡിൽ നിന്ന് ഈ അടച്ചുറപ്പുള്ള വീട്ടിലേക്കു താമസം മാറിയേനേ. ആ കാട്ടാളൻമാർ വരുമ്പോൾ എന്റെ മക്കൾക്ക് വാതിൽ തുറക്കാതിരിക്കാമായിരുന്നു.

ഒഴിവു ദിവസമായാൽ മൂന്നു മക്കളും ‘എന്റെ മുറി’ എന്നു പറഞ്ഞ് പണി തീരാത്ത വീട്ടിലെ ഓരോ മുറിയിൽ കയറി കളിച്ചു കൊണ്ടിരിക്കും .മക്കൾ മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ ചിട്ടി പിടിച്ചും മറ്റും പണി പൂർത്തിയാക്കി ഈ വീട്ടിൽ താമസിക്കാൻ തുടങ്ങി. എന്റെ അമ്മുക്കുട്ടിക്കും സ്വത്തുക്കുട്ടിക്കും കി ടന്നുറങ്ങാൻ യോഗമില്ലാത്ത മുറികളിൽ കിടന്നാലും സ്വസ്ഥതയില്ലാതായി. ഞങ്ങളിപ്പോൾ ഹാളിലാണ് കിടക്കുന്നത്.

ജനിച്ചു വളർന്നത് ഈ നാട്ടിൽ തന്നെയാണ്. അ‍ഞ്ചാം ക്ലാസു വിദ്യാഭ്യാസമേ ഉള്ളൂ. എന്റെ അമ്മ ഹോട്ടലിൽ പാത്രം കഴുകാൻ പോയാണ് വീടു കഴിഞ്ഞു പോയിരുന്നത്. 35 രൂപയാണ് അന്നു ഞങ്ങൾക്കു കിട്ടുന്ന കൂലി. തളർവാതം വന്നു വയ്യാതെ കിടക്കുന്ന അച്ഛനു വേണ്ടി പ്രാർഥിക്കാൻ അടുത്തുള്ള മഠത്തിലെ കന്യാസ്ത്രീമാര് വീട്ടിൽ വന്നു. വീട്ടിലെ അവസ്ഥ കണ്ട് അവരുടെ കൂടെ ചെന്നാൽ 50 രൂപ കൂലിയും വയറു നിറയെ ഭക്ഷണവും നല്ല ഉടുപ്പും തരാം എന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെയാണ് തൃശൂർ ചൂണ്ടലിലുള്ള കന്യാസ്ത്രി മഠത്തിലേക്കു ഞാൻ പണിക്കു പോണത്.

വയ്യാതെ കിടക്കുന്ന അമ്മമാരെ നോക്കണ പണിയായിരുന്നു. അതിലൊരു അമ്മ മരിച്ചപ്പോൾ എനിക്കു വലിയ സങ്കടായി. പിന്നെ, അവിടെ നിൽക്കാൻ തോന്നിയില്ല. എന്നെ ഗുരുവായൂര് ബഥനിയിൽ കൊണ്ടാക്കി. 22 വയസ്സു വരെ അവിടെത്തന്നെയായിരുന്നു. അച്ഛന് അസുഖം കൂടിയപ്പോൾ വീട്ടിലേക്കു പോന്നു.

വീട്ടിൽ പട്ടിണിയായപ്പോൾ കോൺക്രീറ്റു പണിക്കു പോകാൻ തുടങ്ങി. അവിടെ വച്ച് ഒരാളോടു സ്നേഹായി, കല്യാണം കഴിച്ചു. ഒരു മാസം കഴി‍ഞ്ഞപ്പോഴാണ് അയാൾക്ക് വേറെ ഭാര്യയും കുട്ടികളും ഉള്ളത് അറിഞ്ഞത്. ഞാനായിട്ടു തന്നെ ബന്ധം ഒഴിവാക്കി. അയാൾ പോയിക്കഴിഞ്ഞാണ് ഗർഭിണിയാണെന്ന് അറിയുന്നത്. അതും വച്ച് ഞാൻ പണിക്കു പോകും.അ‍ഞ്ചു മാസമായപ്പോൾ എന്റെ കൂടെ കോൺക്രീറ്റു പണി ചെയ്യണ ഒരാള് എന്നോടു ഇഷ്ടം പറഞ്ഞു. വീട്ടിൽ വന്നു ചോദിച്ചോളാൻ ഞാനും പറഞ്ഞു. അങ്ങനെ ഷാജി ഏട്ടൻ വീട്ടിൽ വ ന്നു പെണ്ണു ചോദിച്ചു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞു നാലു മാസമാകുന്നതിനു മുന്നേ ഞാൻ പ്രസവിച്ചു. അമ്മുക്കുട്ടീന്നു വിളിക്കുന്ന മൂത്തമോളെ നഴ്സുമാരുടെ കയ്യിൽ നിന്നു വാങ്ങിയത് ഏട്ടനാണ്.’’

പൂർണരൂപം വനിത ഏപ്രിൽ രണ്ടാം ലക്കത്തിൽ